'മേക്കപ്പല്ല, ഇത് ഒറിജിനല്‍, മോശം കമന്‍റുകള്‍ കാര്യമാക്കില്ല'; സോഷ്യല്‍ മീഡിയ തെരഞ്ഞ'വൈറല്‍ അമ്മൂമ്മ' പറയുന്നു

By Reshma VijayanFirst Published Jul 26, 2019, 5:39 PM IST
Highlights

'മോശം കമന്‍റുകളും ഒരുപാട് വരാറുണ്ട്. എന്നാല്‍ അവ കാര്യമാക്കാറില്ല. ദേഷ്യപ്പെടാതെ ചിരിച്ചുകൊണ്ട് തന്നെ അവര്‍ക്ക് മറുപടി നല്‍കും'.

തിരുവനന്തപുരം: ചട്ടയും മുണ്ടുമുടുത്ത് പ്രായത്തെ വെല്ലുന്ന നൃത്തവും അഭിനയവുമൊക്കെയായി സോഷ്യല്‍ മീഡിയയുടെ മനം കവരുകയാണ് ഈ 'വൈറല്‍' അമ്മൂമ്മ. തകര്‍പ്പന്‍ ഡാന്‍സ് കളിച്ച് ടിക് ടോക്കില്‍ സ്റ്റാറായ അനിലമ്മയുടെ ജീവിതവും ഡാന്‍സ് പോലെ തന്നെ എപ്പോഴും പോസിറ്റീവാണ്. 'ഈ പ്രായത്തില്‍ ഇതെന്തിന്‍റെ കേടാ?' എന്ന് ചോദിക്കുന്നവരോട് ചിരിച്ചുകൊണ്ട് അവര്‍ മറുപടി പറയും 'പ്രായമൊക്കെ വെറും അക്കമല്ലേ മനസ്സിപ്പോഴും ചെറുപ്പമാ'...63 വയസ്സിലും പൂര്‍ണ സന്തോഷവതിയായി, അനായാസം നൃത്തം ചെയ്യുന്നതിനെക്കുറിച്ചും സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങളെ കുറിച്ചും അനിലമ്മ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുന്നു..

'ജീവിതത്തില്‍ ഒരുപാട് കഷ്ടപ്പാടുകള്‍ അനുഭവിച്ചിട്ടുണ്ട്. മകള്‍ക്ക് ഒന്നര വയസ്സുള്ളപ്പോഴാണ് ഭര്‍ത്താവ് ഉപേക്ഷിച്ചത്. അവള്‍ക്കിപ്പോള്‍ 38 വയസ്സായി. പ്രയാസങ്ങള്‍ക്കിടയില്‍ കുടുംബം പുലര്‍ത്താന്‍ ബാലെ കളിക്കാനും നാടകങ്ങളില്‍ ചെറിയ വേഷങ്ങള്‍ അവതരിപ്പിക്കാന്‍ പകരക്കാരിയായുമൊക്കെ പോയിട്ടുണ്ട്. ചെറുപ്പത്തില്‍ കുറച്ചുനാള്‍ നൃത്തം പഠിച്ചിട്ടുണ്ട്. എന്നാല്‍ അരങ്ങേറ്റമൊന്നും നടത്തിയിട്ടില്ല. കലയോട് അടങ്ങാത്ത അഭിനിവേശമാണ്. അത് പ്രകടപ്പിക്കാന്‍ ടിക് ടോക്ക് പോലെ ഒരു വേദി ലഭിച്ചപ്പോള്‍ സന്തോഷത്തോടെ ഉപയോഗിക്കുന്നു.

ഒരുപാട് സമയമെടുത്ത് പ്രാക്ടീസ് ചെയ്താണ് ഓരോ വീഡിയോയിലും അഭിനയിക്കുന്നത്. നല്ല പ്രതികരണങ്ങള്‍ വരുന്നതില്‍ സന്തോഷമുണ്ട്. മോശം കമന്‍റുകളും വരാറുണ്ട്. എന്നാല്‍ അവ കാര്യമാക്കാറില്ല. ദേഷ്യപ്പെടാതെ ചിരിച്ചുകൊണ്ട് തന്നെ അവര്‍ക്ക് മറുപടി നല്‍കും. ജീവിതത്തില്‍ എപ്പോഴും പോസിറ്റീവാണ്. അതുകൊണ്ട് മോശം പ്രതികരണങ്ങള്‍ ജീവിതത്തെ ബാധിക്കാറില്ല. ഞാന്‍ ഇനിയും ടിക് ടോക്കില്‍ വീഡിയോകള്‍ ചെയ്യും' - അനിലമ്മ പറയുന്നു.

