
കൊല്‍ക്കത്ത: ചന്ദ്രയാൻ മൂന്ന് വിജയത്തിന്‍റെ സന്തോഷം രാജ്യമാകെ അലയടിക്കുമ്പോള്‍ ചന്ദ്രനില്‍ ഒരേക്കര്‍ സ്ഥലം വാങ്ങി ഇന്ത്യക്കാരൻ. ബംഗാളില്‍ നിന്നുള്ള സഞ്ജയ് മഹതോ ആണ് ചന്ദ്രനില്‍ സ്ഥലം വാങ്ങിയിരിക്കുന്നത്. ഇതിന് പിന്നില്‍ തന്‍റെ ഭാര്യയോടുള്ള പ്രണയം കൂടെയാണ് തുളുമ്പി നിൽക്കുന്നത്. പശ്ചിമ ബംഗാളിലെ ജാർഗ്രാം ജില്ലയിൽ നിന്നുള്ള യുവാവ് ഭാര്യയുടെ ജന്മദിനത്തില്‍ സമ്മാനമായാണ് ചന്ദ്രനില്‍ സ്ഥലം വാങ്ങി നിൽക്കുന്നത്.
വിവാഹം കഴിക്കുന്നതിന് മുമ്പ് ചന്ദ്രനെ അടുത്ത് എത്തിക്കുമെന്ന് സഞ്ജയ് മഹാതോ വാക്ക് നൽകിയിരുന്നു. ഇപ്പോള്‍ 10,000 രൂപയ്ക്ക് ചന്ദ്രനിൽ ഒരേക്കറാണ് ഭാര്യക്കായി സഞ്ജയ് വാങ്ങി നൽകിയത്. ഇന്ത്യയുടെ വിജയകരമായ ചന്ദ്രയാൻ മൂന്ന് ദൗത്യത്തിന് ശേഷമാണ് ഇത്തരമൊരു സമ്മാനം വാങ്ങാനുള്ള പ്രചോദനം ഉണ്ടായതെന്ന് സഞ്ജയ് പറഞ്ഞു. ഭാര്യക്ക് നൽകിയ വാഗ്ദാനം നിറവേറ്റുകയെന്നത് തന്‍റെ സ്വപ്നമായിരുന്നുവെന്നും സഞ്ജയ് പറഞ്ഞു.
നീണ്ട നാളത്തെ പ്രണയത്തിന് ഒടുവിലാണ് ഇരുവരും കഴിഞ്ഞ ഏപ്രിലിൽ വിവാഹിതരായത്. ആ വാക്ക് അപ്പോള്‍ പാലിക്കാൻ തനിക്ക് കഴിഞ്ഞില്ല. ഇപ്പോള്‍ വിവാഹത്തിന് ശേഷമുള്ള ആദ്യ ജന്മദിനത്തിൽ പറഞ്ഞ വാക്കുപാലിച്ചിരിക്കുകയാണെന്ന് സഞ്ജയ് പറഞ്ഞു. സുഹൃത്തിന്റെ സഹായത്തോടെ ലൂണ സൊസൈറ്റി ഇന്റർനാഷണൽ മുഖേനയാണ് ഭൂമി വാങ്ങിയതെന്നും മുഴുവൻ പ്രക്രിയയും പൂർത്തിയാക്കാൻ ഏകദേശം ഒരു വർഷമെടുത്തുവെന്നും സഞ്ജയ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, ചന്ദ്രയാൻ മൂന്ന് ചന്ദ്രോപരിതലത്തിൽ ഇറങ്ങിയതിന് പിന്നാലെ ചന്ദ്രനിൽ മറ്റൊരു ഇന്ത്യക്കാരനും സ്ഥലം വാങ്ങിയിരുന്നു. ജമ്മു കശ്മീരിൽ നിന്നുള്ള വ്യവസായിയും വിദ്യാഭ്യാസ വിദഗ്ധനുമായ രൂപേഷ് മാസനാണ് ചന്ദ്രനിൽ സ്ഥലം വാങ്ങാനുള്ള കരാറിലേർപ്പെട്ടത്. ജമ്മു കശ്മീരിലെയും ലേയിലെയും യുസിഎംഎഎസിന്റെ റീജിയണൽ ഡയറക്ടറാണ് 49 കാരനായ രൂപേഷ്. ചന്ദ്രനിൽ സ്ഥലം വാങ്ങിയതിന്റെ രേഖകൾ ഇദ്ദേഹം മാധ്യമമായ ഹിന്ദുസ്ഥാൻ ടൈംസുമായി പങ്കിട്ടു. ലാക്കസ് ഫെലിസിറ്റാറ്റിസ് (സന്തോഷത്തിന്റെ തടാകം) എന്നറിയപ്പെടുന്ന ലൂണ എർത്ത്സ് മൂൺ, ട്രാക്റ്റ് 55-പാഴ്സൽ 10772ലാണ് സ്ഥവം വാങ്ങിയതെന്ന് രൂപേഷ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam