അമേരിക്കയുമായുള്ള നയതന്ത്ര ബന്ധങ്ങൾ വെനസ്വല അവസാനിപ്പിച്ചു

By Web TeamFirst Published Jan 24, 2019, 10:37 AM IST
Highlights

വെനസ്വലൻ പ്രതിപക്ഷ നേതാവ് ജുവാൻ ഗ്വഡോ പ്രസിൻറായി സ്വയം പ്രഖ്യാപിച്ച നടപടിയെ അമേരിക്ക പിന്തുണച്ചതാണ് നിക്കോളാസ് മഡുറോയെ ചൊടിപ്പിച്ചത്. അമേരിക്കൻ ഉദ്യോഗസ്ഥർ 72 മണിക്കൂറിനകം രാജ്യം വിടണമെന്ന് കർശന നിർ‍ദേശവും മഡുറോ നൽകിയിട്ടുണ്ട്. 

കാരക്കാസ്: അമേരിക്കയുമായുള്ള നയതന്ത്ര ബന്ധങ്ങൾ അവസാനിപ്പിക്കുകയാണെന്ന് വെനസ്വേലൻ പ്രസിഡന്‍റ് നിക്കോളാസ് മഡുറോ. അമേരിക്കൻ ഉദ്യോഗസ്ഥർ 72 മണിക്കൂറിനകം രാജ്യം വിടണമെന്ന് കർശന നിർ‍ദേശവും മഡുറോ നൽകിയിട്ടുണ്ട്. മഡുറോയുടെ സാമ്പത്തിക നയങ്ങളെ എതിർക്കുന്ന പ്രതിപക്ഷ നേതാവ് ജുവാൻ ഗ്വഡോ പ്രസിൻറായി സ്വയം പ്രഖ്യാപിച്ചിരുന്നു. ജുവാൻ ഗ്വാഡോയുടെ ഈ നീക്കത്തിന് അമേരിക്ക പിന്തുണ പ്രഖ്യാപിച്ചതാണ് മഡുറോയെ ചൊടിപ്പിച്ചത്.

ഏതായാലും വെനസ്വലയിൽ നാളുകളായി തുടരുന്ന ഭരണവിരുദ്ധ വികാരം പ്രതിപക്ഷ നേതാവിന്‍റെ നീക്കത്തോടെ പുതിയ വഴിത്തിരിവിൽ എത്തിയിരിക്കുകയാണ്. വെനസ്വലയിലെ ഭരണവിരുദ്ധ പ്രക്ഷോഭങ്ങൾക്കും അമേരിക്ക പിന്തുണ നൽകിയിരുന്നു. അമേരിക്കയുടെ നിതാന്ത വിമർശകനാണ് നിക്കോളാസ് മഡുറോ. അമേരിക്കയുമായുള്ള ബന്ധത്തിൽ ചില തിരുത്തലുകൾ വേണ്ടിവരുമെനന് നേരത്തെതന്നെ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. അമേരിക്കയ്ക്ക് പുറമേ കാനഡയും അ‍ർജന്‍റീനയും ബ്രസീലും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഗ്വാഡോയെ ഇടക്കാല പ്രസിഡന്‍റായി അംഗീകരിച്ചിട്ടുണ്ട്.

അതേമസയം ജുവാൻ ഗ്വഡോയെ പിന്തുണയ്ക്കുന്ന അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ നടപടി ഒരു കാരണവശാലും അംഗീകരിക്കാനാകില്ല എന്ന നിലപാടിലാണ് മഡുറോയുടെ ഭരണകൂടം. ഇതിനിടയിലും മഡുറോ സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കെതിരായ പ്രതിഷേധം വെനസ്വലയിൽ തുടരുകയാണ്. സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിലെ അക്രമസംഭവങ്ങളിൽ ഇന്നലെ മാത്രം വെനസ്വലയിൽ 13 പേരാണ് മരിച്ചത്.

click me!