230 അടി ഉയരത്തിലെ ആകാശച്ചാട്ടം ഉദ്ഘാടനം ചെയ്യാന്‍ കൈകാലുകള്‍ കെട്ടിയ പന്നി; രൂക്ഷവിമര്‍ശനം

By Web TeamFirst Published Jan 21, 2020, 9:26 AM IST
Highlights

കൈകാലുകള്‍ കെട്ടിയ ശേഷം ടവറിന് മുകളിലെ പ്ലാറ്റ്ഫോമിലെത്തിച്ച പന്നിയുടെ മുന്‍കാലുകള്‍ക്കിടയിലും വയറിലുമായി കെട്ടിയ കയറുകളിലാണ് റൈഡ് ബന്ധിക്കുന്നത്. മുരളുന്ന ശബ്ദമുണ്ടാക്കുന്ന പന്നിയെ രണ്ടില്‍ അധികം ആളുകള്‍ ചേര്‍ന്നാണ് താഴേക്ക് തള്ളിയിടുന്നത്. 


ചോങ്‍ഗിംങ്(ചൈന): പുതിയതായി തുറന്ന പാര്‍ക്കിലെ 230 അടി ഉയരമുള്ള പ്ലാറ്റ്ഫോമില്‍ നിന്നുള്ള ആകാശച്ചാട്ടത്തിന്‍റെ ഉദ്ഘാടനത്തിന് അധികൃതര്‍ ഉപയോഗിച്ചത് 75 കിലോ ഭാരമുള്ള പന്നിയെ. തെക്ക് പടിഞ്ഞാറന്‍ ചൈനയിലെ ചോങ്‍ഗിംങില്‍ നിന്നാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍. കൈകാലുകള്‍ കെട്ടിയ ശേഷം ടവറിന് മുകളിലെ പ്ലാറ്റ്ഫോമിലെത്തിച്ച പന്നിയുടെ മുന്‍കാലുകള്‍ക്കിടയിലും വയറിലുമായി കെട്ടിയ കയറുകളിലാണ് റൈഡ് ബന്ധിക്കുന്നത്. മുരളുന്ന ശബ്ദമുണ്ടാക്കുന്ന പന്നിയെ രണ്ടില്‍ അധികം ആളുകള്‍ ചേര്‍ന്നാണ് താഴേക്ക് തള്ളിയിടുന്നത്. ഉയരത്തില്‍ നിന്ന് പന്നി താഴേക്ക് വീഴുന്നത് കണ്ട് കാഴ്ചക്കാരായ ആളുകള്‍ ആര്‍ത്തുവിളിക്കുന്നതും ദൃശ്യങ്ങളില്‍ കാണാന‍ സാധിക്കും.

ചൈനയിലെ സമൂഹമാധ്യമമായ വൈബോയിലാണ് ദൃശ്യങ്ങള്‍ പ്രചരിച്ചത്. ജനുവരി 18 ന് ഉദ്ഘാടനം ചെയ്ത മെയ്സ്കിന്‍ റെഡ് വൈന്‍ തീം പാര്‍ക്കിന്‍റെ ഉദ്ഘാനവേളയിലെ ദൃശ്യങ്ങള്‍ക്കെതിരായാണ് രൂക്ഷ വിമര്‍ശനം ഉയരുന്നത്. പേടിച്ച് മുക്രയിടുന്ന പന്നിയെ ഇത്തരമൊരു ചടങ്ങിന് ഉപയോഗിച്ചതില്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. ഒരു ജീവിയോട് പുലര്‍ത്തേണ്ട മാന്യത പോലും കാണിക്കാതെയുള്ളതായിരുന്നു പാര്‍ക്ക് അധികൃതരുടെ നടപടിയെന്ന് ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട ഏവരും വിമര്‍ശനം ഉയര്‍ത്തി. താഴേക്ക് വീഴുന്ന പന്നിക്ക് പിന്നീട് എന്ത് സംഭവിച്ചുവെന്ന് ദൃശ്യങ്ങളില്‍ കാണുന്നില്ല. അറവുശാലയിലേക്ക് പന്നിയെ അയച്ചുവെന്നാണ് ചില അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

മൃഗങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ ചൈനയില്‍ കുറ്റകരമല്ല. എന്നിരുന്നാലും ഇത്തരം ക്രൂരമായ നടപടികള്‍ക്കെതിരെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ചൈനയില്‍ അടുത്തിടെ സജീവമാണ്. രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെ തങ്ങളുടെ നടപടിയില്‍ പാര്‍ക്ക് അധികൃതര്‍ മാപ്പു പറഞ്ഞതായാണ് ഒടുവിലെത്തുന്ന റിപ്പോര്‍ട്ട്. മാര്‍ക്കറ്റിംഗ് തന്ത്രങ്ങളുടെ ഭാഗമായി ആയിരുന്നു പന്നിയെ ഉപയോഗിച്ചുള്ള ആകാശച്ചാട്ടമെന്നും പാര്‍ക്ക് അധികൃതര്‍ കുറ്റസമ്മതം നടത്തി. ഇത്തരം നടപടികള്‍ തുടര്‍ന്നുണ്ടാകില്ലെന്നും പാര്‍ക്ക് അധികൃതര്‍ വ്യക്തമാക്കി. 

click me!