'ജാഗ്രത പാരഡിയിലൂടെയും'; ഹരിവരാസനം മാതൃകയില്‍ 'കൊറോണ ശ്ലോക'വുമായി ഡോക്ടര്‍, ഹിറ്റാക്കി സോഷ്യല്‍ മീഡിയ

By Web TeamFirst Published Mar 25, 2020, 3:04 PM IST
Highlights

മൂന്നു ദിവസങ്ങള്‍ക്ക് മുമ്പ് ഡോക്ടര്‍ അന്‍ജിത് ഫേസ്ബുക്കില്‍ കുറിച്ച ശ്ലോകമിപ്പോള്‍ വീഡിയോയാക്കിയും മറ്റും രസകരമായ രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ ഹിറ്റാകുകയാണ്. ഇടയ്ക്ക കലാകാരന്‍ ഡോ. ടി എ കൃഷ്ണകുമാറടക്കം ഒട്ടേറെപ്പേര്‍ ഈ ശ്ലോകത്തിന് ശബ്ദം നല്‍കുകയും ചെയ്തു. 

തിരുവനന്തപുരം: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വ്യക്തിശുചിത്വവും ശാരീരിക അകലവും ഉള്‍പ്പെടെ പാലിക്കേണ്ട ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പല രീതിയില്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ തിരക്കിലാണ് അധികൃതര്‍. ഔദ്യോഗിക അറിയിപ്പുകള്‍, ഉച്ചഭാഷിണിയിലൂടെയുള്ള അനൗണ്‍സ്‌മെന്റുകള്‍, വീഡിയോകള്‍, ട്രോളുകള്‍ എന്നിങ്ങനെ തമാശയും വിനോദവുമെല്ലാം കലര്‍ത്തി കൊവിഡിനെ പ്രതിരോധിക്കാനുള്ള ബോധവല്‍ക്കരണം ആളുകളിലേക്ക് എത്തുകയാണ്. സോഷ്യല്‍ മീഡിയയിലൂടെയുള്ള ഇത്തരം ബോധവല്‍ക്കരണ സന്ദേശങ്ങളില്‍ ശ്രദ്ധേയമാകുകയാണ് ഒരു ശ്ലോകം, വെറും ശ്ലോകമല്ല മഹാമാരിയെ ചെറുക്കാന്‍ അറിഞ്ഞിരിക്കേണ്ട കൊവിഡ് ശ്ലോകമാണിത്. ഡോക്ടറായ അന്‍ജിത് ഉണ്ണി എഴുതിയ ശ്ലോകമിപ്പോള്‍ സാമൂഹിക മാധ്യമങ്ങള്‍ മുഴുന്‍ ഏറ്റുപാടുകയാണ്. 

ഹരിവരാസനം കീര്‍ത്തനത്തിന്റെ മാതൃകയില്‍ പാരഡിയായാണ് മഞ്ചേരി മെഡിക്കല്‍ കോളേജിലെ പാത്തോളജിസ്റ്റായ അന്‍ജിത് ഉണ്ണി ഈ നാലുവരി കവിതയെഴുതിയിരിക്കുന്നത്.

ഡോക്ടറുടെ കൊവിഡ് ശ്ലോകം;

'അകലപാലനം വിശ്വരക്ഷകം
ഹസ്തവാഷിതം കൊറോണനാശകം...
ഭവനവാസിതം ഹര്‍ഷകാരകം
കോവിഡാന്തകം ശാസ്ത്രമാശ്രയേ....'

ആളുകളില്‍ നിന്ന് അകലം പാലിക്കുക, എങ്കിലേ ലോകത്തെ മുഴുവന്‍ കൊവിഡില്‍ നിന്ന് രക്ഷിക്കാനാകൂ, ഇടവിട്ട് കൈകള്‍ കഴുകുക, എങ്കിലേ കൊറോണയെ നശിപ്പിക്കാനാവൂ, പുറത്തിറങ്ങാതെ വീട്ടില്‍ സന്തോഷമായിരിക്കുക, രോഗത്തെ ഇല്ലാതാക്കാന്‍ ശാസ്ത്രത്തെ ആശ്രയിക്കൂ...ഇതാണ് ശ്ലോകത്തിന്റെ അര്‍ത്ഥം.

മൂന്നു ദിവസങ്ങള്‍ക്ക് മുമ്പ് ഡോക്ടര്‍ അന്‍ജിത് ഫേസ്ബുക്കില്‍ കുറിച്ച ശ്ലോകമിപ്പോള്‍ വീഡിയോയാക്കിയും മറ്റും രസകരമായ രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ ഹിറ്റാകുകയാണ്. ഇടയ്ക്ക കലാകാരന്‍ ഡോ. ടി എ കൃഷ്ണകുമാറടക്കം ഒട്ടേറെപ്പേര്‍ ഈ ശ്ലോകത്തിന് ശബ്ദം നല്‍കുകയും ചെയ്തു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!