
ബെംഗളുരു: വിവാഹ വാർഷികത്തിന് സമ്മാനം നൽകാൻ മറന്നു. കിടന്നുറങ്ങിയ ഭർത്താവിനെ കുത്തിപരിക്കേൽപ്പിച്ച് ഭാര്യ. കർണാടകയിലെ ബെംഗളുരുവിലാണ് സംഭവം. ഫെബ്രുവരി 27നാണ് അക്രമം ഉണ്ടായത്. ഗുരുതര പരിക്കേറ്റ് ഭർത്താവ് ആശുപത്രിയിലായതിന് പിന്നാലെ പൊലീസ് 35കാരിയായ സന്ധ്യയെന്ന സ്ത്രീയെ അറസ്റ്റ് ചെയ്തു. കൊലപാതക ശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.
സംഭവത്തേക്കുറിച്ച് പൊലീസ് വിശദമാക്കുന്നത് ഇങ്ങനെയാണ്. വിവാഹ വാർഷിക ദിനത്തിൽ ഭർത്താവ് സമ്മാനമൊന്നും നൽകാതിരുന്നതോടെ യുവതിയും 37കാരനായ ഭർത്താവ് കിരണും തമ്മിൽ തർക്കിച്ചിരുന്നു. ഇതിന് പിന്നാലെ കിരൺ മുറിയിൽ കിടന്നുറങ്ങിയതോടെയാണ് ആക്രമണം നടന്നത്. അടുക്കളയിൽ ഉപയോഗിച്ചിരുന്ന കത്തിയാണ് യുവതി ആക്രമണത്തിനായി ഉപയോഗിച്ചത്. പരിക്കേറ്റ യുവാവ് നിലവിളിച്ചതോടെ അയൽക്കാർ ഓടിയെത്തിയാണ് യുവാവിനെ രക്ഷിച്ചത്. അയൽക്കാരാണ് പരിക്കേറ്റ യുവാവിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ബേല്ലന്ദൂർ പൊലീസ് ആണ് യുവതിക്കെതിരെ കേസ് എടുത്തത്.
മുത്തച്ഛൻ അടുത്തിടെ മരണപ്പെട്ടതിനാലാണ് ഭാര്യയ്ക്ക് വിവാഹ വാർഷികത്തിന് സമ്മാനമൊന്നും വാങ്ങാതിരുന്നതെന്നും ഇതാണ് തർക്കത്തിന് കാരണമായതെന്നും കിരൺ പൊലീസിന് മൊഴി നൽകി. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് കിരൺ. അടുത്ത കാലത്തായി വിഷാദ രോഗ ലക്ഷണങ്ങൾ കാണിച്ചിരുന്ന സന്ധ്യയെ കൌൺസിലിംഗിന് വിധേയയാക്കിയിരുന്നുവെന്നാണ് കിരൺ വിശദമാക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് പൊലീസ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam