ക്യാന്‍സറെന്ന് പറഞ്ഞ് പണം പിരിവ്: യുവതിക്കെതിരെ തുറന്നടിച്ച് ക്യാന്‍സറിനോട് പോരാടുന്ന യുവാവ് നന്ദു

Published : Nov 04, 2019, 08:44 AM IST
ക്യാന്‍സറെന്ന് പറഞ്ഞ് പണം പിരിവ്: യുവതിക്കെതിരെ തുറന്നടിച്ച് ക്യാന്‍സറിനോട് പോരാടുന്ന യുവാവ് നന്ദു

Synopsis

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തിരുവനന്തപുരം സ്വദേശിയായ നന്ദു മഹാദേവ ക്യാന്‍സറാണെന്ന് പറഞ്ഞ് ഓണ്‍ലൈന്‍ വഴി പണം പിരിച്ച ആലപ്പുഴ സ്വദേശിയായ യുവതിക്കെതിരെ രംഗത്ത് എത്തിയത്. 

തിരുവനന്തപുരം: അര്‍ബുദമാണെന്ന്  പറഞ്ഞ് ഓണ്‍ലൈന്‍ വഴി പണംപിരിച്ച് തട്ടിപ്പ് നടത്തിയ യുവതിക്കെതിരെ ക്യാന്‍സറിനോട് പോരാടുന്ന യുവാവ് രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തിരുവനന്തപുരം സ്വദേശിയായ നന്ദു മഹാദേവ ക്യാന്‍സറാണെന്ന് പറഞ്ഞ് ഓണ്‍ലൈന്‍ വഴി പണം പിരിച്ച ആലപ്പുഴ സ്വദേശിയായ യുവതിക്കെതിരെ രംഗത്ത് എത്തിയത്. കീമോയുടെ യാതനകള്‍ അനുഭവിച്ചത് കാരണം ക്യാൻസർ രോഗിയാണ് എന്നൊരാൾ പറഞ്ഞു കഴിഞ്ഞാൽ ആ ആളിനെ ഞങ്ങൾ പരമാവധി സ്നേഹിക്കും വിശ്വസിക്കും സഹായിക്കും, എന്നാല്‍ ഇത് ചിലര്‍ മുതലെടുക്കുന്നു- നന്ദു ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

വായിൽ നിന്നും മൂക്കിൽ നിന്നും ചോര വരും !!

തലമണ്ട പൊട്ടിപ്പൊളിയും !!

വായ മുതൽ കുടൽ വരെ തൊലി ഉരിഞ്ഞു പോകും !!

പച്ചവെള്ളം കുടിക്കുമ്പോൾ പോലും വെന്തു നീറി താഴേക്കിറങ്ങി പോകും !!

തലമുടി മുതൽ പുരികവും കൺപീലികളും വരെ കൊഴിഞ്ഞു പോകും !!

കണ്ണടയ്ക്കുമ്പോൾ കണ്ണിൽ കൺ പോള കുത്തിക്കയറും !!

പലപ്പോഴും ശ്വാസം കിട്ടാതെ പിടയും !!

എന്തിനേറെ പറയുന്നു കക്കൂസിൽ പോയിരുന്നാൽ ചില സമയം ക്ളോസറ്റിലൂടെ പോലും ചോര ഒഴുകും !!

ഓരോ 21 ദിവസം കഴിയുമ്പോഴും ഇതാവർത്തിക്കും എന്നു മാത്രമല്ല..
ഓരോ പ്രാവശ്യവും അതിന്റെ തീവ്രത കൂടിക്കൂടി വരും...

വേദനയെടുത്തു കരയുമ്പോൾ പോലും കണ്ണിൽ നിന്ന് കണ്ണീരിന് പകരം ചോര വരും..!!

ഒടുവിൽ ഇനി തുടർന്നാൽ മരിക്കും എന്ന സ്ഥിതി എത്തുന്നതുവരെ ഇതു തുടരും..!!

അപ്പോൾ കീമോ കോഴ്‌സ് നിർത്തും..!

ഒരു ക്യാൻസർ രോഗി കീമോ സമയത്ത് കടന്നു പോകുന്ന അവസ്ഥകളാണ് ഇത്രയും ഞാൻ പറഞ്ഞത്...!!

ഇത്രയും പറഞ്ഞത് വേറൊന്നിനും അല്ല..!!

ഈ അവസ്‌ഥ അനുഭവിച്ചത് കാരണം ക്യാൻസർ രോഗിയാണ് എന്നൊരാൾ പറഞ്ഞു കഴിഞ്ഞാൽ ആ ആളിനെ ഞങ്ങൾ പരമാവധി സ്നേഹിക്കും വിശ്വസിക്കും സഹായിക്കും !!

ഈ ഫോട്ടോയിലുള്ള ശാലിനി ചേച്ചിയേ നിങ്ങൾക്കെല്ലാവർക്കും അറിയാം..!
ശാലിനി ചേച്ചി എനിക്ക് ജീവനായിരുന്നു..
എനിക്ക് മാത്രമല്ല ഞങ്ങൾ അതിജീവനം കുടുംബത്തിലെ ഓരോരുത്തർക്കും ജീവനായിരുന്നു..!
ഞങ്ങൾ പരമാവധി നോക്കിയതാണ് ചേച്ചിയുടെ ജീവനെ പിടിച്ചു നിർത്താൻ..
പക്ഷേ കഴിഞ്ഞില്ല..!!

അന്ന് ചേച്ചിയേ രക്ഷിക്കാൻ വേണ്ടി ചേച്ചിയുടെ റിപ്പോർട്ട് പലർക്കും അയച്ചു കൊടുത്തിരുന്നു..!!
എന്നാൽ അതിലൊരു മൃഗം ആ റിപ്പോർട്ട് ഉപയോഗിച്ച് തട്ടിപ്പ് നടത്തി..!!

നിസാരമായി മൊട്ടയടിച്ച ശേഷം ആ റിപ്പോർട്ട് പലർക്കും അയച്ചു കൊടുത്ത് ക്യാൻസർ ആണെന്ന് പ്രചരിപ്പിച്ചു പണം പിരിവ് നടത്തി !!
ക്യാൻസർ ആണെന്ന് പറഞ്ഞ് ഞങ്ങൾക്കിടയിലേക്ക് കൂടിയ ആ മൃഗം ഇന്നൊരു തിരിച്ചറിവ് നൽകിയിരിക്കുന്നു ഞങ്ങൾക്ക്..!!

ക്യാൻസർ രോഗി ആണെന്നറിയുമ്പോൾ ഒന്നും നോക്കാതെ നെഞ്ചോടു ചേർത്തു നിർത്തുന്ന ഞങ്ങളുടെ സ്നേഹത്തിനാണ് അവർ വിലയിട്ടത്..
നിങ്ങൾക്കറിയാമോ..
അവർക്ക് വയ്യ എന്ന് പറഞ്ഞപ്പോൾ അങ്ങോട്ട് പോയി അവരെകണ്ടു ഞാൻ..
സ്വന്തം ചേച്ചിയായി സ്നേഹിച്ചു..!!

കെട്ടിപ്പിടിച്ചു ചേർത്തു നിർത്തിയിട്ട് പറഞ്ഞു ഈ കൂടെപ്പിറപ്പ് കൂടെയുണ്ട് തളരരുത് എന്ന്..!

ഇത്ര നിഷ്കളങ്കമായി സ്‌നേഹിച്ചിട്ടും എന്നെയുൾപ്പെടെ അതിജീവനം കുടുംബത്തിലെ ഓരോരുത്തരേയും പറ്റിച്ചതല്ല സങ്കടം...!!!

അകാലത്തിൽ പൊലിഞ്ഞു പോയ ഞങ്ങളുടെ ശാലിനിച്ചേച്ചിയുടെ മൃതശരീരത്തിന് മുകളിൽ ചവിട്ടി നിന്ന് ആ റിപ്പോർട്ടുകൾ കാണിച്ചു പണം പിരിച്ച് ശ്രീമോൾ മാരാരി എന്ന രക്ഷസി ആ മൃതശരീരം തിന്നാനുള്ള മനസ്സ് കാണിച്ചു എന്നതാണ് ഞങ്ങൾക്ക് താങ്ങാൻ പറ്റാത്തത്..!!!!

