
മിലാന്‍: ജന്മദിന പാര്‍ട്ടിക്ക് വേണ്ടി കൊണ്ടുവന്ന കേക്ക് 20 പീസാക്കി മുറിക്കാന്‍ റസ്റ്റോറന്റ് ചാര്‍ജ് ചെയ്തത് 20 യൂറോ. ഏതാണ്ട് 1800 ഇന്ത്യന്‍ രൂപ. ഇറ്റലിയിലെ ഒരു റസ്റ്റോറന്റിനെതിരെ ഉയര്‍ന്ന ആരോപണമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. ആളുകളെ ഇങ്ങനെ കൊള്ളയടിക്കരുതെന്ന് ഒരു വിഭാഗം രോഷം കൊണ്ടപ്പോള്‍ എന്നാല്‍ കാര്യങ്ങള്‍ വ്യക്തമായി പറയാതെ റസ്റ്റോറന്റിനെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നായിരുന്നു മറുഭാഗത്തിന്റെ വാദം.
ഇറ്റലിയിലെ സിസിലി നഗരത്തിലുള്ള പലേമോ റസ്റ്റോറന്റില്‍ ഒരു കുടുംബം നടത്തിയ ജന്മദിനാഘോഷമാണ് വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഏറ്റെടുത്തത്. റസ്റ്റോറന്റില്‍ പിസയും പാനീയങ്ങളും വാങ്ങിയ വകയില്‍ ഏതാണ്ട് 10,000 രൂപയോളം വരുന്ന ബില്ല് ലഭിച്ചു. ഇതിന് പുറമെയാണ് കേക്ക് 20 ആയി മുറിച്ചതിനുള്ള ചാര്‍ജായി 20 യൂറോ കൂടി ചേര്‍ത്തിരിക്കുന്നത് കണ്ടത്. കേക്ക് മുറിക്കാന്‍ ഇത്ര വലിയ ഫീസ് ഈടാക്കേണ്ടതുണ്ടോ എന്ന് ചോദിച്ചാണ് ഇവര്‍ ഇത് പോസ്റ്റ് ചെയ്തത്.
പലരും ബില്ല് കണ്ട് അന്തംവിട്ട് പോയെന്ന് പ്രതികരിച്ചപ്പോള്‍ 'നിങ്ങള്‍ പുറത്തു നിന്ന് കൊണ്ടുവന്ന ഭക്ഷണം അവിടെ വെച്ച് കഴിക്കാന്‍ ഒരു റസ്റ്റോറന്റ് അനുവദിക്കുകയും അതിന് പണം ഈടാക്കാതിരിക്കുകയും ചെയ്യുന്നതാണ് പ്രശ്നമെന്നായിരുന്നു' മറ്റ് ചിലരുടെ പ്രതികരണം. എന്നാല്‍ കേക്ക് മുറിച്ചതേയുള്ളോ, അതോ കേക്ക് മുറിച്ച് പല പ്ലേറ്റുകളിലാക്കി സ്‍പൂണും ഫോര്‍ക്കും ഉള്‍പ്പെടെ തരികയായിരുന്നോ? കേക്ക് ആ റസ്റ്റോറന്റില്‍ നിന്ന് വാങ്ങിയതാണോ എന്നുള്ള കാര്യങ്ങളില്‍ കൂടി വ്യക്തത വരുത്താതെ റസ്റ്റോറന്റിനെ കുറ്റപ്പെടുത്താന്‍ സാധിക്കില്ലെന്നായിരുന്നു മറ്റ് ചിലരുടെ അഭിപ്രായം.
അതേസമയം ഒരു സാന്‍റ്‍വിച്ച് രണ്ടായി മുറിക്കാന്‍ ഇറ്റലിയിലെ ഒരു റസ്റ്റോറന്റ് അധികം പണം വാങ്ങിയെന്ന് ഒരു ബ്രിട്ടീഷ് വിനോദസഞ്ചാരി നേരത്തെ ആരോപിച്ചിരുന്നു. താനും സുഹൃത്തും റസ്റ്റോറന്റില്‍ കയറുകയും സാന്റ്വിച്ച് മുറിച്ച് തരാന്‍ ആവശ്യപ്പെടുകയും ചെയ്തെന്നും പിന്നീട് ബില്ല് കിട്ടിയപ്പോഴാണ് അതിനുള്ള അധിക ചാര്‍ജ് ശ്രദ്ധയില്‍പെട്ടതെന്നും ഇയാള്‍ ആരോപിച്ചു. രണ്ടായി മുറിക്കാന്‍ രണ്ട് യൂറോയാണ് (180 രൂപ) ബില്ലില്‍ ഉള്‍പ്പെടുത്തിയിരുന്നത്. വാദപ്രതിവാദങ്ങള്‍ക്ക് നില്‍ക്കാതെ ബില്‍ തുക നല്‍കിയ ശേഷം ഇയാള്‍ പിന്നീട് ഇതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam