Review 2021 : തെക്കോട്ട് തിരിഞ്ഞിരുന്ന് പഠിച്ചാൽ? ഇന്ത്യന്‍ ദേശീയഗാനത്തിന് പുരസ്കാരം; 2021ലെ വൈറൽ അബദ്ധങ്ങൾ

By Web TeamFirst Published Dec 19, 2021, 7:54 PM IST
Highlights

ഓരോ വർഷവും 'കേശവൻ മാമന്മാർ' ഓരോ വർഷവും കൂടിക്കൊണ്ടിരിക്കുകയാണ്. ഫ്രൂട്ടിയിൽ രോ​ഗാണു കുത്തിവച്ച ജീവനരക്കാരൻ മുതൽ നാസ പോലും അറിയാത്ത അവരുടെ ചില കണ്ടുപിടുത്തങ്ങൾ വരെ ഒരു മാറ്റവുമില്ലാതെ വാട്സ് ആപ്പ് വഴിയും ഫേസ്ബുക്ക് വഴിയും കറങ്ങി നടക്കുന്നു. 

സോഷ്യൽ മീഡിയ ലോകം ഭരിക്കുമ്പോൾ ഓരോ വർഷവും 'കേശവൻ മാമന്മാർ' കൂടിക്കൊണ്ടിരിക്കുകയാണ്. ഫ്രൂട്ടിയിൽ രോ​ഗാണു കുത്തിവച്ച ജീവനരക്കാരൻ മുതൽ നാസ പോലും അറിയാത്ത അവരുടെ ചില കണ്ടുപിടുത്തങ്ങൾ വരെ ഒരു മാറ്റവുമില്ലാതെ വാട്സ് ആപ്പ് വഴിയും ഫേസ്ബുക്ക് വഴിയും കറങ്ങി നടക്കുന്നു. അങ്ങനെ ഈ വർഷം അത്തരത്തിലുള്ള ആപ്പിൽ' ചെന്ന് വീണവർ നിരവധിയാണ്.

അതിൽ മുൻ ഡിജിപി മുതൽ ചലച്ചിത്ര താരങ്ങൾ വരെയുണ്ട്. എവിടെയോ കേട്ട കഥ വെള്ളം തൊടാതെ വിഴുങ്ങി പൊതുവേദിയിൽ പറഞ്ഞതാണ് കേരള പൊലീസിലെ അതികായനായ മുൻ ഡിജിപി അലക്സാണ്ടർ ജേക്കബിന് വിനയായി മാറിയത്. ഹാർവാർഡ് യൂണിവേഴ്സിറ്റിയെക്കുറിച്ച് മുൻ ഡിജിപി പറഞ്ഞ പൊരുൾ അന്വേഷിച്ച് പോയത് അഭിരാം അരുൺ എന്ന പ്ലസ്ടു വിദ്യാ‌ത്ഥി ആയിരുന്നു. 

2021ലെ വൈറലായ മുൻ ഡിജിപിയുടെ വാക്കുകൾ ഇങ്ങനെ

''ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ (Harvard University) വൃത്താകൃതിയിൽ ഒരു ഹോസ്റ്റലുണ്ടാക്കി (Hostel). എന്നിട്ട് 16 ദിശയിലേക്ക് കുട്ടികളെ തിരിച്ചിരുത്തി. എന്നിട്ട് പഠിക്കാൻ പറഞ്ഞു, എന്നിട്ട് അവരുടെ മാർക്ക് എല്ലാ ദിവസവും കംപ്യൂട്ട് ചെയ്യണം. ആറ് മാസം കഴിഞ്ഞപ്പോൾ ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർമാർ (Scientists) ഞെട്ടിപ്പോയി. തെക്കോട്ട് തിരിഞ്ഞിരുന്ന പഠിച്ച കുട്ടികളുടെ മാർക്ക് 15 ശതമാനം വരെ താഴേക്ക് വന്നു. 62 ശതമാനം ഫസ്റ്റ് ക്ലാസ് വാങ്ങിച്ചിരുന്ന കുട്ടികൾ 42 ശതമാനമായി തേർഡ് ക്ലാസിലേക്ക് താഴ്ന്നിറങ്ങി.

