
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ബിജെപിയെ പ്രതിരോധത്തിലാക്കിയ നീക്കമായിരുന്നു ഭാരതീയ ധർമ്മ ജനസേന(ബിഡിജെഎസ്)യുടേത്. ആദ്യം ബിജെപിക്ക് പിന്തുണ നൽകുമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് ആ പ്രഖ്യാപനം ബിഡിജെ എസ് പിൻവലിക്കുകയായിരുന്നു. ബിഡിജെസിന്റെ വോട്ടുകൾ നിർണ്ണായകമായിരുന്നു എന്ന് തന്നെയാണ് വെള്ളാപ്പള്ളി നടേശൻ വിലയിരുത്തൽ.
ബിജെപിയ്ക്ക് വോട്ട് കുറയാനുണ്ടായ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് വെള്ളാപ്പള്ളി നടേശൻ പറയുന്നു. ''ഒന്നായി നിന്നാലല്ലേ നന്നാകാൻ സാധിക്കൂ. ഒന്നാകാൻ കഴിയാത്തിടത്തോളം കാലം അതിന്റെ കുറവുകൾ ഉണ്ടാകും. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വോട്ടു പോലും ബിജെപിക്ക് നേടാൻ കഴിഞ്ഞില്ല. എണ്ണായിരം വോട്ടെങ്കിലും കൂടുതൽ കിട്ടേണ്ടതായിരുന്നു. ബിഡിജെഎസ് ഒന്നുമല്ല എന്ന് അവർക്കൊരു വിചാരമുണ്ടായിരുന്നു . ആരുടെയും പിന്തുണയില്ലാതെ ഞങ്ങൾക്കിവിടെ വോട്ട് കിട്ടുമെന്ന് പാർട്ടിയിലെ പ്രാദേശിക നേതാക്കൾ കരുതി. അതിന് കിട്ടിയ തിരിച്ചടിയാണിത്. പുതിയ വോട്ട് ഒന്നും തന്നെ കിട്ടിയില്ല. ബിജെപിയെ സംബന്ധിച്ച് വലിയൊരു തോൽവിയാണ്.'' വെള്ളാപ്പള്ളി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനോട് വെളിപ്പെടുത്തി.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടുകൾ നിലനിർത്താൻ കോൺഗ്രസിനായി എന്നും വെള്ളാപ്പിള്ളി വിലയിരുത്തുന്നു. ബിജെപിക്ക് കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ പതിനായിരത്തിലധികം വോട്ടുകൾ കുറഞ്ഞും പോയി. അത് എൽഡിഎഫിലേക്ക് ചെന്നുചേർന്നു. അതൊടൊപ്പം തന്നെ ഇത്തവണത്തെ വോട്ടിംഗ് ശതമാനം വർദ്ധിച്ചപ്പോൾ ലഭിച്ച വോട്ടും പുതുതായി വന്നു ചേർന്ന വോട്ടും എല്ലാം കൂടി എൽഡിഎഫിൽ ചെന്നു ചേർന്നപ്പോൾ അത് ഇരുപതിനായിരത്തിന് മുകളിലായി. അങ്ങനെയാണ് അവർക്ക് ഭൂരിപക്ഷം കിട്ടിയത്. അതുപോലെ കഴിഞ്ഞ തെരെഞ്ഞെടുപ്പിലെ വോട്ട് പിടിച്ചിട്ടുണ്ട്. മാത്രമല്ല, അവർ അയ്യായിരം വോട്ട് കൂടുതലും നേടിയിട്ടുണ്ട്. ബിജെപിക്ക് കഴിഞ്ഞ തവണത്തെ വോട്ട് പിടിക്കാൻ സാധിച്ചില്ല. പോളിംഗ് ശതമാനം വർദ്ധിച്ചപ്പോൾ ലഭിച്ച വോട്ടുകളും പുതിയ വോട്ടുകളും ചേർന്നപ്പോൾ സജി ചെറിയാൻ ഭൂരിപക്ഷത്തോടെ വിജയിച്ചതാണെന്നായിരുന്നു വെള്ളാപ്പിള്ളിയുടെ വിലയിരുത്തൽ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam