ഒരു തരിപൊന്നില്ല, പുതുവസ്ത്രമില്ല: സോഷ്യൽ മീഡിയയിൽ തരംഗമായി 'സിംപിൾ' കല്ല്യാണം

Published : Feb 03, 2022, 11:04 AM ISTUpdated : Feb 03, 2022, 11:17 AM IST
ഒരു തരിപൊന്നില്ല, പുതുവസ്ത്രമില്ല: സോഷ്യൽ മീഡിയയിൽ തരംഗമായി 'സിംപിൾ' കല്ല്യാണം

Synopsis

മഹർ - വിവാഹമൂല്യം -  അത് സ്വർണമായി തന്നെ വേണമെന്ന പരമ്പരാഗത വിശ്വാസത്തെ ഉടച്ചുകളയാൻ ഇത്തിരി പ്രയാസപ്പെട്ടു. മഹർ സ്വർണമായിരിക്കലാണ് ഉത്തമം എന്ന് പള്ളിയിലെ ഇമാം പ്രസ്താവിച്ചതോടെ അദ്ദേഹത്തിൻറെ അറിവില്ലായ്മ ഓർത്ത് സഹതാപം തോന്നി. 

വിവാഹത്തിന്‍റെ പേരില്‍ നടക്കുന്ന ആഡംബരങ്ങളും ധൂര്‍ത്തുമൊക്കെ അനുകരിക്കാന്‍ ശ്രമിക്കുന്നവരാണ് ഏറെയാളുകളും. സ്ത്രീധനത്തിന്‍റെ പേരില്‍ കൊലപാതകങ്ങള്‍ വരെ തുടര്‍ക്കഥയാകുമ്പോള്‍ ലളിതമായ ചടങ്ങുകള്‍ നടത്തി വിവാഹിതരായ യുവാവിന്‍റെയും യുവതിയുടെയും അനുഭവക്കുറിപ്പ് വൈറലാവുകയാണ്. മനുഷ്യാവകാശ പ്രവർത്തകനായ നസീറും നസീബയുമാണ് ലളിത വിവാഹത്തിലൂടെ മാതൃകയായത്. ഒരു തരി പൊന്നില്ലാതെ ഒരു പുതിയ ഉടുപ്പില്ലാതെ വിവാഹിതരാകാൻ തീരുമാനിച്ച ദമ്പതികളുടെ ജീവിതം സോഷ്യൽമീഡിയയില്‍ വൈറലായിരിക്കുകയാണ്. 

'നസീബയുടെ വീട്ടിലേക്ക് പോകാനായി രാവിലെ ഇറങ്ങുമ്പോൾ യാത്ര അയക്കാനും പ്രാർത്ഥിക്കാനുമായി പ്രിയപ്പെട്ട തൗഫീഖ് മൗലവിയും ഹംസ ഉസ്താദും വന്നിരുന്നു. അവർ ഇറങ്ങാൻ നേരം എന്തേ മണവാളൻ ഒരുങ്ങുന്നില്ലേ എന്ന് ചോദിച്ചു. ലോക്ഡൗൺ ആയതിനാൽ  തൃശൂരിൽ  പൊലീസ് ചെക്കിംഗ് ഉണ്ടായിരുന്നു. ഞങ്ങളുടെ കാർ നിർത്തി വിവാഹത്തിൻറെ പേപ്പറുകൾ കാണിച്ചു കൊടുത്തു. ഏതാണ് പെണ്ണും ചെറുക്കനും എന്ന് ചോദിച്ചപ്പോൾ ഹസൻ മാഷ് പുറകിലിരിക്കുന്ന എന്നെയും നസീബയേയും ചൂണ്ടിക്കാട്ടി. പേപ്പറുകൾ പരിശോധിക്കുകയായിരുന്ന വനിതാ എസ്.ഐ കൗതുകത്തോടെയാണ് ഞങ്ങളെ നോക്കിയത്- നസീര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

ഒരു തരി പൊന്നില്ലാതെ ഒരു പുതിയ ഉടുപ്പില്ലാതെയാണ് വിവാഹം കഴിച്ചത്. വിവാഹം കഴിക്കാം എന്ന് ഞാനും നസീബയും തീരുമാനിച്ചതിന് ശേഷം എങ്ങനെ ആയിരിക്കണം വിവാഹം എന്ന് പലപ്പോഴായി സംസാരിച്ചു. എന്തായാലും എൻ്റെയും അവളുടേയും ഇഷ്ടങ്ങളൊക്കെ ഒരു പോലെയായത് നിയോഗം മാത്രം. ഓർമക്കായി ഒരു മോതിരമെങ്കിലും നൽകാം എന്ന് ഞാൻ കരുതിയെങ്കിലും ഒരു ആഭരണവും വേണ്ട എന്ന നസീബയുടെ തീരുമാനം ഞാനും സ്വീകരിച്ചു. ഒരു ആഭരണവും ഇല്ലാതെയാണ് അവൾ വിവാഹത്തിനൊരുങ്ങിയത്.

ഉള്ളതിൽ നല്ല ഉടുപ്പിടുക , പുതിയത് വേണ്ട എന്നതും ഭംഗിയുള്ളൊരു തീരുമാനമായിരുന്നു. അവൾ സാധാരണ ഒരു ചുരിദാറിട്ടു. ഞാനാണ് പകുതി വാക്ക് തെറ്റിച്ചത്. സ്വന്തമായി രണ്ട് കാർഗോസ് പാൻറാണ് ഉള്ളത്. കാർഗോസ് ഇട്ട് നിക്കാഹിന് ഇരിക്കേണ്ട എന്ന് പറഞ്ഞ് പ്രിയപ്പെട്ട സുഹൃത്ത് നിർബന്ധപൂർവം വാങ്ങിതന്ന ജീൻസ് ഇട്ടു. രണ്ട് പേരും പുതിയ ചെരിപ്പ് വാങ്ങി. നസീബയുടെ വീട്ടിലേക്ക് പോകാനായി രാവിലെ ഇറങ്ങുമ്പോൾ യാത്ര അയക്കാനും പ്രാർത്ഥിക്കാനുമായി പ്രിയപ്പെട്ട തൗഫീഖ് മൗലവിയും ഹംസ ഉസ്താദും വന്നിരുന്നു. അവർ ഇറങ്ങാൻ നേരം എന്തേ മണവാളൻ ഒരുങ്ങുന്നില്ലേ എന്ന് ചോദിച്ചു. ഒരുങ്ങിയതാണ് ഇത് എന്ന് ഹസൻ മാഷാണ് മറുപടി പറഞ്ഞത്. 

ലോക്ഡൗൺ ആയതിനാൽ  തൃശൂരിൽ  പോലീസ് ചെക്കിംഗ് ഉണ്ടായിരുന്നു. ഞങ്ങളുടെ കാർ നിർത്തി വിവാഹത്തിൻ്റെ പേപ്പറുകൾ കാണിച്ചു കൊടുത്തു. ഏതാണ് പെണ്ണും ചെറുക്കനും എന്ന് ചോദിച്ചപ്പോൾ ഹസൻ മാഷ് പുറകിലിരിക്കുന്ന എന്നെയും നസീബയേയും ചൂണ്ടിക്കാട്ടി. പേപ്പറുകൾ പരിശോധിക്കുകയായിരുന്ന വനിതാ എസ്.ഐ കൗതുകത്തോടെയാണ് ഞങ്ങളെ നോക്കിയത്. മഹർ ആയി നസീബ ആവശ്യപ്പെട്ടത് , അനാഥരായ കുട്ടികൾക്ക് നിങ്ങൾ എന്തെങ്കിലും ചെയ്ത് കൊടുക്കണം എന്നാണ്. അത് ഇരുപത് അനാഥ കുട്ടികൾക്ക് പഠന ഉപകരണങ്ങൾ നൽകുക എന്ന ധാരണയിൽ എത്തി വീട്ടിലും പള്ളിയിലും സംസാരിച്ചെങ്കിലും അത് ആദ്യത്തിൽ സ്വീകരിക്കപ്പെട്ടില്ല. 

മഹർ - വിവാഹമൂല്യം -  അത് സ്വർണമായി തന്നെ വേണമെന്ന പരമ്പരാഗത വിശ്വാസത്തെ ഉടച്ചുകളയാൻ ഇത്തിരി പ്രയാസപ്പെട്ടു.
മഹർ സ്വർണമായിരിക്കലാണ് ഉത്തമം എന്ന് പള്ളിയിലെ ഇമാം പ്രസ്താവിച്ചതോടെ അദ്ദേഹത്തിൻറെ അറിവില്ലായ്മ ഓർത്ത് സഹതാപം തോന്നി. പക്ഷെ , അയൽക്കാരനും മുതിർന്ന പണ്ഡിതനുമായ ഹംസ ഉസ്താദ് മഹറിനെ പറ്റി അറിഞ്ഞപ്പോൾ വളരെ സന്തോഷിക്കുകയാണ് ഉണ്ടായത്.  പെണ്ണ് ആവശ്യപ്പെടുന്നതാണ് മഹർ ആയി കൊടുകേണ്ടത്. അത് പെണ്ണിൻറെ അവകാശമാണ്. വീട്ടുകാരോ മറ്റുള്ളവരോ അല്ല തീരുമാനിക്കേണ്ടത്. അത് ക്വാളി റ്റേറ്റീവോ ക്വാണ്ടിറ്റേറ്റിവോ ആകാം.  മഹർ പൊതുവേ സ്ത്രീകൾ സ്വർണ ആഭരണമായി വാങ്ങി അണിയുകയാണ് പതിവ്. സ്വർണം വാങ്ങാത്ത അപൂർവം ചിലർ വേറെ എന്തെങ്കിലും സ്വന്തമായി സൂക്ഷിച്ചു വക്കാൻ പറ്റുന്ന എന്തെങ്കിലും വാങ്ങും. 

പക്ഷെ, നസീബ ചോദിച്ചത് അനാഥ കുട്ടികളെ സഹായിക്കാനാണ്. സ്വന്തമായി സൂക്ഷിച്ചു വക്കാനൊന്നുമല്ലാ, മറ്റുള്ളവർക്കൊരു സഹായമാകട്ടെ തൻ്റെ മഹർ എന്ന ആഗ്രഹം എനിക്കേറെ ഇഷ്ടമായി. സത്യത്തിൽ ഒന്നും നമ്മുടെ സ്വന്തം അല്ലല്ലൊ. വല്ലാത്തൊരു തിരിച്ചറിവാണത്. ഇത്രയൊക്കെ എഴുതിയത് ഇതൊരു സംഭവമാണെന്ന് കാണിക്കാനോ മറ്റുള്ളവർക്ക് മാതൃകയാക്കാനോ വേണ്ടിയല്ല. ആളുകൾ എന്തു വിചാരിക്കും, കുടുംബക്കാർ എന്ത് കരുതും  എന്നെല്ലാം കരുതി കടം വാങ്ങിയും ലോൺ എടുത്തും വിവാഹം കഴിക്കുന്ന ധാരാളം മലയാളി സുഹൃത്തുക്കളെ ഞാൻ കണ്ടിട്ടുണ്ട്.

