Latest Videos

"പൂട്ടാനിതെന്താ ചായക്കടയോ മാടക്കടയോ ആണോ?" ആഞ്ഞടിച്ച് വെള്ളാപ്പള്ളി

By Web TeamFirst Published Oct 23, 2018, 10:28 PM IST
Highlights

ശബരിമല സ്ത്രീ പ്രവേശനവിഷയത്തില്‍ തന്ത്രിക്കും സമരക്കാര്‍ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സത്രീകള്‍ പ്രവേശിച്ചാല്‍ ക്ഷേത്രം അടച്ചു പൂട്ടുമെന്നാണ് തന്ത്രി പറയുന്നത്. ഇതെന്താ ചായക്കടയോ മാടക്കടയോ മറ്റോ ആണോ തോന്നുമ്പോള്‍ പൂട്ടിയിടാനെന്ന് വെള്ളാപ്പള്ളി ചോദിച്ചു. ഏഷ്യാനെറ്റ് ന്യൂസിന്‍റെ 'ചുരം' എന്ന പരിപാടിയിലാണ് രൂക്ഷവിമര്‍ശനങ്ങളുമായി വെള്ളാപ്പള്ളി രംഗത്തെത്തിയത്.

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവിഷയത്തില്‍ തന്ത്രിക്കും സമരക്കാര്‍ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സത്രീകള്‍ പ്രവേശിച്ചാല്‍ ക്ഷേത്രം അടച്ചു പൂട്ടുമെന്നാണ് തന്ത്രി പറയുന്നത്. ഇതെന്താ ചായക്കടയോ മാടക്കടയോ മറ്റോ ആണോ തോന്നുമ്പോള്‍ പൂട്ടിയിടാനെന്ന് വെള്ളാപ്പള്ളി ചോദിച്ചു. ഏഷ്യാനെറ്റ് ന്യൂസിന്‍റെ 'ചുരം' എന്ന പരിപാടിയിലാണ് രൂക്ഷവിമര്‍ശനങ്ങളുമായി വെള്ളാപ്പള്ളി രംഗത്തെത്തിയത്.

വെറുമൊരു സവര്‍ണസമരം മാത്രമല്ലിത്. സാമ്പത്തിക നേട്ടത്തിനു മുന്നോക്കക്കാര്‍ ശ്രമിക്കുമ്പോള്‍ രാഷ്ട്രീയ നേട്ടത്തിനു വേണ്ടി ചില രാഷ്ട്രീയക്കാര്‍ ശ്രമിക്കുകയാണ്. ആധിപത്യം സ്ഥാപിക്കാനാണ് പന്തളം രാജാവിന്‍റെ ശ്രമം. എന്നാല്‍ തന്ത്രിയുടെ വിചാരം ഞാനാണിതിന്‍റെയെല്ലാം തന്തയെന്നാണ്. താനാണിവിടത്തെ എല്ലാമെന്നു സ്ഥാപിക്കാനാണ് തന്ത്രി കുടുംബം ശ്രമിക്കുന്നത്. ഇവര്‍ക്കൊപ്പം  മുന്നോക്ക സമുദായത്തിലെ സവര്‍ണ ശക്തികളുമുണ്ട്. ഇവരെല്ലാം ഒരൊറ്റ കണ്ണികളാണ്.

അധികാരക്കുത്തക നിലനിര്‍ത്താനുള്ള സമരം മാത്രമാണ് ശബരിമലയില്‍ നടക്കുന്നത്, അല്ലാതെ അയ്യപ്പനെ നന്നാക്കാനല്ല. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിയമനത്തിലെ 96 ശതമാനവും കൈയ്യടക്കിവച്ചിരിക്കുന്നത് ഒരൊറ്റ സമുദായം മാത്രമാണ്. മുഴുവന്‍ മുന്നോക്കസമുദായ നിയമനമാണ്. പിന്നോക്കക്കാരന്‍ വെറും നാല് ശതമാനം മാത്രമേയുള്ളൂ. അതായത് യതാര്‍ത്ഥ ക്ഷേത്രപ്രവേശനം ഇന്നും പിന്നോക്കാരന് സാധ്യമായിട്ടില്ല. 

24000 മുതല്‍ ഒരു ലക്ഷം വരെ ശമ്പളം വാങ്ങുന്നവര്‍ ദേവസ്വം ബോര്‍ഡിലുണ്ട്. എല്ലാം ഒരു പ്രത്യേക സമുദായം കൈക്കലാക്കി വച്ചിരിക്കുന്നു. ശബരിമലയിലെ നിയമനങ്ങള്‍ പിഎസ്‍സിക്കു വിടണമെന്ന ആവശ്യത്തിന് ഒരുപടുകാലത്തെ പഴക്കമുണ്ട്. അപ്പോള്‍ മറ്റു മതങ്ങളിലുള്ളവര്‍ കൂടി പരീക്ഷ എഴുതുമെന്ന് പറഞ്ഞ് ഭിന്നിപ്പുണ്ടാക്കി അതു നശിപ്പിച്ചു.

പൂജാരിയുടെ ജോലിക്ക് ഞങ്ങളിലൊരാള്‍ അപേക്ഷ കൊടുത്തപ്പോള്‍ അതു തള്ളി. ഇന്‍റര്‍വ്യൂവും കഴിഞ്ഞ് ഒരു ദളിതനെ പൂജാരിയായി പോസ്റ്റ് ചെയ്തിട്ട് അയാളെ ചാര്‍ജ്ജെടുക്കാന്‍ അനുവദിച്ചോ? അവര്‍ക്ക് ആവശ്യമുള്ളപ്പോള്‍ നമ്മളെല്ലാം ഹിന്ദു. അല്ലാത്തപ്പോള്‍ നമ്മളെല്ലാം ജന്തു. വെള്ളാപ്പള്ളി തുറന്നടിച്ചു.

എള്ളുണങ്ങുന്നത് എണ്ണയ്ക്കാണെന്നും പാറ്റാക്കാട്ടം ഉണങ്ങുന്നത് എന്തിനാണെന്നും ചോദിച്ച വെള്ളാപ്പള്ളി സമരത്തിനു പോയവര്‍ക്കൊക്കെ പലവിധത്തില്‍ നേട്ടമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ചില പ്രത്യേക കേന്ദ്രങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സമരം തുടങ്ങിയത്. അതിനു ആദിവാസികള്‍ ഉള്‍പ്പെടെയുള്ള ചിലരെ ബലിയാടുകളാക്കി ആദ്യമിറക്കി. സമരം ക്ലച്ച് പിടിക്കുമെന്നു കണ്ട് പിന്നീട് കരയോഗങ്ങളൊക്കെ ഒപ്പം കൂടുകയായിരുന്നുവെന്നും വെള്ളാപ്പള്ളി പറയുന്നു.

 

ബിഡിജെഎസ് രാഷ്ട്രീയക്കാരാണെന്നും അവര്‍ ബിജെപിയുടെ ഭാഗമാണെന്നും എന്നാല്‍ തങ്ങള്‍ സമുദായക്കാരാണെന്നും തങ്ങള്‍ക്ക് തങ്ങളുടേതായ അഭിപ്രായമുണ്ടെന്നും വെള്ളാപ്പള്ളി വ്യക്തമാക്കുന്നു.

click me!