സ്വന്തം മക്കളെ വരെ തള്ളിപ്പറഞ്ഞ നിങ്ങൾ ശരിയാകും എന്നൊന്നും എനിക്ക് തോന്നുന്നില്ല..!!
എന്നാലും മനസ്സിൽ നന്മയുണ്ടാകാനും ഒരിക്കലും നിങ്ങൾ ഉണ്ടെന്നു പറഞ്ഞ അസുഖം നിങ്ങൾക്ക് വരാതിരിക്കാനും ഞാൻ പ്രാർത്ഥിയ്ക്കുന്നു..!!!

നിങ്ങളെക്കാൾ ഇഷ്ടമാണ് എനിക്ക് ക്യാൻസറിനോട്..
അതിനുപോലും നിങ്ങളെക്കാൾ നേരും നെറിയും ഉണ്ട് !!!
എല്ലാവരും പറയും പോലെ നിങ്ങളെക്കാരണം അർഹതയുള്ളവർക്ക് പോലും സഹായം എത്തിക്കാൻ പേടിയായി എന്ന് ഞാൻ പറയില്ല..
ശരിക്കും കഷ്ടത അനുഭവിക്കുന്നവരെ കുറച്ചൂടെ ചേർത്ത് നിർത്താൻ തന്നെയാണ് പോകുന്നത്...!!

ഒരു ദുസ്വപ്നമാണ് നിങ്ങൾ !!

ക്യാൻസറിനെക്കാൾ മാരകമായ ദുസ്വപ്നം..!!!

ഈ ചതിയുടെ കഥ എന്റെ പ്രിയപ്പെട്ടവർ അറിയണമെന്ന് തോന്നിയത് കൊണ്ടാണ് ഇത്രയും എഴുതിയത്...
ഇവരെയൊക്കെ എന്തു ചെയ്യാനാ അല്ലേ ?

ഈ ചതിയുടെയും വഞ്ചനയുടെയും കഥ പുറത്തു വരുമ്പോൾ ഞാൻ ആശുപത്രിക്കിടക്കയിൽ ആയിരുന്നു..
ഈ അവസ്ഥ ആയിപ്പോയി..
ഇല്ലേൽ ഞാൻ ഒന്നൂടി അവിടെപ്പോയി നേരിട്ട് ഒന്നുകൂടി കാണുമായിരുന്നു ആ മഹതിയെ..!!
നിങ്ങൾക്കറിയില്ല ഞങ്ങളൊക്കെ നിങ്ങളെ എങ്ങനെ സ്നേഹിച്ചിരുന്നു എന്ന്...!!!

NB : ആദ്യത്തെ ഫോട്ടോയിൽ ഉള്ളതാണ് ഞങ്ങടെ ശാലിനി ചേച്ചി..
രണ്ടാമത്തേത് കള്ളി..!
മനസാക്ഷിയില്ലാത്ത മനസ്സ് മരവിച്ച ജീവനുള്ള ശവം എന്ന് പറയാനാണ് എനിക്ക് ഇഷ്ടം..

എനിക്ക് തീരെ വയ്യെങ്കിലും ചങ്ക് പിടയുന്ന വേദന കാരണമാണ് ഇതിപ്പോ പറഞ്ഞത്..
ഇല്ലേൽ ശാലിനി ചേച്ചിയുടെ ആത്മാവിന് സങ്കടം ആകും !! 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഭക്തിയുടെ മൾട്ടിവേഴ്‌സ്'! 'ഹരേ കൃഷ്ണ' നാമജപത്തിൽ അലിഞ്ഞുചേർന്ന് സ്പൈഡർമാൻ സംഘം, വീഡിയോ വൈറൽ
"മടുത്തു, ഈ ജോലി മതിയായി": വീഡിയോ വൈറൽ, പിന്നാലെ ജെൻ സി യുവാവിൻ്റെ ഫോളോവേഴ്‌സിൻ്റെ എണ്ണം ഡബിളായി