ക്ലാസ് മുറിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ 'വിവാഹം'; ടിസി നല്‍കി പറഞ്ഞുവിട്ട്‌ അധികൃതര്‍

By Web TeamFirst Published Dec 4, 2020, 5:13 PM IST
Highlights

ആരുമില്ലാത്ത ക്ലാസ് മുറിയില്‍ ആണ്‍കുട്ടി പെണ്‍കുട്ടിയുടെ കഴുത്തില്‍ താലികെട്ടി. മറ്റൊരു സുഹൃത്ത് ഇത് മൊബൈലില്‍ പകര്‍ത്തി.
 

ന്ധ്രപ്രദേശിലെ രാജമുണ്ട്രിയില്‍ ക്ലാസ് മുറിയില്‍ വെച്ച് 'വിവാഹി'തരായ ഇന്റര്‍മീഡിയേറ്റ് രണ്ടാം വര്‍ഷ (പ്ലസ് ടു ) വിദ്യാര്‍ത്ഥികള്‍ക്ക് അധികൃതര്‍ ടിസി നല്‍കി പറഞ്ഞുവിട്ടു. ഇരുവര്‍ക്കും പ്രായപൂര്‍ത്തിയായിട്ടില്ല. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്നാണ് കോളേജ് അധികൃതരുടെ നടപടി. ഒരു മിനിറ്റ് ര്‍ൈഘ്യമുള്ളതാണ് വീഡിയോ. ദ ന്യൂസ് മിനിറ്റാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. 

ആരുമില്ലാത്ത ക്ലാസ് മുറിയില്‍ ആണ്‍കുട്ടി പെണ്‍കുട്ടിയുടെ കഴുത്തില്‍ താലികെട്ടി. മറ്റൊരു സുഹൃത്ത് ഇത് മൊബൈലില്‍ പകര്‍ത്തി. നവംബര്‍ ആദ്യമാണ് സംഭവം നടന്നതെന്ന് പറയുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കളെ കാണിക്കാനാണ് ഇവര്‍ ക്ലാസ് മുറിയില്‍വെച്ച് വിവാഹിതരായത്. താലി കെട്ടിയതിന് ശേഷം നെറ്റിയില്‍ സിന്ദൂരമണിയാനും പെണ്‍കുട്ടി നിര്‍ദേശിക്കുന്നുണ്ട്. ആരെങ്കിലും വരും മുമ്പ് സിന്ദൂരമണിയാനാണ് പെണ്‍കുട്ടി നിര്‍ദേശിക്കുന്നത്. സിന്ദൂരമണിഞ്ഞ ശേഷം വധൂവരന്മാരെപ്പോലെ ഇരുവരും ഫോട്ടോക്ക് പോസ് ചെയ്യുന്നു. വീഡിയോ ഷൂട്ട് ചെയ്ത സഹപാഠിയെയും കോളേജ് അധികൃതര്‍ പറഞ്ഞുവിട്ടു.

'ആരാണ് വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചതെന്ന് വ്യക്തമായിട്ടില്ല. കോളേജ് സുരക്ഷാ ജീവനക്കാരനെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇവര്‍ ക്ലാസ് മുറിയിലേക്ക് കയറിയത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണ്'-കേസ് അന്വേഷിക്കുന്ന പൊലീസ് ഓഫിസര്‍ വാര്‍ത്ത ഏജന്‍സി ഐഎഎന്‍എസിനോട് പറഞ്ഞു. ശിശുക്ഷേമ അധികൃതരും സംഭവത്തില്‍ ഇടപെട്ടു.
 

click me!