സുപ്രീം കോടതി പറഞ്ഞാലും പൊലീസ് കേള്‍ക്കില്ല; സ്റ്റേഷനുകള്‍ വാഹനങ്ങളുടെ ശവപ്പറമ്പാകുന്നു

Published : Mar 01, 2017, 05:26 AM ISTUpdated : Oct 04, 2018, 05:32 PM IST
സുപ്രീം കോടതി പറഞ്ഞാലും പൊലീസ് കേള്‍ക്കില്ല; സ്റ്റേഷനുകള്‍ വാഹനങ്ങളുടെ ശവപ്പറമ്പാകുന്നു

Synopsis

അടുത്തിടെ കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പില്‍, മണ്ണുകൊണ്ടുപോയതിന് ജെ.സി.ബി അടക്കമുള്ള വാഹനങ്ങള്‍ പൊലീസും വില്ലേജധികൃതരും തുടര്‍ച്ചയായി പിടികൂടിയത് നിയമത്തെക്കുറിച്ച് അറിയാതെയാണെന്ന് തെറ്റ് സമ്മതിച്ച് തലശേരി സബ്കളക്ടര്‍ കോടതിയില്‍ മറുപടി നല്‍കിയിരുന്നു. ജിയോളജിസ്റ്റിന് മാത്രം പിടിക്കാനധികാരമുള്ള വാഹനങ്ങളാണ് അന്ന് പൊലീസ് പിടിച്ചെടുത്തത്. തുടര്‍ച്ചയായി ദ്രോഹിച്ച ഉദ്യോഗസ്ഥരെ ഒടുവില്‍ വാഹനഉടമകള്‍ കോടതി കയറ്റി. പരാതിക്കാര്‍ തല്‍ക്കാലം വന്‍തുക പിഴയടച്ച്, വാഹനങ്ങള്‍ സ്റ്റേഷനില്‍ കിടന്ന് നശിക്കാതെ പുറത്തിറക്കി കേസുമായി ഇപ്പോഴും മുന്നോട്ട് പോകുന്നു.

വാഹനങ്ങളുമായി പിടിക്കപ്പെടുന്ന എല്ലാവരുംനിരപരാധികളും, എല്ലാം അഴിമതിയുമാണെന്ന് പറയാനാവില്ല. പക്ഷേ കേരളത്തിലെ പൊലീസ് സ്റ്റേഷനുകളില്‍ കെട്ടിക്കിടക്കുന്ന വാഹനങ്ങളുടെ കാഴ്ച്ച നമ്മെ ഗൗരവമേറിയ ഒരു പുനര്‍വിചിന്തനത്തിന് പ്രേരിപ്പിക്കും. ആര്‍ക്കും ഉപകാരമില്ലാതെ കോടികള്‍ വിലവരുന്ന പതിനായിരക്കണക്കിന് വാഹനങ്ങളാണ് വെറുതെ കൂട്ടിയിട്ടിരിക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍ ഇത്തരത്തിലുള്ള 3000ത്തിലധികം വാഹനങ്ങളുണ്ട്‍, പാലക്കാട് 4162ഉം  കോട്ടയത്ത് 1400 വാഹനങ്ങള്‍ തുരുമ്പെടുത്ത് നശിക്കുമ്പോള്‍ മലപ്പുറം ജില്ലയില്‍ മൊത്തം വാഹനങ്ങളുടെ കണക്കു പോലുമില്ല. പക്ഷേ ഉടമസ്ഥരില്ലാത്ത വാഹനങ്ങള്‍ മാത്രം 400 എണ്ണത്തോളമുണ്ട്.

കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങള്‍ വേഗത്തില്‍ വിട്ടുനല്‍കണമെന്ന ഡി.ജി.പിയുടെ സര്‍ക്കുലര്‍ നിലനില്‍ക്കെ, ആലപ്പുഴയും കാസര്‍ഗോഡുമടക്കം പലയിടത്തും ഇവയുടെ കൃത്യം കണക്കുപോലുമില്ല. വിചാരണ വേളയില്‍ ഹാജരാക്കാനായി പോലും വാഹനങ്ങള്‍ പൊലീസ് സ്റ്റേഷനുകളില്‍ കുന്നുകൂട്ടിയിടരുതെന്ന് 2010ലാണ്  സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്. ആവശ്യമെങ്കില്‍ വാഹനങ്ങളുടെ ഫോട്ടോ എടുത്തു നല്‍കിയാല്‍ മതിയാകും എന്നു പറഞ്ഞിട്ടുപോലും ഈ വാഹനങ്ങള്‍ നശിക്കാനിട്ടിരിക്കുന്നത് എന്ത് കൊണ്ടാണ്? ഏതുവകുപ്പ് വാഹനം പിടിച്ചാലും കൊണ്ടുതള്ളുന്നത് പൊലീസ് സ്റ്റേഷനിലാണ്. വാഹനം തുരുമ്പെടുത്ത് മണ്ണായി തീര്‍ന്നാലും കേസുകള് തീരില്ല.‍ വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലാത്തതിന്റെ നൂലാമാലകള്‍ വേറെ‍. വാഹന വിലയേക്കാള്‍ വലിയ പിഴ ചുമത്തുമ്പോള്‍ ഉടമകള്‍ പലപ്പോഴും വാഹനം കൈയ്യൊഴിയും. അല്ലെങ്കില്‍ കേസ് തീര്‍ന്ന് വാഹനം കൈയില്‍ക്കിട്ടുമ്പോള്‍ ഒന്നിനും കൊള്ളാതെ ആവുന്നതിനാല്‍ എന്നെന്നേക്കുമായി ഉപേക്ഷിക്കുന്നവരുമുണ്ട്. 

ലേലം ചെയ്ത് വില്‍ക്കാന്‍ തീരുമാനിച്ചാലും വിലനിശ്ചയിക്കാനടക്കം ജീവനക്കാരും സമയവുമില്ലാത്തതിന്റെ പ്രശ്നങ്ങള് വേറെ‍.  മണല്‍ ലോറികളടക്കം റവന്യുവകുപ്പിന്റെ അധികാരത്തിലുള്ള വാഹനങ്ങളാണ് നീക്കാന്‍ പറ്റാത്തവയിലധികവും. മൊത്തം വാഹനങ്ങളുടെ കണക്ക് ഇനം തിരിച്ചെടുത്ത് ക്രോഡീകരിക്കാന്‍ പോലും വെള്ളം കുടിക്കുകയാണ് പൊലീസ്. ഏതെങ്കിലും കേസില്‍പ്പെട്ട് കേരളത്തിലെ പൊലീസ് സ്റ്റേഷനില്‍ പെടുന്ന വാഹനം പിന്നീട് റോഡിലിറങ്ങാന്‍ പാകത്തില്‍ കിട്ടുകയെന്നത് മഹാഭാഗ്യമായി കരുതണമെന്ന സ്ഥിതിയാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഫിറ്റായാൽ' അടുത്ത പെ​​ഗ്ഗിൽ അളവ് കുറയും, മദ്യത്തിന്റെ അളവ് കുറച്ച് തട്ടിപ്പ്, കണ്ണൂരിലെ ബാറിന് 25000 രൂപ പിഴ
ക്രിസ്മസ് ദിനത്തിലെ ആക്രമണം; ഭരണകർത്താക്കൾ പ്രവർത്തിക്കാത്തത് വേദനാജനകമെന്ന് മാർ ആൻഡ്രൂസ് താഴത്ത്, 'എത്ര ആക്രമിച്ചാലും രാജ്യത്തിനുവേണ്ടി നിലകൊള്ളും'