ഹിസ്ബുള്ളയിലെ ബദർ യൂണിറ്റിലെ ആയുധ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നത് ഇയാളുടെ സഹോദരൻ ഇബ്രാഹിം മുഹമ്മദ് ഗസാലിയാണെന്ന് ഐഡിഎഫ് വാദിക്കുന്നത്
മിഷിഗൺ: മിഷിഗണിലെ സിനഗോഗ് ആക്രമിച്ച വ്യക്തിയുടെ സഹോദരൻ ഹിസ്ബുള്ള കമാൻഡറാണെന്ന അവകാശവാദവുമായി ഇസ്രയേൽ പ്രതിരോധ സേന. കഴിഞ്ഞ ആഴ്ച വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഹിസ്ബുള്ള കമാൻഡറിന്റെ സഹോദരനാണ് സിനഗോഗിലേക്ക് സ്ഫോടക വസ്തുക്കളുമായി കാർ ഓടിച്ച് കയറ്റി കൊല്ലപ്പെട്ട അയ്മൻ മുഹമ്മദ് ഗസാലി എന്നാണ് ഇസ്രയേൽ പ്രതിരോധ സേന അവകാശപ്പെടുന്നത്. ഇയാളുടെ രണ്ട് സഹോദരങ്ങൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ മാർച്ചിൽ ലെബനനിൽ നടന്ന ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ഹിസ്ബുള്ളയിലെ ബദർ യൂണിറ്റിലെ ആയുധ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നത് ഇയാളുടെ സഹോദരൻ ഇബ്രാഹിം മുഹമ്മദ് ഗസാലിയാണെന്ന് ഐഡിഎഫ് വാദിക്കുന്നത്. ഇബ്രാഹിം മുഹമ്മദ് ഗസാലി ഒരു ഹിസ്ബുള്ള ഭീകരനാണെന്നും യുദ്ധത്തിലുടനീളം ഇസ്രായേൽ സിവിലിയന്മാർക്ക് നേരെ നൂറുകണക്കിന് റോക്കറ്റുകൾ തൊടുത്തുവിട്ട യൂണിറ്റിന്റെ കമാൻഡറായിരുന്നു ഇയാളെന്നും ഇസ്രായേൽ സൈന്യം ഞായറാഴ്ച എക്സിൽ വിശദമാക്കിയിരുന്നു. കഴിഞ്ഞയാഴ്ച ഒരു ഹിസ്ബുള്ള സൈനിക കേന്ദ്രത്തിന് നേരെ ഇസ്രായേൽ വ്യോമസേന നടത്തിയ ആക്രമണത്തിൽ ഇയാൾ കൊല്ലപ്പെട്ടതായും ഐഡിഎഫ് വ്യക്തമാക്കി.
കൊല്ലപ്പെട്ട രണ്ട് സഹോദരന്മാരും തെക്കൻ ലെബനനിലെ ഹിസ്ബുള്ള റോക്കറ്റ് യൂണിറ്റിലെ അംഗങ്ങളാണെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇറാന്റെ ശക്തമായ പിന്തുണയ്ക്കുന്ന ഹിസ്ബുള്ളയെ ഇസ്രായേലും ബ്രിട്ടനും അമേരിക്കയും ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങൾ ഭീകര സംഘടനയായാണ് കണക്കാക്കുന്നത്. 2011-ൽ ലെബനനിൽ നിന്ന് കുടിയേറി ഡിയർബോൺ ഹൈറ്റ്‌സിൽ താമസമാക്കിയ 41 വയസ്സുകാരനായ അയ്മൻ മുഹമ്മദ് ഗസാലി നടത്തിയ ഈ ആക്രമണത്തിന്റെ പിന്നിലെ ലക്ഷ്യം പൊലീസ് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസുമായുള്ള വെടിവെപ്പിനിടെ അയ്മൻ സ്വയം വെടിവെച്ചാണ് മരിച്ചതെന്നാണ് എഫ്ബിഐ വെള്ളിയാഴ്ച അറിയിച്ചത്. ഇയാളുടെ ട്രക്കിന്റെ പിൻഭാഗത്ത് വൻതോതിൽ സ്ഫോടക വസ്തുക്കളും കത്തുന്ന ദ്രാവകങ്ങളും ഉണ്ടായിരുന്നുവെന്നും ആക്രമണത്തിനിടെ ഇവയ്ക്ക് തീപിടിച്ചതായും പൊലീസ് വിശദമാക്കിയത്. സംഭവത്തിൽ സിനഗോഗിലെ ജീവനക്കാർക്കോ സിനഗോഗിലുണ്ടായിരുന്ന കുട്ടികൾക്കോ പരിക്കേറ്റിട്ടില്ല. ആക്രമണത്തിൽ സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ട്. പുക ശ്വസിച്ച മുപ്പതോളം നിയമപാലകർ ചികിത്സ തേടി. ജൂത സമൂഹത്തിനെതിരായ ലക്ഷ്യം വെച്ചുള്ള അക്രമമായാണ് എഫ്ബിഐ ഈ സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത്.


