
തിരുവനന്തപുരം: ക്രിസ്ത്യന്‍, മുസ്ലീം സമുദായങ്ങളെ ഉള്‍പ്പെടുത്തി നവോത്ഥാന മൂല്യ സംരക്ഷണ സമിതി വിപുലീകരിക്കാന്‍ തീരുമാനിച്ചതായി വെള്ളപ്പള്ളി നടേശന്‍. വനിതാമതിലിന്‍റെ തുടർച്ച തീരുമാനിക്കാൻ മുഖ്യമന്ത്രിയുമായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
താലൂക്ക് തലം മുതൽ സംസ്ഥാന തലം വരെ നവോത്ഥാന സമിതികൾ രൂപീകരിക്കും. ഇതിനായി ഒമ്പതംഗ സെക്രട്ടേറിയറ്റിന് രൂപം നൽകും. നവോത്ഥാന സമിതിയിൽ ക്രിസ്ത്യൻ മുസ്ലിം വിഭാഗങ്ങളെയും ഉൾപ്പെടുത്താനും യോഗം തീരുമാനിച്ചതായി വെള്ളാപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
മാർച്ച് 15നകം കമ്മിറ്റികൾ രൂപീകരിക്കും. സമാന ചിന്താഗതിക്കാരായ ക്രിസ്ത്യന്‍, മുസ്ലീം സമുദായങ്ങളെ കൂടി ഉള്‍പ്പെടുത്തി സമിതി വിപുലീകരിക്കാനാണ് തീരുമാനം. നവോത്ഥാന മൂല്യങ്ങള്‍ ഊട്ടി ഉറപ്പിച്ച് ജനഹൃദയങ്ങളില്‍ ആശയങ്ങളെത്തിക്കുകയാണ് ലക്ഷ്യം. ജാതിവിഭാഗീയതയില്ലെതെ മുന്നോട്ട് പോകാനുള്ള കൂട്ടായ യജ്ഞം നടത്താന്‍ തീരുമാനിച്ചതായും വെള്ളാപ്പള്ളി പറഞ്ഞു.
'യുവതീ പ്രവേശനം നടന്നതോടെ മതില്‍ പൊളിഞ്ഞു എന്ന് നേരത്തേ പറഞ്ഞിരുന്നുവല്ലോ' എന്ന ചോദ്യത്തിന് ശബരിമല അടച്ചതോടെ ആ വിഷയം അവസാനിച്ചുവെന്നും മതില്‍ ഗംഭീരം ആയിരുന്നുവെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി. ലോകം കണ്ടതില്‍ വച്ച് അത്ഭുതമായിരുന്നു വനിതാ മതിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നവോത്ഥാന സമിതിയിലേക്ക് എന്‍ എസ് എസ് വന്നാല്‍ സ്വാഗതം ചെയ്തേക്കും. ആര്‍ക്ക് മുന്നിലും കതക് അടച്ചിട്ടില്ല. ഈ ആശയവുമായി ചേര്‍ന്ന് പോകുന്നവര്‍ക്ക് വരാം. ഇതില്‍ വിവിധ രാഷ്ട്രീയ പ്രവര്‍ത്തകരുണ്ട്. നവോത്ഥാന മൂല്യങ്ങള്‍ ജനങ്ങളിലേക്കെത്താന്‍ എത്ര കാലം എടുക്കുമോ അത്രയും കാലം പ്രവര്‍ത്തിക്കും. ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാലും തുടരുമെന്നും ഒരു ലക്ഷ്മണ രേഖ വരയ്ക്കരുതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam