വയനാട് ഭൂമി തട്ടിപ്പിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു

By Web DeskFirst Published Apr 3, 2018, 11:08 AM IST
Highlights
  • വയനാട് ഭൂമി തട്ടിപ്പിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു
  • മുഖ്യമന്ത്രിയാണ് നിയമസഭയിൽ അന്വേഷണം പ്രഖ്യാപിച്ചത്

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് പുറത്തുകൊണ്ട് വന്ന വയനാട്ടിലെ ഭൂമി തട്ടിപ്പിൽ മുഖ്യമന്ത്രി വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. ജൂഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി. സിപിഐയെയും സർക്കാറിനെയും കരിവാരിത്തേക്കാൻ ഏഷ്യാനെറ്റ് ന്യൂസ് ബോധപൂർവ്വം വാർത്ത ഉണ്ടാക്കിയെന്ന് റവന്യുമന്ത്രി ആരോപിച്ചു.

കേരളം വില്പനക്കെന്ന ഏഷ്യാനെറ്റ് ന്യൂസ് വാർത്ത നിയമസഭയിൽ കത്തിപ്പടർന്നു. വയനാട് മുതൽ തിരുവനന്തപുരത്തെ സിപിഐ ആസ്ഥാനവും റവന്യുമന്ത്രിയുടെ ഓഫീസുമൊക്കെ ഉൾപ്പെട്ട തട്ടിപ്പ് നിയമസഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം.

മന്ത്രിതലത്തിൽ അഴിമതി ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി. ഉദ്യോഗസ്ഥരിൽ ചിലർ അഴിമതി തുടരുന്നുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. അഴിമതി വച്ച് പൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി. എന്നാൽ നടപടിയെന്ന് ഒരു വശത്ത് പറയുമ്പോഴും വാർത്തയുടെ വിശ്വാസ്യത ചോദ്യം ചെയ്ത് അഴിമതി മൂടിവെക്കാനായിരുന്നു റവന്യുമന്ത്രിയുടെ ശ്രമം

ഏഷ്യാനെറ്റ് ന്യൂസിനെതിരായ റവന്യുമന്ത്രിയുടെ ആരോപണത്തിനെതിരെ പ്രതിപക്ഷം ഏഴുന്നേറ്റ് പ്രതിഷേധിച്ചു. സിപിഐയുടെ അഴിമതി വിരുദ്ധത വാക്കിൽമാത്രമായൊതുങ്ങിയെന്ന് പ്രതിപക്ഷം. പുറത്തുവന്നത് വൻ അഴിമതിയുടെ ചെറിയഭാഗം മാത്രമെന്ന് അടിയന്തിര പ്രമേയ നോട്ടീസ് നൽകിയ വിഡി സതീശൻ പറഞ്ഞു.

ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലുള്ള നോട്ടീസ് തള്ളണമെന്ന സിദിവാകരന്റ ക്രമപ്രശ്നം സ്പീക്കർ നേരത്തെ അനുവദിച്ചില്ല. ചർച്ച നിഷേധിച്ചപ്പോൾ പ്രതിപക്ഷം സ്പീക്കറുടെ കസേരക്ക് മുന്നിലെത്ത് പ്രതിഷേധിച്ചു. പിന്നീട് ഇറങ്ങിപ്പോയി. ജൂഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മാണിയും ബിജെപി അംഗം രാജഗോപാലും ഇറങ്ങിപ്പോയി.
 

click me!