Latest Videos

കട്ടച്ചങ്ക്, ഇടയ്ക്ക് ഉടക്കും, ഒടുവിൽ ചതി; അരിക്കൊമ്പനെ മയക്കുവെടിവെക്കാൻ 'സഹായിച്ചത്' ചക്കക്കൊമ്പൻ

By Web TeamFirst Published May 2, 2023, 8:14 AM IST
Highlights

ഇരുവരും തമ്മിലുണ്ടായ സംഘർഷത്തിലെ പരുക്കാണ് ചക്കക്കൊമ്പൻെ തുമ്പക്കയിയിലിപ്പോഴുമുള്ളത്. മദപ്പാടുള്ള സമയത്ത് ഇണചേരാൻ മാത്രമാണ് കൊമ്പൻമാർ പിടിയാനക്കൂട്ടത്തിനൊപ്പമെത്തുന്നതെന്നും സ്ഥിരമായി ഒരു കൂട്ടത്തിനൊപ്പമാകണമെന്നില്ലെന്നുമാണ് വന്യ ജീവി വിദഗ്ദ്ധർ പറയുന്നത്.

മൂന്നാർ: അരിക്കൊമ്പനെ മയക്കു വെടിവെക്കാൻ സൗകര്യപ്രദമായ സ്ഥലത്ത് എത്തിച്ചതിൽ ദൗത്യ സംഘത്തിനൊപ്പം മറ്റൊരാൾക്കും കൂടെ പങ്കുണ്ട്. മറ്റാരുമല്ല അരിക്കൊമ്പന്റെ സുഹൃത്തായ ചക്കക്കൊമ്പൻ തന്നെയാണ് ദൗത്യ സംഘത്തിനു മുന്നിലെത്തിച്ചത്. മദപ്പാടിനെ തുടർന്ന് ഇരുവരം തമ്മിലുണ്ടായ സംഘർഷമാണ് കാരണം.

അരിക്കൊമ്പനും ചക്കക്കൊമ്പനും സുഹൃത്തുക്കളാണ്. എന്നാൽ ഇടക്കിടെ ഇരുവരും തമ്മിൽ വഴക്കു കൂടും. തുമ്പിക്കൈക്ക് ഒന്നോ രണ്ടോ അടി കിട്ടി നോവുമ്പോൾ ആരെങ്കിലും ഒരാൾ പിന്മാറുന്നതോടെ ഇത് അവസാനിക്കും. വീണ്ടും കണ്ടുമുട്ടുമ്പോൾ സുഹൃത്തുക്കളാകുകയും ചെയ്യും. മദപ്പാടിലായിരുന്ന അരിക്കൊമ്പൻ കഴിഞ്ഞ ഒരു മാസത്തോളമായി രണ്ടു കുട്ടിയാനകളും പിടിയാനകളുമുള്ള കൂട്ടത്തിനൊപ്പമായിരുന്നു. 


ഇതിനിടെ കഴിഞ്ഞ ദിവസം മുതൽ ചക്കക്കൊമ്പനും മദപ്പാട് തുടങ്ങി. അരിക്കൊമ്പനുള്ള കൂട്ടത്തിനൊപ്പം ചക്കക്കൊമ്പനുമെത്തി. ഇത് അരിക്കൊമ്പന് ഇഷ്ടമായില്ല. ഇരുവരും തമ്മിൽ കുത്തുണ്ടായി. മദപ്പാടുള്ള കൊമ്പനൊപ്പം മറ്റൊരെണ്ണമെത്തുന്നത് പലപ്പോഴും സംഘർഷത്തിനു കാരണമാകാറുണ്ട്. പരാജയപ്പെട്ട അരിക്കൊമ്പൻ ശങ്കരപാണ്ഡ്യമെട്ടിലേക്ക് കടന്നു. രണ്ടു ദിവസം അവിടെ നിന്നു. അടികൊണ്ടതിന്റെ പകരം വീട്ടാൻ രാത്രി ദേശീയ പാത മുറിച്ചു കടന്ന് ഒൻപതു കിലോമീറ്ററോളം നടന്ന് തിരികെ സിമൻറു പാലത്തെത്തി. ചക്കക്കൊമ്പനുമായി ഏറ്റുമുട്ടിയ ശേഷം സൂര്യനെല്ലി ഭാഗത്തേക്ക് പോയി. ചക്കക്കൊമ്പൻ പുറകെയെത്തി. ഈ സമയത്താണ് ഇരുവരും ദൗത്യ സംഘത്തിന്റെ മുന്നിലകപ്പെടുന്നത്. ഡോ. അരുൺ സഖറിയ ഉൾപ്പെടെയുള്ളവരും ഇവിടേക്കെത്തി. വെടി വച്ച് ചക്കക്കൊമ്പനെ അകറ്റി.

അരിക്കൊമ്പൻ തമിഴ്നാട് അതിർത്തിയിലെ വനമേഖലയിൽ, നിരീക്ഷണം തുടർന്ന് വനംവകുപ്പ്

അരിക്കൊമ്പൻ സിമൻറുപാലം ഭാഗത്തേക്ക് നടന്നു. എന്നാൽ ചക്കക്കൊമ്പൻ വിട്ടു കൊടുക്കാൻ തയ്യാറായില്ല. പുറകെയെത്തി. ഇവനെ പേടിച്ചു നീങ്ങിയ അരിക്കൊമ്പൻ ചെന്നു പെട്ടത് മയക്കു വെടി വയ്ക്കാൻ ഉന്നം പിടിച്ചു നിൽക്കുന്ന ദൗത്യസംഘത്തിനു മുൻപിലാണ്. അരിക്കൊമ്പന് മയക്കു വെടിയേറ്റതോടെ അപകടം മണത്ത ചക്കക്കൊമ്പൻ പിന്മാറുകയായിരുന്നു. അങ്ങനെ അറിഞ്ഞോ അറിയാതെയോ ചക്കക്കൊമ്പനും ദൗത്യ സംഘത്തെ സഹായിക്കുകയും അരിക്കൊമ്പനെ വെട്ടിലാക്കുകയും ചെയ്തു. ഇരുവരും തമ്മിലുണ്ടായ സംഘർഷത്തിലെ പരുക്കാണ് ചക്കക്കൊമ്പൻെ തുമ്പക്കയിയിലിപ്പോഴുമുള്ളത്. മദപ്പാടുള്ള സമയത്ത് ഇണചേരാൻ മാത്രമാണ് കൊമ്പൻമാർ പിടിയാനക്കൂട്ടത്തിനൊപ്പമെത്തുന്നതെന്നും സ്ഥിരമായി ഒരു കൂട്ടത്തിനൊപ്പമാകണമെന്നില്ലെന്നുമാണ് വന്യ ജീവി വിദഗ്ദ്ധർ പറയുന്നത്. മദപ്പാട് മാറുന്നതോടെ ഇവർ കൂട്ടത്തിൽ നിന്നും അകലുകയും ചെയ്യും.

click me!