
തൃശ്ശൂര്‍: തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും മോഷ്ടിക്കപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ വിഷ്ണുപ്രസാദിന് തിരികെ ലഭിച്ചു. തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിന് സമീപത്തു നിന്നാണ് സര്‍ട്ടിഫിക്കറ്റുകളടങ്ങിയ ഫയല്‍ തിരികെ കിട്ടിയത്. കഴിഞ്ഞ ദിവസമാണ് ഗൂഢല്ലൂര്‍ സ്വദേശിയായ വിഷ്ണുവിന്റെ ബാഗ് തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് മോഷണം പോയത്. സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടമായെന്നും അത് തിരികെ ലഭിക്കാന്‍ സഹായിക്കണമെന്നുമുള്ള വിഷ്ണുവിന്‍റെ അഭ്യര്‍ത്ഥന സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
വാര്‍ത്ത കണ്ട തളിക്കുളം സ്വദേശിയായ ഷാഹിദും സുഹൃത്തത് പത്താങ്കല്‍ സ്വദേശി ഇമ്രാനും സ്വരാജ് റൗണ്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് സര്‍ട്ടിഫിക്കറ്റുകളടങ്ങിയ ഫയല്‍ കണ്ടത്. കുറുപ്പം റോഡില്‍ ഗ്രാഫിക് ഡിസൈനിങ് സ്ഥാപനം നടത്തുകയാണ് ഷാഹിദ്. ഇവിടുത്തെ ജീവനക്കാരനാണ് ഇമ്രാന്‍. വെള്ളിയാഴ്ച നാലുമണിക്ക് പുറത്തിറങ്ങിയപ്പോഴാണ് ഫയല്‍ കണ്ടത്. തുടര്‍ന്ന് ഫയല്‍ ഇവര്‍ പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. ബാഗിലെ പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള ഏതാനും രേഖകളാണ് തിരികെ കിട്ടിയത്. തിരിച്ചറിയില്‍ കാര്‍ഡും യോഗ്യതാ സര്‍ട്ടിഫിക്കറ്റും ഇനി കിട്ടാനുണ്ട്.
ജര്‍മന്‍ കപ്പലില്‍ ജോലി കിട്ടിയപ്പോള്‍ ഒറിജനല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ പോകുന്നതിനിടെയാണ് വിഷ്ണുവിന്‍റെ ബാഗ് നഷ്ടപ്പെട്ടത്. തന്റെ ഫോണും വസ്ത്രങ്ങളും മോഷ്ടാവ് എടുത്താലും സര്‍ട്ടിഫിക്കറ്റുകള്‍ ദയവായി തിരികെ തരണമെന്ന വിഷ്ണുവിന്റെ അഭ്യര്‍ത്ഥന സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. പ്രതിമാസം 85,000 രൂപ ശമ്പളത്തില്‍ ജര്‍മന്‍ കപ്പലില്‍ അസോസിയേറ്റ് തസ്തികയില്‍ വിഷ്ണുവിന് നിയമനം ലഭിച്ചിരുന്നു. ഒറിജനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയാല്‍ മാത്രമേ നിയമന ഉത്തരവ് കിട്ടൂ. അതിനായി സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുന്നതിനായുള്ള യാത്രയിലാണ് തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ബാഗ് മോഷണം പോയത്.
പാസ്‌പോര്‍ട്ട്, കപ്പലില്‍ യാത്ര ചെയ്യാനുള്ള അനുമതിപത്രം തുടങ്ങിയവയെല്ലാം ഈ ബാഗിലായിരുന്നു. സംഭവത്തില്‍ റെയില്‍വേ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിന് സമീപത്ത് നിന്ന് ബാഗ് തിരികെ ലഭിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam