യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയ സോളാര്‍ ബോട്ട് കരാര്‍ അഴിമതിയുടെ നിഴലില്‍

By Web DeskFirst Published Nov 23, 2016, 4:42 AM IST
Highlights

തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് സോളാര്‍ ബോട്ട് നിര്‍മാണത്തിന് നല്‍കിയ കരാര്‍ അഴിമതിയുടെ നിഴലില്‍. ടെന്‍ഡര്‍ ക്ഷണിക്കുന്നതിന്  ഒരു മാസം മുമ്പ് തന്നെ കമ്പനിക്ക് നിര്‍മാണ കരാര്‍ നല്‍കാന്‍ തീരുമാനിച്ചതിന്റെ രേഖകള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ചുരുങ്ങിയത് മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന പരിചയം വേണമെന്ന വ്യവസ്ഥ  ഉണ്ടായിരിക്കെ, കമ്പനി  രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ടെന്‍ഡര്‍ ക്ഷണിക്കുന്നതിന് രണ്ട്  മാസം മുന്പ് മാത്രം . ഇടപാടിനെക്കുറിച്ച് വിജിലൻസ് പ്രാഥമിക അന്വേഷണം തുടങ്ങി.

കോളിളക്കം സൃഷ്ടിച്ച സോളാര്‍ കേസിന് പിന്നാലെയാണ് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ സോളാറുമായി ബന്ധപ്പെട്ട് മറ്റൊരു പദ്ധതികുറിച്ച് കൂടി ആരോപണങ്ങള്‍ ഉയരുന്നത്. സംസ്ഥാനത്ത് ആദ്യമായി യാത്രാ സര്‍വീസിനായി സോളാര്‍ ബോട്ട് നിര്‍മിക്കാന്‍ ജലഗതാഗത വകുപ്പ് തീരുമാനിക്കുന്നത് 2012 മെയ് 19ന്. ഇതിനായി അനെര്‍ട്ട് ഡയറക്ടര്‍  ഉള്‍പ്പെടെ എട്ട് വിദഗ്ദരടങ്ങിയ സാങ്കേതിക കമ്മിറ്റിയും രൂപീകരിച്ചു. 75 പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന ബോട്ട് നിര്‍മിക്കാനായിരുന്നു കരാര്‍.രാജ്യത്ത് തന്നെ ഇത്തരത്തിലുള്ള ആദ്യ പദ്ധതിയായതിനാല്‍ ഒരു ടെന്‍ഡര്‍ അപേക്ഷ മാത്രം വന്നാലും സ്വീകരിക്കാന്‍ സാങ്കേതിക സമിതി തീരുമാനിച്ചു. കരാറിനെ കുറിച്ച് സംശയങ്ങള്‍ ഉയരുന്നതും ഇവിടെ നിന്ന് തന്നെ.

ബോട്ട് നിര്‍മാണത്തിന് ടെന്‍ഡര്‍ ക്ഷണിക്കുന്നത് 2014 ജനുവരി പത്തിന്. ഈ രേഖകള്‍ പ്രകാരം ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജനുവരി 31. ഇനി 2013 ഡിസംബര്‍ നാലിന് ചേര്‍ന്ന സാങ്കേതിക സമിതി യോഗത്തിന്റെ മിനിട്സ് കാണുക. കൊച്ചി കേന്ദ്രമായ നവാള്‍ട് സോളാര്‍ ആന്‍റ് ഇലക്ട്രിക് ബോട്സ് എന്ന കന്പനിക്ക് നിര്‍മാണ കരാര്‍ നല്‍കാന്‍ ഈ  യോഗത്തില്‍ തീരുമാനിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നു. അതായത് ടെന്‍ഡര്‍ ക്ഷണിക്കുന്നതിന് ഒരു മാസം മുന്പ് കരാര്‍ നല്‍കുന്ന ജാലവിദ്യ. എന്നാല്‍ ഇതിന് നവാള്‍ട് പാര്‍ട്ണര്‍ സന്ദിത്ത് തണ്ടാശ്ശേരി നല്‍കുന്ന മറുപടി ഇതാണ്.

ഇനി കരാറിന്‍റെ മറ്റൊരു വശം കാണുക. ടെന്‍ഡര്‍ ലഭിക്കുന്ന കമ്പനിയുടെ സാമ്പത്തിക ശേഷിയും നിര്‍മാണ വൈദഗ്ദ്യവും വിലയിരുത്താന്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ഓഡിറ്റ് ചെയ്ത കണക്കുകള്‍ സമര്‍പ്പിക്കണമെന്നാണ് വ്യവസഥ. കരാര്‍ നല്‍കിയ കന്പനി നവാള്‍ട് എന്ന കമ്പനി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 2013 ഓക്ടോബര്‍ 24 ന് മാത്രമെന്ന്  കമ്പനി കാര്യ വകുപ്പിന്റെ ഈ രേഖ തെളിയിക്കുന്നു. കരാര്‍ നല്‍കുമ്പോള്‍ രണ്ട് മാസം മാത്രം പ്രായമുള്ള ഒരു കമ്പനി എങ്ങിനെ മൂന്ന് വര്‍ഷത്തെ കണക്കുകള്‍ നല്‍കും. കരാര്‍ ലഭിക്കാന്‍ വേണ്ടി മാത്രം തട്ടിക്കൂട്ടിയ കടലാസ് കന്പനിയെന്ന് ഇതോടെ സംശയം ഉയരുന്നു. പരാതിയെ തുടര്‍ന്ന് വിജിലന്‍സ് പ്രാഥമിക  അന്വേഷണം തുടങ്ങിയിട്ടുണ്ട്.

click me!