കൊവിഡ് 19: 'പ്രിയപ്പെട്ടവരെ, ജീവിതം മരണമായി മാറാതിരിക്കട്ടെ...' പാട്ടുമായി പൊലീസ് ഉദ്യോ​ഗസ്ഥൻ: വീഡിയോ

By Web TeamFirst Published Mar 29, 2020, 5:12 PM IST
Highlights

സിന്ദ​ഗി മൗത്ത് ന ബൻ ജായേ, സംഭാലോ യാരോൺ ( ജീവിതം മരണമായി മാറാതിരിക്കട്ടെ, സൂക്ഷിക്കൂ പ്രിയപ്പെട്ടവരെ) എന്ന അദ്ദേഹത്തിന്റെ പാട്ട് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. 

മുംബൈ: കൊറോണ വൈറസ് വ്യാപനത്തിന്റെ ഭീതിയിലാണ് ലോകമെങ്ങുമുള്ള ജനങ്ങൾ. പരസ്പരം കാണാതെ, മിണ്ടാതെ എല്ലാവരും സ്വന്തം വീടുകളിൽ തുടരുകയാണ്. കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാ​ഗമായി 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചിലരെങ്കിൽ ലോക്ക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങി നടക്കുന്നുണ്ട്. ഇത്തരത്തിൽ കറങ്ങി നടക്കുന്നവരെ വീട്ടിലിരുത്താൻ പല വിദ്യകളും പയറ്റുകയാണ് അധികൃതർ.

വളരെ വ്യത്യസ്തമായ രീതിയിൽ കൊവിഡ് 19 ബോധവത്കരണവുമായി നിരത്തിലിറങ്ങിയിരിക്കുകയാണ് മഹാരാഷ്ട്രയിലെ ഈ പൊലീസ് ഉദ്യോ​ഗസ്ഥൻ. സിന്ദ​ഗി മൗത്ത് ന ബൻ ജായേ, സംഭാലോ യാരോൺ ( ജീവിതം മരണമായി മാറാതിരിക്കട്ടെ, സൂക്ഷിക്കൂ പ്രിയപ്പെട്ടവരെ) എന്ന അദ്ദേഹത്തിന്റെ പാട്ട് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഡ്യൂട്ടിസമയത്താണ് കോർഡ്ലെസ് മൈക്കും കയ്യിലേന്തി അദ്ദേഹത്തിന്റെ പാട്ട്. കൊറോണ വൈറസ് വ്യാപനത്തിന്റെ ആശങ്കകൾ ഉൾക്കൊണ്ട് വീട്ടിനുളളിൽ തന്നെ ഇരിക്കാനും സാമൂഹികമായി അകലം പാലിക്കാനും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിക്കുന്നു. 

A Maharashtra police constable breaks into song in a bid to convince people to co-operate & stay indoors... Hope people listen to his musical entreaty! pic.twitter.com/RhuEdBN9h6

— ANIL DESHMUKH (@AnilDeshmukhNCP)

ആമിർഖാൻ അഭിനയിച്ച സർഫറോഷ് എന്ന സിനിമയിലെ ​ഗാനമാണിത്. മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് ഈ വീഡിയോ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. ഒരു കോൺസ്റ്റബിൾ തന്റെ പാട്ടിലൂടെ ജനങ്ങളോട് വീടിനുള്ളിൽ തന്നെ ഇരിക്കാനും സൂക്ഷിക്കാനും ആവശ്യപ്പെടുന്നു. അദ്ദേഹത്തിന്റെ അഭ്യർത്ഥന എല്ലാവരും ചെവിക്കൊള്ളുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ദേശ്മുഖ് വീഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്നു. കഴിഞ്ഞ ദിവസം ബം​ഗളൂരു അസിസ്റ്റന്റ് കമ്മീഷണർ തബാരക് ഫാത്തിമയും പാട്ട് പാടി ബോധവത്കരണം നടത്തിയിരുന്നു. 

click me!