
കല്‍പ്പറ്റ: 'ഞാന്‍ പിഎച്ച്ഡി എടുക്കണമെന്നാണ് പറഞ്ഞിരുന്നത്... എന്നാല്‍ ഐഎഎസ് എന്ന വലിയ സ്വപ്നമാണ് തന്‍റെ ലക്ഷ്യമെന്ന് അവള്‍ ഉറപ്പോടെ പറഞ്ഞു. പിന്നെ ആ ലക്ഷ്യത്തിന് വേണ്ടിയാണ് ഞങ്ങള്‍ ജീവിച്ചത് തന്നെ'' വയനാട്ടിലെ ആദ്യ സിവില്‍ സര്‍വ്വീസുകാരി ശ്രീധന്യയുടെ അച്ഛന്‍ ഇടിയംവയല്‍ അമ്പലക്കൊല്ലി കോളനിയിലെ സുരേഷ് ഇത് പറയുമ്പോള്‍ കഷ്ടപ്പാടുകള്‍ക്ക് ഫലമുണ്ടായ ആശ്വാസവും അഭിമാനവുമൊക്കെ വാക്കുകളില്‍ നിറയുകയാണ്.
വടക്കേ വയനാട്ടില്‍ പൊഴുതന പഞ്ചായത്തിലെ ഇടിയംവയല്‍ ഗ്രാമത്തില്‍ നിന്ന് തൊഴിലുറപ്പ് തൊഴിലാളികളായ അച്ഛനമ്മമാരുടെ മകളായ ശ്രീധന്യ സുരേഷ് ഇന്ന് മലയാളികളുടെ ആകെ അഭിമാനമാണ്. പട്ടികവര്‍ഗ വിഭാഗത്തില്‍ കുറിച്യ സമുദായംഗമായ ഇവര്‍ ഇന്ത്യന്‍ സിവില്‍ സര്‍വീസിലേക്ക് എത്തിയതും ഒരു ചരിത്ര മുഹൂര്‍ത്തമാണ്.
വയനാട് ജില്ലയിൽനിന്നുള്ള ആദ്യ ഐഎഎസ് നേടുന്ന വ്യക്തിയായേക്കും ശ്രീധന്യ. കുറിച്യ വിഭാഗത്തിൽപ്പെട്ട ശ്രീധന്യയ്ക്കു തന്‍റെ രണ്ടാം പരിശ്രമത്തിലാണ് ഐതിഹാസിക നേട്ടം കരസ്ഥമാക്കാനായത്. പൊഴുതന ഇടിയംവയൽ അമ്പലക്കൊല്ലിയിലെ ദ്രവിച്ചുവീഴാറായ കൂരയിൽ നിന്നാണു ശ്രീധന്യ വരുന്നത്.
ഇന്നലെ മുതല്‍ ശ്രീധന്യയുടെ അഭിമുഖം വന്നത് മുതല്‍ പലരും ചോദിക്കുന്നുണ്ട് ശ്രീധന്യയോട് കയ്യില്‍ എന്താണ് ഒരു കെട്ട് എന്ന്. ശ്രീധന്യയുടെ ഇടിഞ്ഞുവീഴാറായ കൂരയിൽ വയറിങ് പോലും ശരിയാക്കിയിട്ടില്ല. ദില്ലിയില്‍ സിവില്‍ സര്‍വീസിന്‍റെ അവസാന അഭിമുഖം കഴിഞ്ഞ് എത്തിയതിന്‍റെ പിറ്റേന്ന് ലാപ്ടോപ് ചാർജ് ചെയ്യുന്നതിനിടെ ശ്രീധന്യ കൈയ്ക്കു ഷോക്കേറ്റു തെറിച്ചുവീണു. പൊട്ടലേറ്റ ഇടതുകയ്യിൽ ബാൻഡേജുമായാണു ശ്രീധന്യ കൂട്ടുകാരുമായി തിരുവനന്തപുരത്തു വിജയമധുരം പങ്കിട്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam