
ദില്ലി: ഇറക്കം കുറഞ്ഞ വസ്‌ത്രം ധരിച്ചതിന് തങ്ങളെ ആക്ഷേപിച്ച മധ്യവയസ്‌കയെ പാഠം പഠിപ്പിച്ച് ഒരു കൂട്ടം പെണ്‍കുട്ടികള്‍. അങ്ങനെ വസ്‌ത്രം ധരിക്കുന്നവര്‍ ബലാത്സംഗം ചെയ്യപ്പെടേണ്ടവരാണ് എന്നായിരുന്നു മധ്യവയസ്‌കയുടെ നിലപാട്. പെണ്‍കുട്ടികളോട് രൂക്ഷമായി സംസാരിച്ച അവര്‍ സമീപത്തുണ്ടായിരുന്ന പുരുഷന്മാരോട് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യാനും ആവശ്യപ്പെട്ടെന്നാണ് ആരോപണം. വിവാദപരാമര്‍ശത്തിന് പെണ്‍കുട്ടികള്‍ അവരെക്കൊണ്ട് മാപ്പ് പറയിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി.
ഭക്ഷണം കഴിക്കാന്‍ ദില്ലി സോഹ്നാ റോഡിലുള്ള റെസ്റ്റോറന്റിലെത്തിയ തന്നോടും സുഹൃത്തുക്കളോടും അവിടെയുണ്ടായിരുന്ന ഒരു സ്‌ത്രീ മോശമായി പെരുമാറുകയായിരുന്നെന്നാണ് ശിവാനി ഗുപ്‌ത എന്ന പെണ്‍കുട്ടി ഫേസ്‌ബുക്ക് കുറിപ്പില്‍ പറയുന്നത്. പെണ്‍കുട്ടികളില്‍ ഒരാളുടെ വസ്‌ത്രത്തിന് ഇറക്കം പോരാ എന്നായിരുന്നു സ്‌ത്രീയുടെ പരാതി. ഇത്തരം വസ്‌ത്രം ധരിക്കാന്‍ നാണമില്ലേ എന്ന് ചോദിച്ചായിരുന്നു സ്‌ത്രീ ബഹളം തുടങ്ങിയത്. റെസ്‌റ്റോറന്റിലുണ്ടായിരുന്ന ഏഴ് പുരുഷന്മാരോട് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യാന്‍ ആ സ്‌ത്രീ ആവശ്യപ്പെട്ടെന്നും ശിവാനി പറയുന്നു.
തുടര്‍ന്ന് ആ സ്‌ത്രീ തങ്ങളോട് മാപ്പ് പറഞ്ഞേ മതിയാവൂ എന്ന് പെണ്‍കുട്ടികള്‍ നിര്‍ബന്ധം പിടിച്ചു. തന്നെ മൊബൈല്‍ ക്യാമറയുമായി പിന്തുടര്‍ന്ന പെണ്‍കുട്ടികളോട് മാപ്പ് പറയാന്‍ അവരാദ്യം തയ്യാറായില്ല. തുടര്‍ന്ന് വന്‍ വാഗ്വാദമാണ് ഇരുകൂട്ടരും തമ്മിലുണ്ടായത്. വീണ്ടും പെണ്‍കുട്ടികളെ കുറ്റപ്പെടുത്തി സംസാരിച്ച സ്‌ത്രീ പൊലീസിനെ വിളിക്കാന്‍ കടക്കാരനോട് ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം. രണ്ട് വയസ്സുള്ള കുഞ്ഞും 80 വയസ്സുള്ള സ്‌ത്രീയും ബലാത്സംഗം ചെയ്യപ്പെടുന്നത് വസ്‌ത്രധാരണരീതിയുടെ കുഴപ്പം കൊണ്ടാണോയെന്ന് പെണ്‍കുട്ടികള്‍ ചോദിക്കുന്നതും വീഡിയോയിലുണ്ട്.
ഒടുവില്‍ പെണ്‍കുട്ടികളുടെ ഇച്ഛാശക്തിക്ക് മുമ്പില്‍ കീഴടങ്ങി വീഡിയോയില്‍ പ്രതികരിക്കാന്‍ ആ സ്‌ത്രീ തയ്യാറായി. മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടി ഈ പെണ്‍കുട്ടികള്‍ ഇറക്കം കുറഞ്ഞ വസ്‌ത്രങ്ങള്‍ ധരിക്കുന്നത് നല്ല കാര്യമാണെന്നായിരുന്നു പരിഹാസ രീതിയിലുള്ള പ്രതികരണം. ഇറക്കം കുറഞ്ഞ വസ്‌ത്രം ധരിക്കുന്നവരും വസ്‌ത്രമേ ധരിക്കാത്തവരും ബലാത്സംഗം ചെയ്യപ്പെടേണ്ടവരാണ്. പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ഈ വീഡിയോ കാണുന്നുണ്ടെങ്കില്‍ ഇവരെ നിയന്ത്രിക്കണമെന്നും വീഡിയോയില്‍ അവര്‍ പറയുന്നുണ്ട്. കടയിലുണ്ടായിരുന്ന മറ്റ് ചില മുതിര്‍ന്ന സ്‌ത്രീകളും പെണ്‍കുട്ടികളെ പിന്തുണച്ച് സ്‌ത്രീയോട് സംസാരിക്കുന്നത് വീഡിയോയില്‍ കാണാം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam