വിനോദ് ഖന്ന അന്തരിച്ചു

By Web DeskFirst Published Apr 27, 2017, 7:08 AM IST
Highlights

മുംബൈ: ഒരുകാലത്ത് ബോളിവുഡിലെ സൂപ്പര്‍താരമായിരുന്ന വിനോദ് ഖന്ന അന്തരിച്ചു. മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. എഴുപത് വയസ്സായിരുന്നു. നിർമ്മാതാവായും രാഷ്ട്രീയ പ്രവർത്തകനുമായുമൊക്കെ തിളങ്ങിയ വിനോദ് ഖന്ന 1946 ല്‍ പാക്കിസ്താനിലെ പെഷവാറിലായിരുന്നു ജനനം.  വ്യവസായിയായ കെ സി ഖന്നയായിരുന്നു പിതാവ്.

വിഭജനത്തിനു ശേഷം കുടുംബം മുംബൈയിലെത്തി. 1968 ല്‍ പുറത്തിറങ്ങിയ സുനിൽ ദത്ത് നിർമ്മിച്ച മൻ ക മീത് ആയിരുന്നു ആദ്യചിത്രം. ചെറുതും നെഗറ്റീവ് സ്വഭാവങ്ങളുള്ളതുമായുള്ള വേഷങ്ങളിലൂടെ വളര്‍ന്ന ഖന്ന പിന്നീട് കേന്ദ്ര കഥാപാത്രങ്ങളിലേയ്‌ക്കെത്തി. 1970 - 80 കാലഘട്ടത്തിലെ മുൻ നിര നായകനായി വളര്‍ന്ന വിനോദ് ഖന്ന നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. ഏല്ലാ തരം വേഷങ്ങളും ആ കൈകളില്‍ ഭദ്രമായിരുന്നു.

മുഖാദര്‍ കാ സിക്കന്ദര്‍, അമര്‍ അക്ബര്‍ ആന്റണി, മേരെ അപ്‌നെ, മേരാ ഗാവോം മേരാ ദേശ്, ഇംതിഹാന്‍, അചാനക്, ദയാവന്‍, ഹേര ഫേരി തുടങ്ങിയവ ശ്രദ്ധേയ ചിത്രങ്ങളാണ്. കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ ഷാരൂഖ് ചിത്രം ദില്‍വാലെയില്‍ അഭിനയിച്ചിരുന്നു. 1999 ൽ ഫിലിംഫെയർ ജീവിതകാല പുരസ്കാരം ലഭിച്ചു.

രണ്ടു തവണ വിവാഹിതനായി. നാല് മക്കളില്‍ അക്ഷയ് ഖന്ന, രാഹുൽ ഖന്ന എന്നിവര്‍ ബോളിവുഡിൽ അഭിനേതാക്കളാണ്. 1997 ൽ ഭാരതീയ ജനത പാർട്ടിയിൽ ചേർന്നു. ഗുർ‌ദാസ്‌പൂർ മണ്ഡലത്തിൽ നിന്നും വിജയിക്കുകയും ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

കടുത്ത നിര്‍ജലീകരണത്തെ തുടര്‍ന്ന് ഏതാനും ആഴ്ചകളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കുടുംബത്തോടൊപ്പം ക്ഷീണിതനായി വിനോദ് ഖന്ന നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

 

 

click me!