
ബംഗലൂരു: മദ്യലഹരിയിൽ കാട്ടാനയെ ഉമ്മ വയ്ക്കാൻ ശ്രമിച്ച യുവാവിന് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്. ബംഗളൂരുവിൽ നിന്നും 50 കിലോമീറ്റർ അകലെ മലൂർ എന്ന സ്ഥലത്താണ് സംഭവം. 24 കാരനായ യുവാവാണ് ഗുരുതരമായ പരിക്കേറ്റ് ആശുപത്രിയിലുള്ളത്. കർണാടക-തമിഴ്നാട് അതിർത്തി പ്രദേശത്തുള്ള ഈ ഗ്രാമത്തിൽ കാട്ടാനയിറങ്ങുന്നത് പതിവാണ്.
സംഭവ ദിവസം നാട്ടിലിറങ്ങിയ ആറ് കാട്ടാനകളെ പോലീസ് ഉദ്യോഗസ്ഥരും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് കാട്ടിലേക്ക് മടക്കി അയക്കാൻ ശ്രമിച്ചിരുന്നു. ഇവർക്കൊപ്പം പ്രദേശവാസികളുമുണ്ടായിരുന്നു. എന്നാൽ ഇവരോട് കൂടെ വരരുതെന്ന് അധികൃതർ നിർദ്ദേശം നൽകിയിരുന്നുവെങ്കിലും ഇത് അനുസരിക്കുവാൻ പ്രദേശവാസികൾ തയാറായിരുന്നില്ല.
ആനയെ കാട്ടിലേക്ക് തിരികെ ഓടിക്കുവാൻ അധികൃതർ ശ്രമിക്കുമ്പോൾ പ്രദേശവാസികൾ സെൽഫിയെടുക്കുവാൻ ശ്രമിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്തിരുന്നു. ഇതിൽ കലിപൂണ്ട ആന ജനങ്ങൾക്കു നേരെ ഓടിയടുത്തപ്പോൾ എല്ലാവരും തലങ്ങും വിലങ്ങും പാഞ്ഞു.
അൽപ്പ സമയത്തിനു ശേഷം പ്രദേശവാസിയായ രാജു എന്നയാളെ കാണാതായിരുന്നു. തുടർന്ന് എല്ലാവരും നടത്തിയ തെരച്ചിലിനൊടുവിലാണ് പരിക്കേറ്റ് രക്തം വാർന്ന് കിടക്കുന്ന രാജുവിനെ കണ്ടെത്തുന്നത്. ആനയെ കണ്ട് ഓടുന്നതിനിടെ യുക്കാലിപ്റ്റ്സ് മരത്തിൽ ഇടിച്ച് രാജുവിന് പരിക്കേറ്റതാകാമെന്നാണ് ആദ്യം കരുതിയത്.
എന്നാൽ ഒരു കന്നഡ സിനിമയിലെ രംഗം അനുകരിച്ച് ആനയെ ഉമ്മ വയ്ക്കാൻ രാജു ശ്രമിച്ചതാണ് അപകടകാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇപ്രകാരം താൻ ചെയ്യുമന്ന് രാജു പറഞ്ഞതായും പ്രദേശവാസികൾ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam