
മലപ്പുറം: ജില്ല രൂപീകരിച്ചതിന് ശേഷം നിയമസഭയിലേക്കുള്ള അഞ്ചാമത് ഉപതെരെഞ്ഞടുപ്പാണ് വേങ്ങരയില്‍ നടക്കാനിരിക്കുന്നത്. മുന്‍പ് നടന്ന തെരഞ്ഞെടുപ്പുകളിലെ വിജയ ചരിത്രം ഇക്കുറിയും യുഡിഎഫ് ആവര്‍ത്തിക്കുമെന്നാണ് വിലയിരുത്തല്‍.
1969ലാണ് മലപ്പുറം ജില്ല രൂപീകരിക്കുന്നത്. അതേ വര്‍ഷം തന്നെ മലപ്പുറം മണ്ഡലം ഉപതെരഞ്ഞെടുപ്പിന് വേദിയായി. അന്നത്തെ തദ്ദേശ ഭരണ മന്ത്രി എംപി എം അഹമ്മദ് കുരുക്കളുടെ മരണത്തെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ലീഗിന്റെ ചാക്കീരി അഹമ്മദ് കുട്ടി വിജയിച്ചു.
നിലമ്പൂര്‍ എംഎല്‍എ ആയിരുന്ന കെ കുഞ്ഞാലി വെടിയേറ്റ് മരിച്ചതിനെ തുടര്‍ന്ന് 1970ല്‍ നടന്ന ഉപതെരഞ്ഞെടുപ്പിലൂടെ ആര്യാടന്‍ മുഹമ്മദ് നിയമസഭയിലെത്തി. ലീഗ് നേതാവ് സീതിഹാജിയുടെ മരണം 1992ല്‍ താനൂരിനേയും ഉപതെരഞ്ഞെടുപ്പിനൊരുക്കി. ലീഗിലെ കുട്ടി അഹമ്മദ് കുട്ടിയാണ് പിന്നീട് താനൂരിനെ പ്രതിനിധീകരിച്ചത്.
എകെ ആന്റണിയെ വീണ്ടും മുഖ്യമന്ത്രി കസേരയിലെത്തിച്ചതും മലപ്പുറത്ത് നടന്ന മറ്റൊരു ഉപതെരഞ്ഞെടുപ്പാണ്. 1995ല്‍ അന്നത്തെ തിരൂരങ്ങാടി എംഎല്‍എയായിരുന്ന യുഎ ബീരാന്‍ ലീഗ് വിട്ട് ഐഎന്‍എല്ലില്‍ ചേര്‍ന്നതോടെ രാജിവച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. 22259 വോട്ടിന്റെ ഭൂരിപക്ഷം തിരൂരങ്ങാടി എകെ ആന്റണിക്ക് നല്‍കി.
ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മറ്റൊരു നിയമസഭ ഉപതെരഞ്ഞെടുപ്പ് മലപ്പുറത്തേക്ക് വരുന്നത്. വിജയചരിത്രം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയില്‍ യുഡിഎഫും, മാറ്റം പ്രതീക്ഷിച്ച് എല്‍ഡിഎഫും വേങ്ങരയില്‍ അങ്കം തുടങ്ങിക്കഴിഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam