'കോളേജില്‍ എന്‍റെ ജൂനിയര്‍'; വിദ്യാര്‍ഥിയായ അച്ഛനെക്കുറിച്ചുള്ള മകളുടെ ഫേസ്ബുക്ക് കുറിപ്പ്

By Web TeamFirst Published Aug 7, 2019, 3:50 PM IST
Highlights

മകളുടെ ഫേസ്ബുക്ക് കുറിപ്പിന് വലിയ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. ആയിരക്കണക്കിന് ആളുകള്‍ ഇരുവരെയും അഭിനന്ദിച്ചു. 
 

മുംബൈ: പഠനത്തോട് അടങ്ങാത്ത അഭിനിവേശമുള്ള അച്ഛന്‍ ഒടുവില്‍ ആ തീരുമാനമെടുത്തു. മകള്‍ പഠിക്കുന്ന കോളേജില്‍ അഡ്മിഷനെടുക്കുക. അച്ഛന്‍റെ തീരുമാനത്തെ മകളും പൂര്‍ണമനസ്സോടെ പിന്തുണച്ചു. അങ്ങനെ, മകളോടൊപ്പം അച്ഛനും കോളേജില്‍ പോകാനാരംഭിച്ചു. ഫേസ്ബുക്ക് പേജായ ഹ്യൂമന്‍സ് ഓഫ് ബോംബെയിലാണ് മകള്‍ അച്ഛനെക്കുറിച്ച് കുറിപ്പെഴുതിയത്.  

'നിയമപഠനത്തില്‍ അച്ഛന്‍ വളരെ തല്‍പരനായിരുന്നു. ചെറുപ്പത്തില്‍ നിയമം പഠിക്കണമെന്നായിരുന്നു അദ്ദേഹത്തിന്‍റെ ആഗ്രഹം. എന്നാല്‍, സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം സാധിച്ചില്ല. പിന്നീട് കണ്‍സള്‍ട്ടന്‍റായി ഒരു കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. ഞാന്‍ എല്‍എല്‍ബിയാണ് പഠിക്കുന്നത്. എന്‍റെ വിഷയത്തെക്കുറിച്ചും പഠനത്തെക്കുറിച്ചും അച്ഛന്‍ എപ്പോഴും തിരക്കും. എന്‍റെ സഹോദരി ഡോക്ടറും രണ്ട് സഹോദരന്മാര്‍ അഭിഭാഷകരുമാണ്.

ഒരിക്കല്‍ നിയമം പഠിക്കണമെന്ന് അച്ഛന്‍ എന്നോട് പറഞ്ഞു. കൂട്ടുകാരോടും അടുപ്പമുള്ളവരോടും അഭിപ്രായം തേടി ഞാന്‍ പഠിക്കുന്ന കോളേജില്‍, എന്‍റെ ജൂനിയറായി അച്ഛനെത്തി. എന്‍റെ കൂട്ടുകാരോടൊത്ത് അച്ഛന്‍ ഇരിക്കുന്നു, സൗഹൃദം സ്ഥാപിക്കുന്നു. അച്ഛന്‍റെ തിരിച്ചുവരവ് എന്നില്‍ സന്തോഷമുണ്ടാക്കുന്നു. ഞങ്ങള്‍ക്ക് ഒരുമിച്ച് പ്രാക്ടീസ് തുടങ്ങാനാകുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.

അച്ഛന്‍ എനിക്കുവേണ്ടി എന്താണോ ചെയ്തത്, അതെല്ലാം തിരികെ നല്‍കാന്‍ എനിക്ക് സാധിക്കുമെന്ന് ഞാന്‍ കരുതുന്നു'.- മകള്‍ ഫേസ്ബുക്കില്‍ കുറിച്ചു. മകളുടെ ഫേസ്ബുക്ക് കുറിപ്പിന് വലിയ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. ആയിരക്കണക്കിന് ആളുകള്‍ ഇരുവരെയും അഭിനന്ദിച്ചു. 
 

click me!