വീഡിയോ നീക്കം ചെയ്യുന്നതില്‍ വിഷമമുണ്ട്

ചില വീഡിയോകള്‍ ടിക് ടോക്കില്‍ നിന്ന് നീക്കം ചെയ്യാറുണ്ട്. അത് ഏറെ വിഷമമുണ്ടാക്കുന്നതാണ്. കഷ്ടപ്പെട്ട് പോസ്റ്റ് ചെയ്യുന്ന വീഡിയോ 2000 ലൈക്കുകളാകുമ്പോള്‍ നീക്കം ചെയ്യുന്നു. അത് എങ്ങനെയാണെന്നും ആരാണ് ചെയ്യുന്നതെന്നും അറിയില്ല. കുറച്ചുപേര്‍ റിപ്പോര്‍ട്ട് ചെയ്താല്‍ പോലും വീഡിയോ നീക്കം ചെയ്യുമെന്ന് പറഞ്ഞ് കേള്‍ക്കുന്നു. അതിനെ കുറിച്ച് കൂടുതലൊന്നും അറിയില്ല. എന്നാല്‍ വീഡിയോ നീക്കം ചെയ്യുമ്പോള്‍ ഒരുപാട് വിഷമം തോന്നാറുണ്ട്.

കുടുംബത്തിന്‍റെ പിന്തുണ

കുടുംബമാണ് ഏറ്റവും വലിയ പിന്തുണ. മൂന്ന് മക്കളാണുള്ളത്. മൂത്ത മകനാണ് വീഡിയോ ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്നതും ഡാന്‍സിന് സ്റ്റെപ്പുകള്‍ പഠിപ്പിക്കുന്നതും. അവനാണ് ടിക് ടോക്കില്‍ വീഡിയോ ചെയ്യാന്‍ പറഞ്ഞത്.

വേഷത്തെക്കുറിച്ചുള്ള കമന്‍റുകള്‍ 

വീട്ടില്‍ ചട്ടയും മുണ്ടും സെറ്റുമൊക്കെ ധരിക്കാറുണ്ട്. ആ വേഷത്തില്‍ തന്നെയാണ് ടിക് ടോക്കിലും അഭിനയിക്കുന്നത്. മേക്കപ്പിലൂടെ പ്രായം കൂട്ടിയതല്ല. ഇത് എന്‍റെ ശരിക്കുള്ള രൂപം തന്നെയാണ്. മകനാണ് ബര്‍മുഡയും ടിഷര്‍ട്ടും ധരിച്ച് ഡാന്‍സ് കളിച്ചാലും നന്നായിരിക്കുമെന്ന് പറഞ്ഞത്. 

ഇതാണ് ഏറ്റവും വലിയ ആഗ്രഹം

ഞാന്‍ സ്വന്തം പോലെ കാണുന്ന പ്രായമായ കുറച്ച് പേരുണ്ട്. അവരെ സഹായിക്കാന്‍ എന്നാലാവുന്നത് ശ്രമിച്ചു. എന്നാല്‍ അവര്‍ക്കൊരു ചെറിയ വീട് പണിത് നല്‍കണം എന്നാണ് ആഗ്രഹം. ടിക് ടോക്കില്‍ നിന്ന് ഇതുവരെ പണമൊന്നും ലഭിച്ചിട്ടില്ല. പണം കിട്ടുകയാണെങ്കില്‍ ആരും തുണയില്ലാത്ത ആ അച്ഛനമ്മമാര്‍ക്ക് ഒരു വീട് നിര്‍മ്മിക്കാന്‍ ഉപയോഗിക്കും. 

കോട്ടയമാണ് സ്വദേശം. ഇപ്പോള്‍ വര്‍ഷങ്ങളായി എറണാകുളത്ത് മാടവനയില്‍ താമസിക്കുന്നു. ഹോം നഴ്സുകളെ റിക്രൂട്ട് ചെയ്യുന്ന ഒരു ഓഫീസില്‍ ജോലി ചെയ്യുന്നുണ്ട്. അഭിനയിക്കാന്‍ ആഗ്രഹമുണ്ട്. ഹ്രസ്വചിത്രത്തില്‍ ചെറിയ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. സിനിമയില്‍ അവസരം കിട്ടിയാല്‍ തീര്‍ച്ചയായും സ്വീകരിക്കും- അനിലമ്മ തുറന്നുപറഞ്ഞു. 

"

click me!