
രണ്ട് വർഷത്തോളം നീണ്ട വർക്ക് ഫ്രം ഹോം കാലം കഴിഞ്ഞ് പ്രമുഖ കമ്പനികളൊക്കെ തിരികെ ഓഫീസ് ജോലിക്രമത്തിലേക്ക് പോവുകയാണ്. അങ്ങനെ തീരുമാനിച്ചപ്പോൾ കാനഡയിലെ കൂടുതൽ ജീവനക്കാരുടെയും ആശങ്ക ഒന്നായിരുന്നു. എങ്ങനെ ഇനി വളർത്തുനായ്ക്കളെ പിരിഞ്ഞിരിക്കും. കാര്യം അറിഞ്ഞ കമ്പനി മേധാവികൾ വിഷയം ഗൗരവതരമായി പരിഗണിച്ചു. അങ്ങനെ ഒട്ടാവയിലെ ടങ്സ്റ്റൺ കമ്പനി ഇപ്പോൾ ലോകശ്രദ്ധ നേടിയിരിക്കുകയാണ്.
ടങ്സ്റ്റണിലെത്തുന്നവർക്ക് ഓഫീസ് ലോബിയിലും, ജീവനക്കാരുടെ ഡെസ്ക്കിനടിയിലുമൊക്കെ നിറയെ നായ്ക്കളെയും നായ്ക്കുട്ടികളെയും കാണാം. എല്ലാം യജമാനനൊപ്പം ഓഫീസിൽ വന്നതാണ്. ഇതെങ്ങനെ അനുവദിക്കുന്നു, ഓഫീസ് ജോലി എങ്ങനെ നടക്കും എന്നൊക്കെ തോന്നാം. എന്നാൽ ഇതെല്ലാം കൃത്യയുമായി രേഖപ്പെടുത്തി ഒരു വളർത്തുമൃഗ നയം തന്നെ കമ്പനി രൂപീകരിച്ചു. അതിലെ വ്യവസ്ഥകളാണ് നായ്ക്കളെ കൊണ്ടുവരുന്ന ജീവനക്കാർ പിന്തുടരുന്നത്.
ഈ പുതിയ രീതിയിൽ കമ്പനി മേധാവികൾ കാണുന്ന ഗുണങ്ങൾ പലതാണ്. സമ്മർദ്ദമൊഴിഞ്ഞ് സന്തോഷകരമായ അന്തരീക്ഷത്തിൽ ജീവനക്കാരുടെ കൂടുതൽ ക്ഷമത ജോലിക്ക് ലഭിക്കും. ഒഴിവു വേളകളിൽ ഇരിപ്പിടത്തിൽ ഇരുന്ന് ഭക്ഷണം കഴിക്കാതെ, നായ്ക്കളോടൊപ്പം സമയം ചെലവഴിക്കുന്നത് നല്ല കായികാധ്വാനവും നൽകുന്നു. അങ്ങനെ ശാരീരികവും മാനസികവുമായ ഉത്തേജനം, ജോലിയിൽ ഉണർവ് കൊണ്ടുവരുന്നുവെന്ന് കമ്പനി മേധാവികളും വിശ്വസിക്കുന്നു.
മാതൃകാപരമായ നയം സ്വീകരിച്ച ടങ്സ്റ്റൺ കമ്പനിയെ തേടി മൃഗസംരക്ഷണ സംഘടനകളുടെ അംഗീകാരങ്ങളും എത്തി. ഇതോടെ ഈ പരീക്ഷണം ഇപ്പോൾ പലയിടങ്ങളിലേക്കും വ്യാപിക്കുകയാണ്. ഇതേ തുടർന്ന് നടത്തിയ സർവേ പ്രകാരം 51 ശതമാനം കനേഡിയൻ പൗരന്മാരും വളർത്തുമൃഗങ്ങളെ ജോലി സ്ഥലത്തേക്ക് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നവരാണ്. കൊവിഡ് ഉണ്ടാക്കിയ മാറ്റങ്ങളുടെ പട്ടികയിലേക്ക് പുതിയൊരു തൊഴിൽ സംസ്കാരം കൂടി എഴുതി ചേർക്കപ്പെടുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam