ഒന്‍പത് കുട്ടികള്‍ മരിച്ച അപകടമുണ്ടാക്കിയത് ബിജെപി നേതാവിന്റെ കാര്‍

By Web DeskFirst Published Feb 25, 2018, 11:19 AM IST
Highlights

പാറ്റ്ന: ശനിയാഴ്ച ഒന്‍പത് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ മരിച്ച അപകടമുണ്ടാക്കിയ കാര്‍ ബിജെപി നേതാവിന്റെതാണെന്ന് ആരോപണം. ബിഹാറിലെ മുസഫര്‍പൂര്‍ ജില്ലയില്‍ ഇന്നലെ സ്കൂള്‍ വിട്ട ശേഷം ദേശീയപാത മുറിച്ചുകടക്കാന്‍ കാത്തുനില്‍ക്കുകയായിരുന്ന സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ബൊലേറോ കാര്‍ പാഞ്ഞുകയറിയത്.

അപകടമുണ്ടാക്കിയ വാഹനം സിതാമര്‍ഹി ജില്ലയില്‍ നിന്നുള്ള ബി.ജെ.പി നേതാവ് മനോജ് ബൈതയുടേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. അപകടം നടക്കുമ്പോള്‍  മനോജ് വാഹനത്തിലുണ്ടായിരുന്നുവെന്നും കുട്ടികളെ ഇടിച്ചിട്ടയുടന്‍ ഡ്രൈവര്‍ക്കൊപ്പം ഇയാളും ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നുവെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. ഇരുവരും ഇപ്പോള്‍ ഒളിവിലാണ്. സംഭവത്തില്‍ ഒരാളെ പോലും പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് സര്‍ക്കാറിനെ കുറ്റപ്പെടുത്തുകയും ചെയ്തു.  അപകടം നടക്കുന്ന സമയം വാഹനത്തില്‍ ബി.ജെ.പിയുടെ ബോര്‍ഡ് ഉണ്ടായിരുന്നെന്നും ഡ്രൈവര്‍ മദ്യപിച്ചാണ് വാഹനം ഓടിച്ചിരുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ശനിയാഴ്ച ഉച്ചയ്‌ക്ക് നടന്ന അപകടത്തിന് പിന്നാലെ രക്ഷിതാക്കളും നാട്ടുകാരും സ്കൂള്‍ അടിച്ചു തകര്‍ക്കുകയും അധ്യാപകരെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. മരണപ്പെട്ട കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് മുഖ്യമന്ത്രി നിതീഷ് കുമാര്‍ നാല് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.

click me!