
ഇറ്റലി: മലമുകളില്‍ നിന്നുള്ള സാഹസികച്ചാട്ടത്തിനിടെ സാങ്കേതികപ്പിഴവ് പാറക്കെട്ടുകളിലേക്ക് തലയിടിച്ച് വീണ് യുവാവ്. ഇറ്റലിയിലെ ട്രെന്‍റോയിലെ മോന്‍റെ ബ്രെന്‍റോ മലയിടുക്കില്‍ സാഹസിക പ്രകടനത്തിനെത്തിയ യുവാവിനാണ് ഗുരുതര പരിക്കേറ്റത്. കഴിഞ്ഞ ദിവസം നടന്ന അപകടത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം പുറം ലോകമറിയുന്നത്.
നിരവധി മലയിടുക്കുകളില്‍ സാഹസിക പ്രകടനം നടത്തി പ്രസിദ്ധനായ കാള്‍ എന്ന യുവാവിനാണ് ഗുരുതര പരിക്കേറ്റത്. വിങ് സ്യൂട്ടുമായി കൈകളില്‍ ഘടിപ്പിച്ച ക്യാമറയുമായി മലയിടുക്കിലേക്ക് കാള്‍ ചാടുകയായിരുന്നു. എന്നാല്‍ വിങ്സ്യൂട്ട് പ്രവര്‍ത്തിക്കാതെ വന്നതോടെ കാള്‍ പരിഭ്രാന്തനാവുന്നതും പാരച്യൂട്ട് തുറക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ പാരച്യൂട്ട് തുറക്കാന്‍ താമസം നേരിട്ടതോടെയാണ് യുവാവ് വന്‍ അപകടത്തില്‍പ്പെട്ടത്.
പാരച്യൂട്ടിന്‍റെ വള്ളികള്‍ പിടിച്ച് തുറക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ കൈകളില്‍ ഘടിപ്പിച്ച ക്യാമറയിലാണ് അപകട ദൃശ്യങ്ങള്‍ പതിഞ്ഞത്.
വന്‍പാറക്കെട്ടുകളിലേക്ക് കാലുകള്‍ ഇടിച്ച് ഇറങ്ങാനുള്ള ശ്രമങ്ങള്‍ പാളിപ്പോയതിന് പിന്നാലെ പാരച്യൂട്ടിന്‍റെ നിയന്ത്രണം നഷ്ടമായി കാള്‍ മലയിടുക്കിലേക്ക് വീഴുകയായിരുന്നു. പാരച്യൂട്ട് പൂര്‍ണമായി നിവരാതെ വന്നതോടെയാണ് അപകടമുണ്ടായത്.
പകുതി തുറന്ന പാരച്യൂട്ടുമായി പാറകളില്‍ പിടിച്ച് കയറാന്‍ ശ്രമിക്കുന്ന കാള്‍ വേദന മൂലം നിലവിളിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഇയാളെ പിന്നീട് വിമാനമാര്‍ഗ്ഗം ആശുപത്രിയിലെത്തിച്ചു.
ചികിത്സയോട് നല്ല രീതിയില്‍ കാള്‍ പ്രതികരിക്കുന്നുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. തലനാരിഴയക്കാണ് യുവാവ് രക്ഷപ്പെട്ടതെന്നും ആളപായമുണ്ടാകാതിരുന്നത് അത്ഭുതകരമാണെന്നും രക്ഷാപ്രവര്‍ത്തനം നടത്തിയ അധികൃതര്‍ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam