
ആലപ്പുഴ: കായംകുളത്ത് പരുന്തിനെപ്പേടിച്ച് ഒരു ഗ്രാമം. മുതുകളം വെട്ടത്ത് മുക്കിലാണ് റോഡിലൂടെ പോകുന്ന വലുപ്പ ചെറുപ്പമില്ലാത്ത എല്ലാവരും പരുന്തിനെ പേടിച്ച് കഴിയുന്നത്. ഇരുപതിലധികം പേര്‍ക്ക് ഇതിനകം പരുന്തിന്‍റെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.
മുതുകുളം വെട്ടത്തുമുക്ക് റോഡിനടുത്ത് പരുന്ത് രാവിലെ ആറരയോടെ എത്തും. പിന്നെ പണി തുടങ്ങും. ഇതുവഴി പോകുന്ന കുട്ടികളാണ് ഇവന്‍റെ പ്രധാന ശത്രു. പിന്നെ പ്രായമായവരെയും നോട്ടമിട്ട് കൊത്തും. മുകളില്‍ നിന്ന് റോഡ് വരെ പറന്നു താഴ്ന്നാണ് ആക്രമണം. കുട പിടിക്കാതെ കുട്ടികള്‍ക്ക് സ്കൂളിലേയ്ക്ക് നടന്ന് പോകാന്‍ കഴിയില്ല. കുടയില്ലാത്തവര്‍ വടിയെടുത്താണ് സ്വയരക്ഷ തീര്‍ക്കുന്നത്. പരുന്ത് ഭീഷണിയെത്തുടര്‍ന്ന് ഇതുവഴി നടന്ന് പോവാന്‍ പറ്റാത്ത സ്ഥിതിയാണുള്ളത്.
ഒന്നിലേറെ തവണ പരുന്തിന്‍റെ ആക്രമണത്തിനിരയായ കുട്ടികളും ഈ പ്രദേശത്തുണ്ട്. പ്രായമുള്ളവരുടെ കയ്യില്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്ക് നേരെ ആക്രമണം ഉറപ്പാണ്. കാല് കൊണ്ടും കൊക്കു കൊണ്ടുമുള്ള മുറിവ് കൂടാതെ പരുന്തിനെപ്പേടിച്ച് വീണും നിരവധി കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഈ പരുന്തിന് ആകെ പേടി പടക്കത്തെയും കാക്കയെയും മാത്രമാണ്. നാട്ടുകാര്‍ ഒരു തവണ സംഘടിതമായി പടക്കം പൊട്ടിച്ചപ്പോള്‍ മൂന്ന് ദിവസത്തേക്ക് ശല്യമുണ്ടായില്ല. പിന്നെ വീണ്ടും തുടങ്ങി. എന്തു ചെയ്യണമെന്നറിയാതെ മുകളിലേക്ക് നോക്കി നടക്കുകയാണ് മുതുകുളം വെട്ടത്തുമുക്ക് സ്വദേശികള്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam