ഈ സ്ഥലത്തെ കിളികളെല്ലാം ചത്തുവീഴുന്നു; കൂട്ടക്കുരുതിക്ക് പിന്നാലെ കൂടുകള്‍ പരിശോധിച്ചവര്‍ നടുങ്ങി

By Web TeamFirst Published Nov 17, 2019, 8:38 PM IST
Highlights

ദിവസങ്ങള്‍ മാത്രം പ്രായമുള്ള കിളിക്കുഞ്ഞുങ്ങള്‍ പോലും കൂട്ടില്‍ നിന്ന് നിലത്ത് വീഴുന്നത് പതിവായതോടെയാണ്  പരിസ്ഥിതി ഗവേഷകര്‍ സംഭവം ശ്രദ്ധിക്കുന്നത്.  ഫംഗസ് ബാധക്കെതിരെയുള്ള 36 ഇനത്തില്‍പ്പെട്ട കീടനാശിനികളും, കളനാശിനിയും, നിരോധിക്കപ്പെട്ട കീടനാശിനിയായ ഡിഡിറ്റി ഉള്‍പ്പെടെയുള്ളവയുടെ സാന്നിധ്യമാണ് കൂടുകളില്‍ കണ്ടെത്തിയത്

ബ്രസ്സല്‍സ്(ബെല്‍ജിയം): മനുഷ്യന്‍റെ ശ്രദ്ധയില്ലാത്ത ഇടപെടലുകള്‍ ജീവികള്‍ക്കുണ്ടാക്കുന്ന നഷ്ടത്തിന്‍റെ ഒടുവിലെ ഉദാഹരണമായി ബെല്‍ജിയത്തില്‍ നിന്നുള്ള വാര്‍ത്ത. ബെല്‍ജിയത്തിലെ ബ്രസല്‍സില്‍ പൂന്തോട്ടങ്ങളില്‍ കൂടുകൂട്ടുന്ന തരം കിളികള്‍ വ്യാപകമായി ചത്ത് വീഴാന്‍ തുടങ്ങി. ദിവസങ്ങള്‍ മാത്രം പ്രായമുള്ള കിളിക്കുഞ്ഞുങ്ങള്‍ പോലും കൂട്ടില്‍ നിന്ന് നിലത്ത് വീഴുന്നത് പതിവായതോടെയാണ്  പരിസ്ഥിതി ഗവേഷകര്‍ സംഭവം ശ്രദ്ധിക്കുന്നത്.

കൂട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും പ്രായമാകാത്ത കിളികള്‍ അടക്കമാണ് കൂടുകളില്‍ ജീവന് വേണ്ടി മല്ലിടാന്‍ തുടങ്ങിയത്. അന്വേഷണത്തില്‍ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍. കീടനാശിനികളുടെ വ്യാപകമായ രീതിയിലുള്ള ഉപയോഗമാണ് കിളികളുടെ കൂട്ടക്കുരുതിക്ക് കാരണമായത്. പരിശോധനക്ക് വിധേയമാക്കിയ 95 കൂടുകളില്‍ 85 എണ്ണത്തിലും അപകടകരമായ രീതിയില്‍ കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. 

ഫംഗസ് ബാധക്കെതിരെയുള്ള 36 ഇനത്തില്‍പ്പെട്ട കീടനാശിനികളും, കളനാശിനിയും, നിരോധിക്കപ്പെട്ട കീടനാശിനിയായ ഡിഡിറ്റി ഉള്‍പ്പെടെയുള്ളവയുടെ സാന്നിധ്യമാണ് കൂടുകളില്‍ കണ്ടെത്തിയത്. 1974 മുതല്‍ നിരോധിച്ചിട്ടുള്ള ഡിഡിറ്റിയുടെ സാന്നിധ്യം കൂടുകളില്‍ അപകടകരമായ തോതിലാണുള്ളതെന്നും വിദഗ്ധര്‍ വിശദമാക്കുന്നു. കിളിക്കൂടുകളുടെ സാംപിളുകള്‍ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് റിപ്പോര്‍ട്ട് പുറത്ത് വന്നത്. 

രണ്ട് മാസം പ്രായമുള്ളതും ഒരിക്കല്‍ പോലും പുറത്തിറങ്ങിയിട്ടില്ലാത്തതുമായ കിളികള്‍ ചത്ത് വീഴുന്നത് അതീവ ദുഖകരമായ വിഷയമാണെന്ന് ഗവേഷകര്‍ പറയുന്നു. ചെടികളുടെ ഇലകള്‍ വ്യാപകമായി തിന്ന് നശിപ്പിക്കുന്ന ബോക്സ് ട്രീ മോത്ത് എന്ന ശലഭത്തിനെതിരെയും ചില തരം വിട്ടിലുകള്‍ക്കെതിരെയും പ്രയോഗിച്ച കീടനാശിനിയാണ് കിളികളുടെ കൂട്ടക്കുരുതിക്ക് കാരണമായതെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. ചത്ത് വീണതോ അല്ലെങ്കില്‍ ജീവനോടെയോ ഈ ശലഭങ്ങളെയോ വിട്ടിലുകളേയോ കിളികള്‍ ഭക്ഷിച്ചിരിക്കാമെന്നാണ് വിദഗ്ധര്‍ വിശദമാക്കുന്നത്. 

പൂന്തോട്ടങ്ങള്‍ പക്ഷി സൗഹാര്‍ദ്ദമാക്കി മാറ്റാന്‍ നടപടികള്‍ ശക്തമാക്കിയിരിക്കുകയാണ് ബ്രസ്സല്‍സിലെ ഭരണകൂടം. പഴ വര്‍ഗങ്ങളും വിത്തുകളും പൂന്തോട്ടങ്ങളില്‍ ഒരുക്കണമെന്നും നട്ടുവളര്‍ത്തണമെന്നും അധികാരികള്‍ നിര്‍ദേശിച്ചിട്ടുണ്ട്. 

click me!