വാളയാര്‍ ചെക്പോസ്റ്റില്‍ വിജിലന്‍സ് റെയ്ഡ്; സെപ്റ്റിക് ടാങ്കില്‍ ഒളിപ്പിക്കാന്‍ ശ്രമിച്ച പണം പിടികൂടി

By Web DeskFirst Published Jun 18, 2016, 8:27 AM IST
Highlights

വാളയാറിലെ മോട്ടോര്‍ വാഹന വകുപ്പ്  ചെക്ക് പോസ്റ്റില്‍ വൈകുന്നേരമാണ് വിജിലന്‍സ് പരിശോധന നടന്നത്. വിജിലന്‍സ് സംഘമെത്തിയതോടെ ഓഫീസിനകത്തെ ഉപയോഗ ശൂന്യമായ സെപ്റ്റിക് ടാങ്കിലെ പൈപ്പിനുള്ളില്‍ പണം ഒളിപ്പിക്കാന്‍  മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചു. ഇത് കണ്ടെത്തിയ വിജിലന്‍സ് സംഘം ടാങ്ക് പൊളിച്ച് പണം പിടികൂടി. 10,750 രൂപയാണ് കണക്കില്‍പെടാതെ കണ്ടെത്തിയത്. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഉണ്ണികൃഷ്ണന്‍, അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ജോണ്‍ ബ്രിട്ടോ, ജയറാം, ബിനോയി എന്നിവരും ഓഫീസ് അസിസ്റ്റന്‍റ് സെയ്താലിക്കുട്ടിയുമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. 

ഇവര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്യുമെന്ന് വിജിലന്‍സ് ഡിവൈഎസ്‍പി അറിയിച്ചു. വന്‍ ക്രമക്കേടുകള്‍ വാളയാറിലെ മോട്ടോര്‍ വാഹന വകുപ്പിന്റെ ചെക്ക് പോസ്റ്റില്‍ നടക്കുന്നുണ്ടെന്ന് വിജിലന്‍സിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. ഡിവൈഎസ്‍പിയുടെ നേതൃത്വത്തില്‍ അഞ്ചംഗ സംഘമാണ് പരിശോധന നടത്തിയത്.

click me!