പുറത്തുവരുന്നത് വിചിത്രമായ കണക്കുകള്‍; ഹോര്‍ട്ടികോര്‍പ്പില്‍ നടന്നത് വന്‍ ക്രമക്കേട്

By Web DeskFirst Published Jul 17, 2016, 12:44 PM IST
Highlights

കര്‍ഷകരില്‍ നിന്നോ കര്‍ഷക സംഘടനകളില്‍ നിന്നോ പച്ചക്കറി സംഭരിക്കേണ്ട ഹോര്‍ട്ടികോര്‍പ്പിന്റെ ആനയറ സംഭരണ കേന്ദ്രത്തില്‍ പച്ചക്കറി എത്തിക്കുന്നത് വിവിധ സ്വകാര്യ സ്ഥാപനങ്ങളാണ്. വഴിവിട്ട സംഭരണം മാത്രമല്ല, ഇതിന് പിന്നില്‍ വന്‍ സാമ്പത്തിക തിരിമറിയുമുണ്ടെന്നാണ് മാര്‍ച്ച് 18ന് പുറത്തിറക്കിയ ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് പറയുന്നത്. 42.5 ലക്ഷം രൂപക്ക് 27 ലോഡ് പച്ചക്കറി ആനയറയിലെ സംഭരണ കേന്ദ്രത്തില്‍ നിന്ന് അളവു തൂക്ക പരിശോധന നടത്തി വിതരണ കേന്ദ്രത്തില്‍ എത്തിച്ചെന്നാണ് റീജ്യണല്‍ ഓഫീസറുടെ വാദം. എന്നാല്‍ ആനയറയിലെ വാഹന രജിസ്റ്ററില്‍ 27 ലോഡ് വന്ന് പോയതായി വിവരമില്ല. മാത്രമല്ല വിതരണക്കാരന് കുടിശികയുണ്ടെന്ന് പറയുന്ന കാലഘട്ടത്തിലെ ടാലി സ്റ്റേറ്റ്മെന്റ് പോലും ലഭ്യമാക്കാന്‍ ഹോര്‍ട്ടികോര്‍പ്പ് അധികൃതര്‍ തയ്യാറായിട്ടില്ലെന്നും ധനകാര്യ പരിശോധനാ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

ജില്ലാ സംഭരണ കേന്ദ്രത്തില്‍ നിന്ന് നല്‍കിയ പച്ചക്കറിയുടെ അളവും വിലയും പലപ്പോഴും ചെറുകിട വില്‍പ്പന കേന്ദ്രത്തിലെ വിറ്റുവരവു രജിസ്റ്ററുമായി പൊരുത്തപ്പെടുന്നില്ല. വാങ്ങിയ വിലയേക്കാള്‍ വളരെ കുറഞ്ഞ വില്‍പ്പന വിലയാണ് പലപ്പോഴും രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കാനോ തൃപ്തികരമായ വിശദീകരണം നല്‍കാനോ  ഹോര്‍ട്ടികോര്‍പ്പിന് കഴിഞ്ഞിട്ടില്ല. കുടിശിക ആവശ്യപ്പെട്ട് സ്വകാര്യ കരാറുകാരന്‍ കൃഷിമന്ത്രിയെ നേരിട്ട് സമീപിക്കുക കൂടി ചെയ്ത സാഹചര്യത്തില്‍ ഇതടക്കമുള്ള ക്രമക്കേടുകള്‍ വിജലന്‍സ് വിശദമായി അന്വേഷിക്കട്ടെ എന്ന നിലപാടിലാണ് കൃഷി വകുപ്പ്.

click me!