
കൊച്ചി: ബന്ധുനിയമനവിവാദത്തില്‍ ഇ പി ജയരാജനെതിരായ കേസ് നിലനില്‍ക്കില്ലെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു. ജയരാജനടക്കമുളള പ്രതികള്‍ വഴിവിട്ട എന്തെങ്കിലും നേട്ടം ഉണ്ടാക്കിയതായി തെളിവില്ല. വിജിലന്‍സ് നല്‍കിയ മറുപടി ഹൈക്കോടതി നാളെ പരിഗണിക്കും.
ബന്ധുനിയമനവിവാദവുമായി ബന്ധപ്പെട്ട് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇപി ജയരാജനും സുധീര്‍ നമ്പ്യാരും സമര്‍പ്പിച്ച ഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുളളത്. കേസ് നിലനില്‍ക്കുമോയെന്ന് വ്യക്തമാക്കണമെന്ന് കോടതി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ മറുപടി. ഇപ്പോഴത്തെ നിലയില്‍ ലഭിച്ച സാക്ഷി മൊഴികളുടെ അടിസ്ഥാനത്തില്‍ ഇ പി ജയരാജനെതിരായ കേസ് നിലനില്‍ക്കില്ല. അഴിമതി നിരോധന നിയമപ്രകാരമാണ് അന്ന് മന്ത്രിയായിരുന്ന ജയരാജനടക്കമുളളവര്‍ക്കെതിരെ കേസെടുത്തത്. എന്നാല്‍ ഇപ്പോഴത്തെ നിലയില്‍ കേസ് അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നാണ് വിജിലന്‍സിന്റെ കണ്ടത്തല്‍. ജയരാജനടക്കമുളള പ്രതികള്‍ സാമ്പത്തികമായോ അല്ലാതെയോ പദവി ദുരുപയോഗം ചെയ്ത് വഴിവിട്ട എന്തെങ്കിലും നേട്ടമുണ്ടാക്കിയതായി തെളിവില്ല. അതിനാല്‍ത്തന്നെ അഴിമതി നിരോധന നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസ് നിലനില്‍ക്കില്ലെന്നാണ് വിജിലന്‍സ് തന്നെ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. നേരത്തെ ഇക്കാര്യത്തില്‍ ഹൈക്കോടതിയ വിശദീകരണം തേടിയിരുന്നെങ്കിലും അഴിമതി നടന്നോ ഇല്ലയോ എന്നത് സംബന്ധിച്ച് വിജിലന്‍സ് വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല. കൃത്യമായ മറുപടി നല്‍കിയില്ലെങ്കില്‍ നടപടിയെടുക്കുമെന്ന് അറിയിച്ചതോടെയാണ് വിജിലന്‍സിന്റെ ഈ വിശദീകരണ പത്രിക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam