വെനസ്വേലയിലെ യുവതികള്‍ ശരീരം വില്‍ക്കാന്‍ അതിര്‍ത്തി കടക്കുന്നു

By Web DeskFirst Published Aug 10, 2017, 7:19 PM IST
Highlights

കരക്കാസ്: വെനസ്വേലയിലെ യുവതികള്‍ ശരീരം വില്‍ക്കാന്‍ കൊളംബിയയിലേക്ക് പാലായനം ചെയ്യുന്നു. 18 വയസ്സിന് മുകളിലുള്ളവരുടെ വേശ്യാവൃത്തി നിയമപരമായ കൊളംബിയയില്‍ നിയമം മറികടന്ന് വെനസ്വേലയിലെ ഒമ്പതു വയസ്സു മുതലുള്ള പെണ്‍കുട്ടികള്‍ വരെ വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുന്നതായും ഉപജീവനം കഴിയുന്നതായും ദി ഇക്കണോമിസ്റ്റ് പുറത്തുവിട്ടിട്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. കഴി‌ഞ്ഞ മാസം പുറത്തുവന്ന റിപ്പോര്‍ട്ടില്‍   യുകെ മാധ്യമമായ ചാനല്‍ 4 നടത്തിയ അന്വേഷണാത്മക റിപ്പോര്‍ട്ടും ഇപ്പോള്‍ ചര്‍ച്ചയാകുന്നുണ്ട്.

വെനസ്വേലയില്‍ നിന്നും  മെഡലിനിലെ പാര്‍ക്ക് പാബ്‌ളാഡോയില്‍ എത്തിവയരാണ് ബാര്‍ബറയും സോഫിയയും വെനസ്വേലയന്‍ തലസ്ഥാനമായ കാരാകാസില്‍  ഒരു ബ്യൂട്ടിഷോപ്പിന്‍റെ  ഉടമകളായിരുന്ന ഇവര്‍ അവിടെ പോളിഷും ഷാമ്പുവും കൊണ്ട് ചെയ്തിരുന്ന ജോലിയുടെ വരുമാനം ആഹാരത്തിനും മരുന്നിനും തികയുമായിരുന്നില്ല.  എന്നാല്‍ മെഡലിനില്‍ എത്തി ലൈംഗികത്തൊഴിലാളിയാതോടെ  വെനസ്വേലയില്‍ ഒരു മാസം സമ്പാദിച്ചിരുന്ന തുക കൊളംബിയയില്‍ ഒരു മണിക്കൂര്‍ കൊണ്ട് നേടുന്നു.

18 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് വേശ്യാവൃത്തി നിയമപരമായി അനുവദിക്കപ്പെടുന്നതെങ്കിലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ഒരു വലിയ വിപണിയാണ് കൊളംബിയയിലെ മെഡലിയന്‍.  ഒമ്പതു വയസ്സുള്ള കുട്ടികള്‍ക്കാണ് ഇവിടെ ഡിമാന്റ് എന്നായിരുന്നു. വെനസ്വേലയില്‍ നിന്നും 4,500 യുവതികളാണ് കൊളംബിയയില്‍ വേശ്യാവൃത്തി ചെയ്യുന്നത്. 

രണ്ടു രാജ്യങ്ങളിലൂം ലൈംഗിക വ്യാപാരം അനുവദനീയമാണെങ്കിലും അടുത്തിടെ അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ കൊളംബിയന്‍ പോലീസ് വെനസ്വേലിയന്‍ സ്ത്രീകളെ നാടുകടത്തുന്നത് പതിവായിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ഏപ്രിലില്‍ വര്‍ക്ക് വിസയുള്ള വെനസ്വേലിയന്‍ ലൈംഗികത്തൊഴിലാളികള്‍ക്ക് കൊളംബിയയില്‍ ജോലി ചെയ്യാനാകുമെന്ന് കൊളംബിയന്‍ കോടതി വിധി പുറപ്പെടുവിച്ചു. കൊളംബിയയിലെ അതിര്‍ത്തി നഗരമായ കുക്കുട്ടയില്‍ നിന്നും ഒരു മണിക്കൂര്‍ മാത്രം ദൂരമുള്ള ചിനാക്കോട്ടയില്‍ നിന്നുമായിരുന്നു കേസിനാസ്പദമായ സംഭവം തുടങ്ങിയത്. 