എന്നാൽ കിഴക്കോട്ട് തിരിഞ്ഞിരുന്ന് പഠിച്ച കുട്ടികളുടെ മാർക്ക് ആറ് മാസം കൊണ്ട് 15 ശതമാനം മേൽപോട്ട് വന്നു. 42 ശതമാനം തേർഡ് ക്ലാസ് വാങ്ങിച്ചിരുന്ന കുട്ടികൾ 62 ശതമാനം വാങ്ങി ഫസ്റ്റ് ക്ലാസിലേക്ക് ഉയർന്നു. ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർമാർ വൈസ് ചാൻസലർക്ക് റിപ്പോർട്ട് ചെയ്തു. വൈസ് ചാൻസലറോട് പറഞ്ഞു, ആ ഹോസ്റ്റൽ ഇടിച്ചു നിരത്താൻ. ആ ഹോസ്റ്റൽ ഇടിച്ചു നിരത്തി, എല്ലാവരും കിഴക്കോട്ട് തിരിഞ്ഞിരുന്ന് പഠിക്കുന്ന ഒരു ഹോസ്റ്റൽ  പുനർനിർമ്മിച്ചു.'' 

 

അഭിരാം അരുണിന്റെ കണ്ടെത്തൽ

കൊല്ലം ജില്ലയിലെ കാരംകോട് വിമല സെൻട്രൽ സ്കൂൾ വിദ്യാർത്ഥിയാണ് അഭിരാം അരുൺ. ഒറ്റക്കേൾവിയിൽ തന്നെ  വീഡിയോയിലെ പരാമർശങ്ങളിൽ സംശയം തോന്നി എന്ന് അഭിരാം പറയുന്നു. ഇതിന് പിന്നാലെ അഭിരാം വിശദാംശങ്ങൾ തേടി ഹാ‌‌ർവാർഡ് സ‌ർവ്വകലാശാലയ്ക്ക് തന്നെ മെയിലയച്ചു. അതിന് മറുപടിയും വന്നു. ഇങ്ങനെ ഒരു കാര്യം കേട്ടിട്ടില്ലെന്നായിരുന്നു സ‌ർവ്വകലാശാലയുടെ മറുപടി. ഈ മറുപടി വച്ച് ശാസ്ത്രകേരളം എന്ന ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരണത്തിൽ അഭിരാം ലേഖനം എഴുതി നൽകി. 

'ഒരു ഹാർവാർഡ് അപാരത' എന്ന തലക്കെട്ടോടെയാണ് ശാസ്ത്രകേരളം മാസികയിൽ അഭിരാമിന്റെ ലേഖനം പ്രസിദ്ധീരിച്ചത്. ''അച്ഛൻ പരിഷത്തുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്ന ആളാണ്. അച്ഛൻ ഒരു സുഹൃത്തുമായി ഞാൻ മെയിലയച്ച കാര്യം ചർച്ച ചെയ്തിരുന്നു. അവരാണ് ഈ മാസികയെക്കുറിച്ച് പറഞ്ഞതും താത്പര്യമെങ്കിൽ ഇതിനെക്കുറിച്ച് എഴുതാനും ആവശ്യപ്പെട്ടത്. കഴിഞ്ഞ ആഴ്ചയാണ് ആർട്ടിക്കിൾ പ്രസിദ്ധീകരിച്ചത്. മാസിക ഇന്നലെ കിട്ടി. ആർട്ടിക്കിൾ വന്നതിനെക്കുറിച്ച് ​ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത് അച്ഛനാണ്.'' അതിൽ നിന്നാണ് ഇത്രയും വൈറലായതെന്നും അഭിരാം വ്യക്തമാക്കുന്നു.

അലക്സാണ്ടർ ജേക്കബിന്റെ ന്യായീകരണം

ഹാർവാ‍ർഡ് ഹോസ്റ്റൽ സോഷ്യൽ മീ‍ഡിയയിൽ പുതിയ മീമുകൾ സൃഷ്ടിച്ച് ട്രോളുകളിൽ നിറഞ്ഞപ്പോൾ വിശദീകരണവുമായി മുൻ ഡിജിപി തന്നെ രം​ഗത്ത് വന്നു.  തന്റെ പ്രസംഗത്തിലെ പരാമർശത്തിലെ പിഴവ് കണ്ടെത്തിയ പ്ലസ് ടു വിദ്യാർഥിയെ മുൻ ഡിജിപി അഭിനന്ദിക്കുകയും ചെയ്തു. തന്റെ പ്രസംഗത്തിലെ ഒരു ഭാഗം മാത്രമാണ് അടർത്തിയെടുത്ത് പ്രചരിപ്പിച്ചതെന്നാണ് അലക്സാണ്ടർ ജേക്കബ് പറയുന്നത്. ഒന്നരമണിക്കൂറോളം നീണ്ട ക്ലാസിനൊടുവിൽ വിരസത അകറ്റാൻ വേണ്ടി പറഞ്ഞ കഥയാണെന്നാണ് മുൻ ഡിജിപിയുടെ വിശദീകരണം.

