കാന്തപുരത്തിനെതിരെ കേസെടുക്കാന്‍ വിജിലന്‍സ് ശുപാര്‍ശ

By Web DeskFirst Published Jun 12, 2016, 5:09 PM IST
Highlights

ഇരിട്ടി സ്വദേശി എകെ ഷാജി തലശ്ശേരി വിജിലന്‍സ് കോടതിയില്‍ നല്‍കിയ പരാതിപ്രകാരം ക്വിക്ക് വെരിഫിക്കേഷന്‍ നടത്തിയാണ് ആരോപണ വിധേയര്‍ക്കെതിരെ കേസ് എടുക്കാന്‍ വിജിലന്‍സ് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. ഇപ്പോള്‍ അ‍ഞ്ചരക്കണ്ടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് പ്രവര്‍ത്തിക്കുന്ന 300 ഏക്കര്‍ ഭൂമി കൈമാറ്റത്തിലെ ക്രമക്കേടിനെക്കുറിച്ചാണ് അന്വേഷണം നടത്തിയത്. 2001ല്‍ ഈ ഭൂമി തന്റെ നിയന്ത്രണത്തിലുള്ള മര്‍ക്കസിന് വേണ്ടി വാങ്ങിയ കാന്തപുരം  കറുപ്പത്തോട്ടമായിരുന്ന എസ്റ്റേറ്റ് ഭൂമി ചട്ടം ലംഘിച്ച് തരം മാറ്റുകയായിരുന്നുവെന്നാണ് വിജിലന്‍സ് കോടതിയിലെത്തിയ പരാതി. 45 ദിവസത്തിനകം തന്നെ കണ്ണൂര്‍ വിജിലന്‍സ് സിഐ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട്  സമര്‍പ്പിച്ചു. 

ഭൂമി തരം മാറ്റിയ കാര്യത്തില്‍  നിയമലംഘനം നടന്നു എന്നായിരുന്നു വിജിലന്‍സിന്റെ കണ്ടെത്തല്‍. കാന്തപുരത്തെക്കൂടാതെ  അഞ്ചരക്കണ്ടി സബ് രജിസ്ട്രാര്‍, പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസര്‍ എന്നിവരെ പ്രതിചേര്‍ത്താണ് അന്വേഷണം നടത്തിയത്. എസ്റ്റേറ്റ് ഭൂമി മറ്റാവശ്യങ്ങള്‍ക്കുപയോഗിച്ചാല്‍ ഭൂനിയമം അനുസരിച്ച് അത് മിച്ചഭൂമിയായി പരിഗണിക്കുന്നതാണ്. അതിനാല്‍ ഭൂമി ഏറ്റെടുത്ത് സര്‍ക്കാര്‍ പാവങ്ങള്‍ക്ക്  വിതരണം ചെയ്യണമെന്നതാണ് ഹര്‍ജിക്കാരന്റെ ആവശ്യം. കാന്തപുരം പവര്‍ ഓഫ് അറ്റോര്‍ണി നല്‍കിയ ജബ്ബാര്‍ ഹാജിയുടെയും ബന്ധുക്കളുടെയും പേരിലാണ് ഭൂമിയും മെഡിക്കല്‍ കോളജും ഇപ്പോള്‍. എന്നാല്‍ വിജിലന്‍സ് കേസില്‍ ഇവരെ പ്രതി ചേര്‍ത്തിട്ടില്ല.

click me!