'നിര്‍ഭയ കേസ് പ്രതികളെ ഞാന്‍ തൂക്കാം': തിഹാറിലേക്ക് കത്തെഴുതിയ മലയാളി ഇതാണ്.!

By Web TeamFirst Published Dec 17, 2019, 4:06 PM IST
Highlights

മുംബൈ, ഡല്‍ഹി, ഗുരുഗ്രാം, കേരളം, തമിഴ്‌നാട്, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ആരാച്ചാരാകാന്‍ തയ്യാറെന്ന് കാണിച്ച് കത്തയച്ചിരിക്കുന്നത്. ലണ്ടനില്‍ നിന്നും അമേരിക്കയില്‍ നിന്നും പ്രതികളെ തൂക്കിലേറ്റാന്‍ തയ്യാറെന്ന് കാണിച്ച് കത്തുകള്‍ ജയിലിലേക്ക് വന്നിട്ടുണ്ട്. 

ദില്ലി: നിര്‍ഭയകേസ് പ്രതികളെ തൂക്കിലേറ്റാന്‍ തിഹാര്‍ ജയില്‍ അധികൃതര്‍ക്ക് ഏറ്റവും വലിയ വെല്ലുവിളി ആരാച്ചാരെ കിട്ടിനില്ലത്തതാണ് എന്ന് വാര്‍ത്ത വന്നിരുന്നു. ഇതിന് പിന്നലെ നിരവധിപ്പേരാണ് ഈ ജോലി സ്വീകരിക്കാം എന്ന് പറഞ്ഞ് തിഹാര്‍ ജയിലിലേക്ക് കത്ത് അയക്കുന്നത്. ഇതില്‍ മലയാളികളും ഉണ്ടെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. വിദേശത്ത് നിന്നുവരെ പ്രതികളെ തൂക്കിലേറ്റാന്‍ തയ്യാറാണെന്ന് പറഞ്ഞ് കത്തുകള്‍ ലഭിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്. 

മുംബൈ, ഡല്‍ഹി, ഗുരുഗ്രാം, കേരളം, തമിഴ്‌നാട്, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ആരാച്ചാരാകാന്‍ തയ്യാറെന്ന് കാണിച്ച് കത്തയച്ചിരിക്കുന്നത്. ലണ്ടനില്‍ നിന്നും അമേരിക്കയില്‍ നിന്നും പ്രതികളെ തൂക്കിലേറ്റാന്‍ തയ്യാറെന്ന് കാണിച്ച് കത്തുകള്‍ ജയിലിലേക്ക് വന്നിട്ടുണ്ട്. അഭിഭാഷകകര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമാര്‍ തുടങ്ങിയവരാണ് സന്നദ്ധത അറിയിച്ച് കത്തയച്ചവരില്‍ കൂടുതലും. ഇതിനിടെ ഡിസംബര്‍ 16ന് പ്രതികളെ തൂക്കിലേറ്റിയേക്കുമെന്ന വാര്‍ത്തയും പുറത്ത് വരുന്നുണ്ട്.

എങ്കിലും ആ കത്ത് എഴുതിയ മലയാളി ആരാണെന്ന അന്വേഷണം ഇതാ അവസാനിക്കുന്നു. തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ ഒരു ഐടി കമ്പനിയിലെ സോഫ്റ്റ്വെയര്‍ ടെസ്റ്റര്‍ റെയ്മണ്ട് റോബിന്‍ ഡോണ്‍സ്റ്റണ്‍ ആണ് ഈ കത്ത് എഴുതിയ മലയാളി. തന്‍റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ റെയ്മണ്ട് തന്നെ ഇത് സ്ഥിരീകരിക്കുന്നു. "ആരായിരിക്കും ആ മലയാളി എന്ന് രാവിലെ ചായയും കുടിച്ചു പത്രവും വായിച്ചോണ്ട് ഇരുന്നു തല പുകയണ്ട. ഞാൻ തന്നെ ആ മലയാളി. എനിക്ക് ഒരു അവസരം തന്നാൽ ആ നാലെണ്ണത്തിനെയും തൂക്കിയിരിക്കും. എന്റെ അമ്മച്ചിയാണേ സത്യം... അഭിമാനപൂർവം... നെഞ്ചുറപ്പോടെ... മലയാളിയാടാ പറയുന്നേ....." - എന്ന് ഇദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഇന്ത്യന്‍ രാഷ്ട്രപതി, തിഹാര്‍ ജയില്‍ ഡിജി എന്നിവര്‍ക്ക് മെയില്‍ വഴിയാണ് റെയ്മണ്ട് നിര്‍ഭയ കേസ് പ്രതികളെ തൂക്കാന്‍ അനുവദിക്കണം എന്ന അപേക്ഷ നല്‍കിയത്. 2014 മാര്‍ച്ച് 13ന് വന്ന വിധിപ്രകാരം നിര്‍ഭയ കേസ് പ്രതികളെ തൂക്കുവാന്‍ താന്‍ സന്നദ്ധനാണ് എന്ന വിവരമാണ് മെയിലില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്. ഇത്രയും വലിയ കുറ്റം ചെയ്തിട്ടും ആരാച്ചാര്‍ ഇല്ല എന്നതിന്‍റെ പേരില്‍ ശിക്ഷ വൈകുന്നത് ഇരയ്ക്ക് മാത്രമല്ല, രാജ്യത്തെ സ്ത്രീ സമൂഹത്തിന് ഒന്നാകെയുള്ള വെല്ലുവിളിയാണ് എന്ന് റെയ്മണ്ട് പറയുന്നു.
 

click me!