കഴിഞ്ഞവര്‍ഷം ഇവിടുത്തെ വേശ്യാലയം കൂടിയായിരുന്നു ടാബര്‍ണാ ബാര്‍ലോവെന്റോ എന്ന ബാര്‍ നഗരസഭാ തലവന്‍ നിയമലംഘനം ആരോപിച്ചു അടച്ചു പൂട്ടിക്കളഞ്ഞു. ബാറിന്റെ ഉടമസ്ഥയായ നെല്‍സി എസ്‌പെരാന്‍സാ ഡെല്‍ഗാഡോയും കൂട്ടത്തില്‍ ഇവര്‍ക്ക് വേണ്ടി വേശ്യാവൃത്തി ചെയ്തിരുന്ന നാല് വെനസ്വേലക്കാരികളും വഴിയാധാരമായി. ഡെല്‍ഗാഡോ മടിച്ചിരുന്നില്ല. പകരം നിയമനടപടിക്ക് പോയി. ഒടുവില്‍ കോടതിയുടെ സഹായത്തോടെ മദ്യവും മദിരാക്ഷിയും നല്‍കിയിരുന്ന നാലു മുറികളുള്ള ബാര്‍ തിരിച്ചു പിടിച്ചു.

തങ്ങള്‍ക്ക് ഇതല്ലാതെ മറ്റൊരു വരുമാനമില്ലെന്ന ഇവരുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. കൊളംബിയയിലെ വെനസ്വേലിയന്‍ അസോസിയേഷന്‍റെ കണക്കുകള്‍ പ്രകാരം 1.5 ദശലക്ഷം വെനസ്വേലക്കാര്‍ കൊളംബിയയിലുണ്ട്. ഇവരില്‍ 40 ശതമാനത്തിനും ശരിയായ രേഖകളില്ല. ലൈംഗികത്തൊഴിലാളികള്‍ക്ക് പുറമേ ഇലക്ട്രീഷ്യന്‍മാര്‍, മെക്കാനിക്കുകള്‍, കച്ചവടക്കാര്‍ എന്നിവരെല്ലാം കൊളംബിയില്‍ ജീവിതം തേടുന്നു. ഇവരെല്ലാം നാണ്യപ്പെരുപ്പം 700 ശതമാനം കടന്നിരിക്കുന്ന വെനസ്വേലയുടെ കറന്‍സി ബൊളിവറിനെ ഓര്‍ത്ത് വിഷമിക്കുന്നവരാണ്. സാമ്പത്തിക വളര്‍ച്ച മന്ദഗതിയില്‍ പോകുന്ന വെനസ്വേലയില്‍ തൊഴില്ലായ്മ 9.4 ശതമാനമാണ്.

കൊളംബിയന്‍ അധികൃതര്‍ മതിയായ രേഖകളില്ലാ എന്ന് ആരോപിച്ച് എത്ര തന്നെ പുറത്താക്കിയാലും വെനസ്വേലയിലെ കടുത്ത ദാരിദ്ര്യം നിമിത്തം മിക്കവരും തിരിച്ചുവരികയാണ് പതിവ്. അതിര്‍ത്തി കടന്നുള്ള വെനിസ്വേലക്കാരികളുടെ ഈ ഒഴുക്ക് ഇപ്പോള്‍ കൊളംബിയക്കാര്‍ക്ക് ശീലമായി തുടങ്ങി.  വെനസ്വേലക്കാര്‍ 20 മിനിറ്റിന് 10-13 ഡോളര്‍ വരെ ഈടാക്കുമ്പോള്‍ കൊളംബിയക്കാര്‍ 13-17 ഡോളറാണ് നിരക്ക് ഈടാക്കുന്നത്. വെനസ്വേലക്കാരുടെ ഈ ഇടപെടലില്‍ തങ്ങളും നിരക്ക് കുറയ്‌ക്കേണ്ട അവസ്ഥയിലാണെന്ന് കൊളംബിയക്കാര്‍ പറയുന്നു.

click me!