
ചെന്നൈ: മിഗ്ജൗമ് ചുഴലിക്കാറ്റിനോട് അനുബന്ധിച്ചുണ്ടായ അതിതീവ്ര മഴ തമിഴ്‌നാട്ടിലെ ചെന്നൈ നഗരത്തെ ചില്ലറ വലയ്‌ക്കലൊന്നുമല്ല വലച്ചത്. ദിവസങ്ങളോളം നീണ്ടുനിന്ന മഴ നഗരത്തിന്‍റെ പല ഭാഗങ്ങളും വലിയ വെള്ളക്കെട്ടിലാക്കി. ഒരു ദിവസം കൂടി മഴ തുടര്‍ന്നിരുന്നേല്‍ വലിയ ദുരന്തമായി മാറുമായിരുന്നു 2023 ഡിസംബര്‍ ആദ്യ വാരമുണ്ടായ കനത്ത മഴ. അത്രയേറെ ദുരിതം വിതച്ച ചെന്നൈയിലെ അതിതീവ്ര മഴയ്‌ക്ക് ശേഷം സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരു അസാധാരണ കാഴ്‌ച കാണുകയാണോ. ചെന്നൈയിലെ സൂപ്പർമാർക്കറ്റുകളിൽ പ്രളയജലത്തില്‍ പെടയ്‌ക്കുന്ന മീൻ നീന്തിത്തുടിക്കുന്നു എന്ന തലക്കെട്ടോടെയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്‌ക്കപ്പെടുന്നത്.
വീഡിയോ പ്രചാരണം
'ചെന്നൈ സൂപ്പർമാർക്കറ്റുകളിൽ പെടക്കുന്ന മീൻ' എന്ന തലക്കെട്ടോടെയാണ് 29 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ സാമൂഹ്യമാധ്യമമായ വാട്‌സ്ആപ്പില്‍ പ്രചരിക്കുന്നത്. വെള്ളം കയറിയ സൂപ്പര്‍മാര്‍ക്കറ്റില്‍ ജീവനുള്ള മീനുകള്‍ നീന്തുന്നത് കാണാം. ഒരു ജീവനക്കാരന്‍ ഇതിനെ തൂത്തുവാരുന്നതും സൂപ്പര്‍മാര്‍ക്കറ്റിലെത്തിയ ആളുകളെല്ലാം രസകരമായ കാഴ്‌ച നോക്കിനില്‍ക്കുന്നതും വീഡിയോയില്‍ കാണാനാവുന്നതാണ്.
വാട്‌സ്‌ആപ്പ് സന്ദേശത്തിന്‍റെ സ്ക്രീന്‍ഷോട്ട്
വസ്‌തുതാ പരിശോധന
ഈ വീഡിയോയുടെ യാഥാര്‍ഥ്യം എന്താണ് എന്ന് മനസിലാക്കാന്‍ ഫ്രെയിമുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്ട് ചെക്ക് ടീം റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കി. ഇതില്‍ ലഭിച്ച ഒരു ഫലം യാഹൂ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയായിരുന്നു. 2018 ഫെബ്രുവരി 6നാണ് ഈ വാര്‍ത്ത നല്‍കിയിരിക്കുന്നത്. റഷ്യയിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ അക്വേറിയം പൊട്ടിയതിനെ തുടര്‍ന്നാണ് മീനുകള്‍ തറയില്‍ വീണത് എന്നാണ് ഈ വാര്‍ത്തയില്‍ പറയുന്നത്. നിലത്തുവീണ മീനുകളെ വല ഉപയോഗിച്ച് ജീവനക്കാര്‍ പിടിക്കാന്‍ ശ്രമിച്ചതായും മൂന്ന് വലിയ മീനുകള്‍ ഷെല്‍ഫുകള്‍ക്കടിയില്‍ ഒളിച്ചതായും വാര്‍ത്തയില്‍ വിശദീകരിക്കുന്നു. ഇപ്പോള്‍ ചെന്നൈയിലേത് എന്ന തരത്തില്‍ വൈറലായിരിക്കുന്ന വീഡിയോയുടെ സ്ക്രീന്‍ഷോട്ടുകള്‍ 2018ലെ ഈ വാര്‍ത്തയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
യാഹൂ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട്
2018 ഫെബ്രുവരി 6ന് തന്നെ നിരവധി ഫേസ്‌ബുക്ക് പേജുകളിലും ഈ വീഡിയോ അപ്‌ലോഡ് ചെയ്‌തിട്ടുള്ളതാണെന്നും വസ്‌തുതാ പരിശോധനയില്‍ കണ്ടെത്താനായി. ഇക്കാര്യങ്ങളില്‍ നിന്ന് വീഡിയോയുടെ വസ്‌തുത വ്യക്തമാണ്.
ഫേസ്‌ബുക്കില്‍ 2018ല്‍ അപ‌്‌ലോഡ് ചെയ്ത വീഡിയോ
നിഗമനം
'ചെന്നൈയിലെ സൂപ്പർമാർക്കറ്റുകളിൽ പെടക്കുന്ന മീൻ' എന്ന തലക്കെട്ടോടെ പ്രചരിക്കുന്ന വീഡിയോ റഷ്യയില്‍ നിന്നുള്ളതും 2018ലേതുമാണ് എന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്ട് ചെക്ക് ടീം വസ്‌തുതാ പരിശോധനയില്‍ തെളിയിച്ചു.
Read more: 'വെള്ളത്തില്‍ മുങ്ങി ചെന്നൈ, വെള്ളപ്പൊക്കത്തില്‍ ഉല്ലസിച്ച് ജനങ്ങള്‍'; ഈ വീഡിയോ സത്യമോ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam