ദേവസ്വംബോര്‍ഡുകള്‍ ഹിന്ദുമത ആചാരം പാലിക്കുന്നില്ലെന്ന ഹര്‍ജിയില്‍ ഇന്ന് വിധി

By Web DeskFirst Published Apr 2, 2018, 10:08 AM IST
Highlights
  • ദേവസ്വം ബോര്‍ഡുകള്‍ പിരിച്ചു വിട്ട് ക്ഷേത്രങ്ങളുടെ നടത്തിപ്പ് വിശ്വാസികളെ ഏല്‍പിക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.

കൊച്ചി:ദേവസ്വം ബോര്‍ഡുകളുടെ ഭരണം രാഷ്ട്രീയ പാര്‍ട്ടികളുടെയും മുന്നണികളുടെയും താല്പര്യത്തിനുസരിച്ചാണെന്നു ചൂണ്ടിക്കാട്ടി സംഘപരിവാര്‍ നേതാവ് ടി.ജി.മോഹന്‍ദാസ് നൽകിയ ഹര്‍ജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. 

ദേവസ്വം ബോര്‍ഡുകള്‍ പിരിച്ചു വിട്ട് ക്ഷേത്രങ്ങളുടെ നടത്തിപ്പ് വിശ്വാസികളെ ഏല്‍പിക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. ഹിന്ദുമത ആചാര പ്രകാരമല്ല ദേവസ്വംബോർഡുകളുടെ ഭരണമെന്നും ഹര്‍ജിയില്‍ പരാതിപ്പെടുന്നു. തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകള്‍ക്ക് ഒരു പ്രസിഡന്‍റും രണ്ട് അംഗങ്ങളും ഉള്‍പ്പെട്ട സംവിധാനമാണ്. അംഗങ്ങളില്‍ ഒരാളെ നിയമ സഭയിലെ ഹിന്ദു എംഎല്‍എമാരും മറ്റൊരാളെ മന്ത്രി സഭയിലെ ഹിന്ദു അംഗങ്ങളുമാണ് തെരഞ്ഞെടുക്കുന്നത്. 

ഹിന്ദു അംഗങ്ങള്‍ക്ക് ദേവസ്വം അംഗത്തെ തെരഞ്ഞെടുക്കാന്‍ ഇടത്- വലത് മുന്നണികള്‍ വിപ്പ് നല്‍കുന്നുണ്ട്. ഹിന്ദുമത വിശ്വാസമല്ല, രാഷ്ട്രീയ താത്പര്യമാണ് ഇതിനു പിന്നിൽ. അതിനാൽ തെരഞ്ഞെടുപ്പ് രീതി മാറ്റണം എന്നുമായിരുന്നു വാദം. മറ്റെന്തെങ്കിലും രീതി ഉണ്ടോ എന്ന് അറിയിക്കാൻ കോടതി നിർദേശിച്ചിരുന്നു. എന്നാൽ ഹർജിക്കാരനായ ടി.ജി.മോഹന്‍ദാസിന് അതിന് കഴിഞ്ഞില്ല.

click me!