'സോഷ്യല്‍ ഡിസ്റ്റന്‍സിംഗ്' അക്ഷരംപ്രതി പാലിച്ച് ഉപഭോക്താക്കള്‍; ബീവറേജിലെ കാഴ്ച വൈറല്‍

By Web TeamFirst Published Mar 19, 2020, 3:16 PM IST
Highlights

ഒരു മീറ്ററെങ്കിലും വിട്ടുനിന്ന് മദ്യശാലകളില്‍ നിന്നും മദ്യം വാങ്ങട്ടെ എന്നതാണ് മുഖ്യമന്ത്രി പറഞ്ഞത്. 

തലശ്ശേരി: കൊവിഡ് 19 രോഗത്തെ നേരിടാന്‍ വലിയ സജ്ജീകരണങ്ങളുമായി മുന്നോട്ട് പോകുന്ന സര്‍ക്കാറിനെതിരെ പ്രതിപക്ഷം അടക്കം ഉയര്‍ത്തുന്ന വിമര്‍ശനമാണ് സര്‍ക്കാര്‍ മദ്യശാലകള്‍ ഇപ്പോഴും തുറന്ന് പ്രവര്‍ത്തിക്കുന്നു എന്നത്. എന്നാല്‍ ബീവറേജ് കോപ്പറേഷന്‍റെ മദ്യശാലകള്‍ അടച്ചിടില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. കൊവിഡ് ബാധയ്ക്കെതിരായി വ്യാപരശാലകളില്‍ എടുക്കുന്ന മുന്‍കരുതലുകളുമായി മുന്നോട്ട് പോകുമെന്നാണ് സര്‍ക്കാര്‍ നിലപാട്.

ഇതേ കാര്യം കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ മുഖ്യമന്ത്രിയും ആവര്‍ത്തിച്ചു. ഒരു മീറ്ററെങ്കിലും വിട്ടുനിന്ന് മദ്യശാലകളില്‍ നിന്നും മദ്യം വാങ്ങട്ടെ എന്നതാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇതിന് പുറമേ ജീവനക്കാര്‍ മാസ്ക് ധരിക്കുകയും വാങ്ങാന്‍ വരുന്നവര്‍ക്കായി സാനിറ്ററൈസ് വയ്ക്കുന്നത് അടക്കമുള്ള നടപടികളും വെബ്കോ എടുക്കണമെന്നാണ് കേരള സര്‍ക്കാര്‍ നിര്‍ദേശം.

ഇതേഘട്ടത്തിലാണ് സോഷ്യല്‍ മീഡിയയില്‍ ഒരു ഫോട്ടോ വ്യാപകമായി പ്രചരിക്കുന്നത്. കണ്ണൂര്‍ തലശ്ശേരിയിലെ ബീവറേജ് കോര്‍പ്പറേഷന്‍ മദ്യശാലയില്‍ മദ്യം വാങ്ങുവാന്‍ ഒരു മീറ്റര്‍ അകലത്തില്‍ നില്‍ക്കുന്ന മദ്യം വാങ്ങാനെത്തുന്നവരുടെ ചിത്രമാണ് ഇത്. എന്തൊരു അച്ചടക്കം എന്തൊരു കൊവിഡ് വിരുദ്ധ ബോധം എന്നതൊക്കെയാണ് ഇതിന് സോഷ്യല്‍ മീഡിയയില്‍ വരുന്ന കമന്‍റ്. ട്വിറ്ററില്‍ പലരും സോഷ്യല്‍ ഡിസ്റ്റന്‍സിംഗിന്‍റെ ഏറ്റവും മികച്ച ഉദാഹരണം എന്ന പേരിലും ചിത്രം പ്രചരിക്കുന്നുണ്ട്.

click me!