
സെന്‍റ് പീറ്റേഴ്സ്ബര്‍ഗ്: ശരണാലയത്തിലെ അഗതികളെ അഗ്നിബാധയില്‍ നിന്ന് രക്ഷപ്പെടുത്തി ഗര്‍ഭിണിയായ നായ. പ്രായമായ ആളുകളെയും രോഗാതുരരായവരേയും സംരക്ഷിക്കുന്ന കെയര്‍ ഹോമിലെ അഗ്നിബാധയില്‍ ജീവന്‍ പണയം വെച്ചായിരുന്നു നായയുടെ സാഹസം. റഷ്യയിലെ ലെനിന്‍ഗാര്‍ഡ് മേഖലയിലാണ് സംഭവം.
ശരണാലയത്തിലെ അഗ്നി ബാധ കണ്ടതിന് പിന്നാലെ കുരച്ച് ബഹളം വച്ച് യജമാനനെ അലെര്‍ട്ട് ചെയ്ത ശേഷം നായ കെട്ടിടത്തിനുള്ളിലേക്ക് കയറുകയായിരുന്നു. നാലുപേരെയാണ് മെറ്റില്‍ഡ എന്ന ഈ നായ രക്ഷപ്പെടുത്തിയത്. ഇതിനിടെ കെട്ടിടത്തില്‍ കുടുങ്ങിപ്പോയ നായയെ സ്ഥലത്തെത്തിയ അഗ്നിശമന സേന ഗുരുതര പൊള്ളലുകളോടെ പുറത്തെത്തിക്കുകയായിരുന്നു.
ശരീരത്തില്‍ ആകമാനം പൊള്ളലേറ്റിട്ടുണ്ടെങ്കിലും മെറ്റില്‍ഡയുടെ കുഞ്ഞുങ്ങള്‍ക്ക് പരിക്കില്ലെന്നാണ് നായയെ പരിശോധിച്ച മൃഗരോഗ വിദഗ്ധന്‍ പറയുന്നത്. ജീവന്‍ പണയം വച്ച് മനുഷ്യരുടെ ജീവന് വിലകൊടുത്ത നായയ്ക്ക് സമൂഹമാധ്യമങ്ങളില്‍ അഭിനന്ദന പ്രവാഹമാണ്. രക്ഷാപ്രവര്‍ത്തനത്തിനിടെ മെറ്റില്‍ഡയുടെ മുഖം, കഴുത്ത്, വയറലുമാണ് ഗുരുതര പൊള്ളലേറ്റിരിക്കുന്നത്. വയറിലെ പൊള്ളല്‍ ഗുരുതരമായതിനാല്‍ പ്രസവശേഷം കുഞ്ഞുങ്ങള്‍ക്ക് പാലുനല്‍കാന്‍ മെറ്റില്‍ഡയ്ക്ക് കഴിയില്ലെന്നാണ് വെറ്റിനറി വിദഗ്ധര്‍ പറയുന്നു.
സ്കാനിംഗില്‍ കുഞ്ഞുങ്ങള്‍ക്ക് തകരാറില്ലെന്നും വിദഗ്ധര്‍ പറയുന്നു. മരം കൊണ്ടുള്ള കെട്ടിടമായതിനാല്‍ മെറ്റില്‍ഡയുടെ ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ രോഗികളുടെ ജീവന്‍ അപകടത്തിലായേനെയെന്നാണ് അഗ്നിശമന സേനാംഗങ്ങള്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. നായയുടെ ചികിത്സയ്ക്കായി റഷ്യയിലെ മൃഗസ്നേഹികള്‍ പണം സ്വരൂപിക്കുകയാണ്. മൃഗങ്ങളെ സംരക്ഷിക്കുന്ന സോറ്റ്നിക്കോവ് ഷെല്‍ട്ടറിലാണ് മെറ്റില്‍ഡ ഇപ്പോഴുള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam