
ബെംഗളൂരു: ആർടി നഗർ ഫ്ലൈ ഓവറിന് സമീപം ട്രാഫിക് പോലീസുദ്യോഗസ്ഥനും ടാക്സി ഡ്രൈവറും തമ്മിലുണ്ടായ കയ്യാങ്കളിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി. നിസാരമായ പാർക്കിംഗ് പ്രശ്നത്തെ ചൊല്ലിയുണ്ടായ സംഘർഷത്തിൽ, പോലീസുദ്യോഗസ്ഥൻ ഡ്രൈവറെ മർദിച്ചു എന്നാണ് ആരോപണം. 'കർണാടക പോർട്ട്ഫോളിയോ' എന്ന സോഷ്യൽ മീഡിയ പേജാണ് 'ഞെട്ടിക്കുന്ന സംഭവം" എന്ന തലക്കെട്ടോടെ വീഡിയോ പങ്കുവെച്ചത്. വെറും അഞ്ച് മിനിറ്റ് നേരത്തേക്ക് പാർക്ക് ചെയ്തതിൻ്റെ പേരിൽ ഉദ്യോഗസ്ഥൻ ഡ്രൈവറോട് അധിക്ഷേപ ഭാഷയിൽ സംസാരിക്കുകയും, പിന്നീട് പൊതുജനമധ്യത്തിൽ വെച്ച് ഡ്രൈവറെ അടിക്കുകയും പിടിച്ചുതള്ളുകയും ചെയ്തെന്ന് പോസ്റ്റിൻ്റെ അടിക്കുറിപ്പിൽ പറയുന്നു. ഉദ്യോഗസ്ഥൻ അധികാരം ദുരുപയോഗം ചെയ്തുവെന്ന് ദൃക്സാക്ഷികളും ആരോപിച്ചു.
പൊലീസുദ്യോഗസ്ഥനോ ഡ്രൈവറോ ആരായാലും കുറ്റക്കാർക്കെതിരെ ഉടനടി നിഷ്പക്ഷമായ അന്വേഷണം നടത്തി നടപടിയെടുക്കണമെന്ന് 'കർണാടക പോർട്ട്ഫോളിയോ' ആവശ്യപ്പെട്ടു. വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ, ബംഗളൂരു സിറ്റി പോലീസിൻ്റെ ഔദ്യോഗിക 'എക്സ്' അക്കൗണ്ട് ആർടി നഗർ ട്രാഫിക് പൊലീസിനെയും ട്രാഫിക് നോർത്ത് വിഭാഗം ഡെപ്യൂട്ടി കമ്മീഷണറെയും ടാഗ് ചെയ്തുകൊണ്ട് വിഷയത്തിൽ അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.
അതേസമയം, വീഡിയോ കണ്ട സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കിടയിൽ ഭിന്നാഭിപ്രായമാണ് ഈ കാര്യത്തിൽ. ഉദ്യോഗസ്ഥൻ്റെ ആക്രമണോത്സുകമായ പെരുമാറ്റത്തെ പലരും അപലപിച്ചപ്പോൾ, തെറ്റായ സ്ഥലത്ത് വാഹനം പാർക്ക് ചെയ്ത ഡ്രൈവറുടെ നിരുത്തരവാദപരമായ നടപടിയെ വിമര്‍ശിക്കുന്നവരും കൂട്ടത്തിലുണ്ട്. "തെറ്റായ സ്ഥലത്ത് വണ്ടി പാർക്ക് ചെയ്ത ഡ്രൈവർ നിരപരാധിയല്ല. ഉദ്യോഗസ്ഥൻ്റെ മർദ്ദനം അപലപനീയമാണെങ്കിലും, തെറ്റായ പാര്‍ക്കിങ്ങിനുള്ള ന്യായീകരണമല്ല അത്. അഞ്ച് മിനിറ്റാണെങ്കിൽ പോലും അത് സൃഷ്ടിക്കുന്ന കുഴപ്പങ്ങൾ ഊഹിക്കാവുന്നതേയുള്ളൂ. ഡ്രൈവറെയും ശിക്ഷിക്കണം ഒരാൾ കുറിച്ചു. പൊലീസ് ഒരിക്കലും അനാവശ്യമായി ഒരു ഡ്രൈവറെ തടയില്ല. ആരെങ്കിലും മോശമായി പെരുമാറിയാലോ മാത്രമേ ഒരു മനുഷ്യനും അത് സഹിക്കില്ല, എന്ന് പറഞ്ഞ് ഉദ്യോഗസ്ഥനെ ന്യായീകരിച്ചവരും ഉണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam