ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരകരാർ ഏപ്രിലിൽ പ്രാബല്യത്തിൽ വരും. ഇതിനിടെ, ഡൊണാൾഡ് ട്രംപ് ചുമത്തിയ താരിഫുകൾ യുഎസ് സുപ്രീം കോടതി റദ്ദാക്കിയെങ്കിലും, ഇതിനെതിരെ പ്രതികാര നടപടിയായി ട്രംപ് പുതിയ തീരുവകൾ പ്രഖ്യാപിച്ചു 

ദില്ലി : ഇന്ത്യ-അമേരിക്ക വ്യാപാരകരാർ ഏപ്രിലിൽ തന്നെ പ്രവർത്തനക്ഷമമാകുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം. മാർച്ചിൽ തന്നെ കരാറിൽ ഒപ്പ് വയ്ക്കുമെന്നും കേന്ദ്രം വിശദീകരിച്ചു. കരാറിന്റെ നിയമവശങ്ങൾ വിലയിരുത്താൻ ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥരുടെ യോഗം നാളെ തുടങ്ങും. അമേരിക്കയിലാണ് 3 ദിവസത്തെ യോഗം ചേരുന്നത്. അമേരിക്കക്ക് പിന്നാലെ ബ്രിട്ടൻ, ഒമാൻ എന്നീ രാജ്യങ്ങളുമായുള്ള കരാറുകളും ഏപ്രിലിൽ നിലവിൽ വരുമെന്ന് മന്ത്രാലയം വിശദീകരിച്ചു.

Add Asianetnews as a Preferred SourcegooglePreferred

അമേരിക്കയിലെ സുപ്രീം കോടതി വിധിയെ തുടർന്ന് ഡോണൾഡ് ട്രംപിന്റെ താരിഫ് നീക്കങ്ങൾ മന്ത്രാലയം നിരീക്ഷിച്ച് വിലയിരുത്തുകയാണ്. പ്രതികാര നടപടിയുടെ ഭാ​ഗമായി വിവിധ രാജ്യങ്ങൾക്ക് മേൽ ട്രംപ് ചുമത്തിയ താരിഫുകൾ സുപ്രീം കോടതി റദ്ദാക്കിയതോടെയാണ് പുതിയ പ്രതിസന്ധി. ട്രംപ്, തന്റെ അധികാര പരിധി ലംഘിച്ചുവെന്ന് കോടതി ചൂണ്ടിക്കാട്ടുകയായിരുന്നു. ദേശീയ അടിയന്തരാവസ്ഥകളിൽ ഉപയോഗിക്കാൻ ഉദ്ദേശിച്ചുള്ള നിയമത്തിന് കീഴിലാണ് ട്രംപ് താരിഫുകൾ ചുമത്തിയതെന്ന് വിധിയിൽ വ്യക്തമാണ്. 

യുഎസ് സുപ്രീംകോടതി വിധിക്കെതിരെ ട്രംപ്

അതിനിടെ, പകരച്ചുങ്കം റദ്ദാക്കിയ യുഎസ് സുപ്രീംകോടതി വിധിക്കെതിരെ ട്രംപ് രംഗത്തെത്തി. വിധി നിരാശാജനകമെന്നും ബദൽ നിയമങ്ങളുപയോഗിച്ച് ഇറക്കുമതി തീരുവകൾ പുനഃസ്ഥാപിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. താരിഫിനെതിരെ വിധി പ്രസ്താവിച്ച ജഡ്ജിമാർക്കെതിരെയും അമേരിക്കൻ പ്രസിഡന്‍റ് രൂക്ഷ വിമർശനം ഉന്നയിച്ചു. ജഡ്ജിമാർ ഭരണഘടനയോട് അനുസരണയില്ലാത്തവരും, രാഷ്ട്രീയ കളിപ്പാവകളും, ദേശസ്‌നേഹമില്ലാത്തവരുമെന്നും ട്രംപ് വിമർശിച്ചു. ചില വിദേശ താല്പര്യങ്ങൾ അവരെ സ്വാധീനിച്ചിട്ടുണ്ടാവാമെന്നും ഗുരുതര ആരോപണം. തീരുവകൾ ചുമത്താൻ തനിക്ക് പരമാധികാരമെന്നും ട്രംപ് പ്രഖ്യാപിച്ചു. പിന്നാലെ, അഞ്ച് മാസത്തേക്ക് ആഗോളതലത്തിൽ 10 ശതമാനം അധിക തീരുവ ചുമത്തി. ഇതോടെ ഇന്ത്യയ്ക്ക് മേലുള്ള താരിഫ് 18 ശതമാനമായി ഉയർന്നു.