''ഒരു സന്യാസി ന്യൂയോർക്കിൽ വെള്ളക്കാരോട് നടത്തിയ പ്രസംഗമാണ് താൻ ഉദ്ധരിച്ചത്, യൂട്യൂബിൽ കണ്ടതാണ് ഈ പ്രസംഗം.‌‌ ഒരു സന്യാസി വര്യൻ കള്ളം പറയുമെന്ന് കരുതിയില്ല'' ഇതാണ് അലക്സാണ്ട‌ർ ജേക്കബിന് പറയാനുള്ളത്. ഹാർവാഡിലെ സൈക്കോളജി വിഭാഗം നടത്തിയ പഠനത്തെ കുറിച്ച് ചരിത്ര വിഭാഗത്തോടാണ് അഭിരാം വിശദീകരണം ചോദിച്ചതെന്ന് പറയുന്ന മുൻ ‍ഡിജിപി ഒരു പക്ഷേ സൈക്കോളജി വിഭാഗം നടത്തിയ പഠനത്തെ കുറിച്ച് അറിയില്ല എന്നായിരിക്കാം ചരിത്ര വിഭാഗം മറുപടി നൽകിയത് എന്നും അവകാശപ്പെട്ടു. 

പതിറ്റാണ്ട് പഴക്കമുള്ള വ്യാജ സന്ദേശവുമായി എത്തിയ ഹരിശ്രീ അശോകൻ

ഇന്ത്യയുടെ ദേശീയഗാനം ലോകത്തെ ഏറ്റവും മികച്ചതായി യുനസ്‌‌കോ (UNESCO) തെരഞ്ഞെടുത്തു എന്ന വ്യാജ സന്ദേശം ഫേസ്‌ബുക്കില്‍ പങ്കുവെച്ച് അബദ്ധത്തിൽ ചാടിയത് മലയാളികളുടെ പ്രിയപ്പെട്ട നടൻ ഹരിശ്രീ അശോകനാണ്. ഒരു പതിറ്റാണ്ടിലേറെ പഴക്കമുള്ള വ്യാജ പ്രചാരണമാണ് ഹരിശ്രീ അശോകന്‍ ഷെയര്‍ ചെയ്‌ത് പുലിവാല്‍ പിടിച്ചത്. 'എല്ലാവര്‍ക്കും അഭിനന്ദങ്ങള്‍. നമ്മുടെ ദേശീയഗാനമായ ജനഗണമന ലോകത്തെ ഏറ്റവും മികച്ചതായി യുനസ്‌കോ അല്‍പം മുമ്പ് തെരഞ്ഞെടുത്തിരിക്കുന്നു' എന്ന് തുടങ്ങുന്ന സന്ദേശമാണ് ഹരിശ്രീ അശോകന്‍ പങ്കുവെച്ചത്.

ജനഗണമനയിലെ ഓരോ വാക്കിന്‍റേയും അര്‍ഥം വിശദമാക്കുന്ന നീണ്ട കുറിപ്പ് ഇതിനൊപ്പമുണ്ടായിരുന്നു. ദേശീയഗാനത്തിന്‍റെ അര്‍ഥം എല്ലാവരും മനസിലാക്കാന്‍ കൂടുതല്‍ പേരിലേക്ക് ഷെയര്‍ ചെയ്യാനും സന്ദേശത്തില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹരിശ്രീ അശോകന്‍ പങ്കുവെച്ച സന്ദേശം വ്യാജമാണ് എന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പേ തെളിഞ്ഞതാണ്. ഈ സന്ദേശം മുമ്പും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. 2008ല്‍ ഈ സന്ദേശം ഈ-മെയില്‍ വഴി പ്രചരിച്ചിരുന്നു. അന്ന് സന്ദേശം തെറ്റാണെന്ന് ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്‌തതാണ്. പിന്നീട് 2018ലും 2019ലും ഉള്‍പ്പടെ സമാന വ്യാജ സന്ദേശം വൈറലായി. 

click me!