പുതിയത്  വാങ്ങാൻ കഴിവില്ലാത്തതിനാൽ അടുത്തിടെ കല്യാണം കഴിഞ്ഞ അയൽക്കാരുടെ യോ കുടുംബക്കാരുടേയോ കടം വാങ്ങിയ ഉടുപ്പും ചെരിപ്പും ധരിച്ച് വിവാഹം കഴിക്കുന്ന ധാരാളം ബംഗാളി സുഹൃത്തുക്കളേയും ഞാൻ കണ്ടിട്ടുണ്ട്. ഇതിനിടയിൽ മറ്റുള്ളവരെ ബോധിപ്പിക്കാൻ വേണ്ടിയല്ലാതെ, ഞാനും നസീബയും ആഗ്രഹിച്ച രീതിയിൽ വിവാഹം കഴിക്കാൻ സാധിച്ചു എന്ന് മാത്രം. വിവാഹം എന്ന  ലളിതമായ ഒന്നിനെ എത്ര സങ്കീർണമായ ചടങ്ങുകളിലും ആർഭാടങ്ങളിലുമാണ്  തളച്ചിട്ടിരിക്കുന്നത് എന്ന് വളരെ കുറഞ്ഞ ദിവസങ്ങൾ കൊണ്ട് എനിക്ക് മനസിലായി. കല്യാണ പരിപാടികൾ ഒന്നുമില്ല എന്നറിഞ്ഞപ്പോൾ എന്തിനാ ഇത്ര പിശുക്ക് കാണിക്കുന്നത് എന്ന് ചില സുഹൃത്തുക്കൾ കളിയാക്കി ചോദിച്ചു. ഒരു പാലിയെറ്റിവ് കെയറിലെ വളണ്ടിയേഴ്സിനും  നാല്‌ അനാഥാലയങ്ങളിലെ അന്തേവാസികൾക്കും ഒരു നേരമൊരു ഭക്ഷണം കൊടുക്കലാണ് കല്യാണവിരുന്നിനേക്കാൾ ഭംഗി എന്നാണ് ഞങ്ങൾക്ക് തോന്നിയത്. അങ്ങനെ ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ ഒരാഴ്ചയും ഒരു ദിവസവും ആയി... പ്രാർത്ഥന....
 
മണവാട്ടി പെണ്ണിന് ധരിക്കാനായി ഭംഗിയുളെളാരു ഉടുപ്പ് കൊൽക്കത്തയിൽ നിന്നും നാട്ടിലേക്ക് വരുന്ന നേരം എയർപോർട്ടിൽ എത്തിച്ചു തന്നിരുന്നു പ്രിയ സുഹൃത്തും ഡോ. പി.ബി.സലിം ഐ.എ.എസ് ൻ്റെ ഭാര്യയുമായ ഫാത്തി സലിം. പ്രിയ ഫാത്തി .. ക്ഷമിക്കണം ... ആ ഉടുപ്പിവിടെ ഭദ്രമായി ഇരിക്കുന്നുണ്ട്. ഞങ്ങൾക്കിങ്ങനെ ആകാനേ കഴിയൂ... ഞങ്ങളെങ്കിലും ഇങ്ങനെ ആയില്ലെങ്കിൽ പിന്നെ ആരാണുള്ളത്... സ്നേഹത്തോടെയും പരിഭവത്തോടെയും ദേഷ്യത്തോടെയും ഞങ്ങളെ ഉപദേശിച്ചവരുണ്ട്. ഇത്തിരി സ്വർണമിടൂ .. ഒരു വെള്ള ഷർട്ടിടൂ... അങ്ങനെ അങ്ങനെ..

അവരോടും ഒന്നേ പറയാനുള്ളൂ, ഞങ്ങൾക്കിങ്ങനെ ആകാനേ കഴിയൂ... അവസാനമായി ഇതു കൂടി, 
1. സിംപിൾ ആവുക എന്നാൽ അത്ര സിംപിൾ അല്ല .
2. പ്രിവിലേജ് ഒഴിവാക്കുക എന്നതും സിംപിൾ അല്ല .
3. സ്വന്തം ഇഷ്ടത്തിന് ജീവിതത്തെ നിർവചിക്കുന്നതും അത്ര സിംപിൾ അല്ല .
ചിത്രം: ഞങ്ങളുടെ വിവാഹ ദിനം
ചിത്രം പകർത്തിയത് : ഹസീബ്
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തലങ്ങും വിലങ്ങും അടിയേറ്റിട്ടും പിൻവാങ്ങിയില്ല, വനംവകുപ്പ് ഉദ്യോഗസ്ഥനെ ക്രൂരമായി ആക്രമിക്കുന്ന കാട്ടുപന്നി, വീഡിയോ
'ഭക്തിയുടെ മൾട്ടിവേഴ്‌സ്'! 'ഹരേ കൃഷ്ണ' നാമജപത്തിൽ അലിഞ്ഞുചേർന്ന് സ്പൈഡർമാൻ സംഘം, വീഡിയോ വൈറൽ