
മുംബൈ: ഓര്‍മ്മയില്ലേ, പ്രായത്തെ പോലും തോല്‍പ്പിക്കുന്ന തന്‍റെ മധുരശബ്ദം കൊണ്ട് സോഷ്യല്‍ മീഡിയയെ കീഴടക്കിയ ആ അജ്ഞാത ഗായികയെ? ബംഗാളില്‍ നിന്ന് പുറത്തുവന്ന ആ വീഡിയോയില്‍ മുഷിഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച്, ചീകിയൊതുക്കാത്ത നരച്ച മുടിയുമായി പാട്ടുപാടിയൊരു മധ്യവയസ്കയെ? ഇപ്പോഴിതാ ഇന്‍റര്‍നെറ്റില്‍ വൈറലായതിന് പിന്നാലെ ആ ഗായികയെ തേടി പാടാന്‍ നിരവധി അവസരങ്ങളെത്തിയിരിക്കുന്നു. ഒപ്പം തന്നെ മുംബൈയിലെ ഒരു റിയാലിറ്റി ഷോയില്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കാനുള്ള അവസരവും.
ഷോറ എന്ന ചിത്രത്തിനായി മുകേഷിനൊപ്പം ലതാ മങ്കേഷ്‍കര്‍ പാടിയ 'ഏക് പ്യാര്‍ കാ നഗ്മാ ഹേ...' എന്ന ഗാനമാണ് അതിമനോഹരമായി അവര്‍ പാടിയിരുന്നത്. ആയിരക്കണക്കിന് പേരാണ് വീഡിയോ കണ്ടതും ഷെയര്‍ ചെയ്തതും.
ലതാ മങ്കേഷ്ക്കറിന് ഓർമ്മപ്പെടുത്തുന്ന ശബ്ദമാധുരി; അജ്ഞാത ഗായികയ്ക്കായി സൈബർ ലോകത്തിന്റെ തിരച്ചിൽ
രാണു മൊണ്ടാല്‍ എന്നാണ് ഈ ഗായികയുടെ പേര്. വൈറലായതിനു പിന്നാലെ ഒരുകൂട്ടം ആളുകള്‍ അവരെ കണ്ടെത്തിയിരിക്കുന്നു. കൊല്‍ക്കത്ത, മുംബൈ, കേരളം, ബംഗ്ലാദേശില്‍ നിന്നുപോലും പാടാനായി രാണുവിനെ ക്ഷണിച്ചിട്ടുണ്ടെന്നാണ് ഇവരെ കണ്ടെത്തിയവര്‍ പറയുന്നത്. മാത്രവുമല്ല, സ്വന്തമായി മ്യൂസിക്കല്‍ ആല്‍ബം ചെയ്യാനും അഭ്യര്‍ത്ഥനകളുണ്ടായിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. മുംബൈയിലെ ഒരു റിയാലിറ്റി ഷോയില്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കാനും രാണുവിന് ക്ഷണമുണ്ടായിട്ടുണ്ട്. ഇതിന്‍റെ ചെലവ് വഹിക്കുക സ്പോണ്‍സര്‍മാരായിരിക്കും.
മാത്രവുമല്ല, ഇവരുടെ സംഗീത പരിപാടി സംഘടിപ്പിക്കുന്ന ആളുകള്‍ രാണു മൊണ്ടാലിന്‍റെ മേക്കോവറും സ്പോണ്‍സര്‍ ചെയ്തിട്ടുണ്ട്. മേക്കോവറിലുള്ള രാണുവിന്‍റെ ചിത്രവും ഇപ്പോള്‍ ഇന്‍റര്‍നെറ്റില്‍ വൈറലാവുകയാണ്.
ഭര്‍ത്താവായ ബാബു മൊണ്ടാലിന്‍റെ മരണത്തോടെയാണ് രാണു രണാഘട്ടിലേക്ക് തിരികെയെത്തിയത്. ട്രെയിനില്‍ പാട്ടുപാടിയാണ് ഇവര്‍ ഉപജീവനം നടത്തിയിരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam