
കൊയമ്പത്തൂര്‍: തമിഴ്നാട്ടില്‍ വിവാഹ വീഡിയോ ഷൂട്ടിനെത്തിയ മലയാളി ക്യാമറമാനെയും സംഘത്തെയും തീവ്രവാദിയാക്കി ചിത്രീകരിച്ച് സോഷ്യല്‍ മീഡിയ പ്രചരണം. ലയാളത്തിലെ സിനിമകളില്‍ അടക്കം ക്യാമറമാനായി പ്രവര്‍ത്തിച്ചിട്ടുള്ള ഷിഹാബ് ഓങ്ങല്ലൂരിനും സംഘത്തിനുമാണ് തമിഴ്നാട്ടില്‍ ദുരാനുഭവം നേരിടേണ്ടി വന്നത്. പാലക്കാട് പട്ടാമ്പി സ്വദേശിയായ ഷിഹാബ്, സ്റ്റുഡിയോ ഉടമ ഷംനാദ്, ഫഹാസ്, മിഥിലാജ് എന്നിവരാണ് തമിഴ്നാട്ടിലെ ഇറോഡില്‍ ഒരു വിവാഹവുമായി ബന്ധപ്പെട്ട ചിത്രീകരണത്തിനായി പോയത്.
പ്രശസ്തമായ മരുതമലൈ ക്ഷേത്രത്തില്‍ വിവാഹത്തിന്‍റെ ഔട്ട്ഡോര്‍ ഷൂട്ടിംഗ് കഴിഞ്ഞ ദിവസമാണ് ഇവര്‍ നടത്തിയത്. തുടര്‍ന്ന് തിരിച്ചുവരുമ്പോള്‍ ഒരാള്‍ ഇവരുടെ ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു. പിന്നീട് അടുത്ത ദിവസം തമിഴ്നാട് സ്പെഷ്യല്‍ ബ്രാഞ്ചില്‍ നിന്നും ഒരു ഫോണ്‍ കോള്‍ വന്നപ്പോഴാണ് കാര്യത്തിന്‍റെ ഗൗരവം ഷിഹാബും സംഘവും മനസിലാക്കുന്നത്.
തമിഴ്‌നാട് സ്വദേശി എസ് ശ്രീനിവാസ രാഘവന്‍ എന്നയാളാണ് ഇവരുടെ ഫോട്ടോ 'മോദി രാജ്യം' എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തത്. ഇതിന് നൂറുകണക്കിന് ഷെയറും കമന്‍റുമാണ് ലഭിച്ചത്. മരുതമലൈ ക്ഷേത്രത്തില്‍ ഉത്സവമാണെന്നും, ഇന്ന് ഒരു പ്രത്യേക വാഹനം ഇവിടെ കറങ്ങുന്നുവെന്നും ഇവര്‍ മുസ്ലീംങ്ങളാണെന്നും പോസ്റ്റില്‍ പറയുന്നു. എന്തിനാണ് ഇവര്‍ ഇവിടെ വരുന്നത്. അതിനാല്‍ വിശ്വാസികള്‍ക്ക് ദുരന്തം ഉണ്ടായേക്കും എന്നുമാണ് ഇയാള്‍ പോസ്റ്റ് ചെയ്തത്.
ഇവര്‍ തീവ്രവാദികളായിരിക്കാം, എന്‍ഐഎ അറിയിക്കൂ. വലിയ പ്രശ്നമാണ് എന്ന രീതിയില്‍ പോസ്റ്റിന് നൂറുകണക്കിന് കമന്‍റുകളാണ് എത്തിയത്. ഇതിനെ തുടര്‍ന്ന് ഈ പോസ്റ്റിന് വലിയതോതില്‍ ഷെയറും ലഭിച്ചു. രാലിലെ ഈ പോസ്റ്റ് പൊലീസ് ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ തന്നെ ഇതിന് 400 ഒളം ഷെയര്‍ ലഭിച്ചിരുന്നതായി ഷിഹാബ് പറയുന്നു. പോസ്റ്റിനൊപ്പം തങ്ങളുടെ വാഹനത്തിന്‍റെ വിവരങ്ങളും ഇവര്‍ ചേര്‍ത്തതായി ഷിഹാബ് പറയുന്നു.
പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് തങ്ങളുടെ തമിഴ്നാട്ടിലെ വിവരങ്ങള്‍ കൈമാറിയ ഷിഹാബും സംഘവും ഈ പ്രചാരണത്തിനെതിരെ മറ്റൊരു കേസ് നല്‍കും എന്നാണ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് വ്യക്തമാക്കിയത്. പിന്നീട് വിവാഹത്തിന് തങ്ങളെ വിളിച്ചവര്‍ പോസ്റ്റിട്ട വ്യക്തിയുമായി ബന്ധപ്പെട്ട് പോസ്റ്റ് പിന്‍വലിച്ചിട്ടുണ്ടെന്നും ഷിഹാബ് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam