വോട്ടര്‍ പട്ടികയിൽ പേരില്ലെന്ന് വ്യക്തമായതോടെ പെരുമ്പാവൂരിലെ ട്വൻറി 20 സ്ഥാനാർഥി നടി ലക്ഷ്മിപ്രിയയുടെ ഫ്ലക്സ് മാറ്റി. പെരുമ്പാവൂരിലെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിനു മുന്നിലെ ഫ്ലക്സാണ് മാറ്റി സ്ഥാപിച്ചത്

കൊച്ചി: വോട്ടര്‍ പട്ടികയിൽ പേരില്ലെന്ന് വ്യക്തമായതോടെ പെരുമ്പാവൂരിലെ ട്വൻറി 20 സ്ഥാനാർഥി നടി ലക്ഷ്മിപ്രിയയുടെ ഫ്ലക്സ് മാറ്റി. പെരുമ്പാവൂരിലെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിനു മുന്നിലെ ഫ്ലക്സാണ് മാറ്റി സ്ഥാപിച്ചത്. ഇതോടെ ലക്ഷ്മിപ്രിയയുടെ സ്ഥാനാർത്ഥിത്വത്തിൽ സംശയം വന്നിരിക്കുകയാണ്. ലക്ഷ്മി പ്രിയയുടെ ഫോട്ടോ ഉള്ള ഫ്ലക്സാണ് മാറ്റിയിരിക്കുന്നത്. നരേന്ദ്ര മോദിയും സംസ്ഥാന നേതാക്കളുമുള്ള ഫോട്ടോ പകരം സ്ഥാപിച്ചിട്ടുമുണ്ട്. എന്നാല്‍ വിഷയത്തില്‍ ട്വന്‍റി 20 നേതാക്കൾ പ്രതികരണത്തിന് തയ്യാറായിട്ടില്ല.

വോട്ടർ പട്ടികയിൽ പേരില്ലാത്തവർക്ക് തിങ്കളാഴ്ച വരെ വോട്ടർ പട്ടികയിൽ ഫോം 6 പ്രകാരം പേര് ചേർക്കാൻ കഴിയും. ഓൺലൈനായി രേഖകൾ സമർപ്പിച്ചാൽ നോമിനേഷൻ അവസാന തീയതിയായ തിങ്കളാഴ്ചയ്ക്ക് മുൻപ് പേര് ഉൾപ്പെടുത്താൻ കഴിയുമെന്നാണ് റവന്യൂ ഉദ്യോഗസ്ഥർ പറയുന്നത്. വിഷയത്തില്‍ ലക്ഷ്മിപ്രിയയും പ്രതികരിച്ചിട്ടില്ല. തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിൽ ആണ് നിലവിൽ ലക്ഷ്മിപ്രിയയുടെ താമസം. ഇവിടത്തെ വോട്ടർപട്ടികയിൽ ലക്ഷ്മി പ്രിയയുടെ പേരില്ലെന്ന സ്ഥിരീകരണമാണ് പുറത്തുവന്നത്. തൃക്കാക്കരിയിലെ ഫ്ലാറ്റുണ്ടായിരുന്ന പ്രദേശത്തും പേര് വിവരങ്ങൾ ലിസ്റ്റിലില്ല എന്നാണ് വിവരം. തുടർന്ന് ഇന്ന് നടത്താനിരുന്ന ലക്ഷ്മിപ്രിയയുടെ റോഡ് ഷോ റദ്ദാക്കി. ആരോ​ഗ്യപ്രശ്നങ്ങളുള്ളതിനാലാണ് റോഡ് ഷോ റദ്ദാക്കിയതെന്നാണ് വിശദീകരണം. ഇന്നലെയാണ് സാബു എം ജേക്കബ് ലക്ഷ്മിപ്രിയയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്.

സിനിമാ സീരിയല്‍ താരങ്ങള്‍ക്ക് കൂട്ടത്തോടെ സീറ്റ് നല്‍കി ബിജെപി ഘടകകക്ഷിയായ ട്വന്‍റി 20 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ തൃപ്പൂണിത്തുറയില്‍ സിനിമാ താരം അഞ്ജലി നായരാണ് സ്ഥാനാര്‍ഥി. കൂടുതല്‍ സെലിബ്രിറ്റികള്‍ പാര്‍ട്ടിയുടെ ഭാഗമായി ഇനിയും മല്‍സരരംഗത്തുണ്ടാകുമെന്ന് ട്വന്‍റി 20 നേതൃത്വം അവകാശപ്പെട്ടു. തൃപ്പൂണിത്തുറയില്‍ അഞ്ജലി നായര്‍, പെരുമ്പാവൂരില്‍ ലക്ഷ്മി പ്രിയ, ഏറ്റുമാനൂരില്‍ വീണ നായര്‍, അങ്കമാലിയില്‍ പ്രോമി കുര്യാക്കോസ്. അഖില്‍ മാരാര്‍ക്ക് പിന്നാലെയാണ് കൂടുതല്‍ സിനിമ സീരിയല്‍ സോഷ്യല്‍ മീഡിയ താരങ്ങളെ ട്വന്‍റി ട്വന്‍റി മല്‍സരിക്കാനിറക്കിയത്.

YouTube video player