
ദില്ലി: ഇന്ത്യൻ വ്യോമസേന വിങ് കമാൻഡര്‍ അഭിനന്ദൻ വര്‍ത്തമാനെ ഉപയോഗിച്ചുള്ള പാകിസ്ഥാനി തേയില കമ്പനിയുടെ പരസ്യം സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നു. പാകിസ്ഥാനിലെ കറാച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'താപൽ ടീ' എന്ന ബ്രാൻഡാണ് അഭിനന്ദന്റെ ദൃശ്യങ്ങൾ ഉൾപ്പെടുത്തി പരസ്യം പുറത്തിറക്കിയത്.
ചായ കുടിക്കുന്ന അഭിനന്ദൻ "ദ ടീ ഈസ് ഫൻ്റാസ്റ്റിക്, താങ്ക്യൂ" എന്ന് പറയുന്നത് പരസ്യത്തിൽ കാണാം. വിങ് കമാൻഡര്‍ അഭിനന്ദനെ ഉപയോഗിച്ച് ചിത്രീകരിച്ച പരസ്യമെന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി വീഡിയോ ഷെയര്‍ ചെയ്യുന്നുണ്ട്. എന്നാൽ പരസ്യത്തെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.
'ഈ പരസ്യം യഥാർത്ഥത്തിൽ താപൽ ടീ കമ്പനിയുടേതല്ല. ഇതൊരു എഡിറ്റ് ചെയ്ത വീഡിയോ ആണ്. അഭിനന്ദനെ ഉപയോഗിച്ച് താപൽ ടീ ഇത്തരത്തിൽ ഒരു പരസ്യം പുറത്തിറക്കിയിട്ടില്ല. പാക് സൈന്യം അഭിനന്ദനെ കസറ്റഡിയിലെടുത്ത ശേഷം ഫെബ്രുവരി 27ന് പുറത്തുവിട്ട വീഡിയോയിലെ ദൃശ്യങ്ങളാണ് പരസ്യത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും', ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
ഇതാണ് താപൽ ദാനേദറിന്‍റെ യഥാര്‍ത്ഥ വീഡിയോ;
"Tapal tea ad" എന്ന് ഗൂഗിളിൽ തിരഞ്ഞ് നോക്കിയാൽ താപൽ ടീയുടെ പുറത്തിറങ്ങിയ യഥാർത്ഥ പരസ്യ ചിത്രം ലഭിക്കും. ഗൂഗിള്‍ സെര്‍ച്ച് റിസള്‍ട്ടിന്‍റെ ആദ്യ പേജിൽ തന്നെ യഥാര്‍ത്ഥ പരസ്യ ചിത്രം കിട്ടും. ഈ വീഡിയോയിൽ അഭിനന്ദന്‍റെ ദൃശ്യങ്ങളില്ലെന്നും ടൈംസ് ഫാക്റ്റ് ചെക്ക് ടീം വ്യക്തമാക്കി.
പരസ്യത്തിൽ"@iedit_whatuwant" എന്ന വാട്ടര്‍മാര്‍ക്ക് സ്ക്രീനിൽ ഫ്ലോട്ട് ചെയ്യുന്നത് കാണാം. വീഡിയോയ്ക്ക് ശേഷവും ഈ വാട്ടര്‍മാര്‍ക്ക് കാണിക്കുന്നുണ്ട്. ഇത് ഈ വീഡിയോ എഡിറ്റ് ചെയ്തയാളുടെ ഹാൻഡിൽ ആകാനാണ് സാധ്യത. എന്നാൽ ഇങ്ങനെയൊരു ഹാൻഡിൽ ട്വിറ്ററിൽ കണ്ടെത്താൻ സാധിച്ചില്ല. എന്നാൽ ഫേസ്ബുക്കിൽ ഫൺ ഫാസ്റ്റ് എഡിറ്റ്സ് എന്ന പേരിലുള്ള പേജിന്‍റെ ഹാൻഡിൽ ഇതാണെങ്കിലും പേജിൽ ഈ വീഡിയോ കണ്ടെത്താനായില്ല.
താപൽ ടീയുടെ ഔദ്യോഗിക ഫേയ്സ്ബുക്ക് പേജും വെബ്സൈറ്റും പരിശോധിച്ചു. അതിലൊന്നും തന്നെ അഭിനന്ദൻ വര്‍ത്തമാനെ ഉപയോഗിച്ച് പുറത്തിറക്കിയ പരസ്യ ചിത്രം പങ്കുവച്ചതായി കാണാൻ കഴിഞ്ഞില്ല. അത്തരത്തിലൊരു പരസ്യം പുറത്തിറക്കിയത് സംബന്ധിച്ച യാതൊരു സൂചനയും ലഭിച്ചില്ലെന്നും ടൈംസ് ഫാക്റ്റ് ചെക്ക് ടീം വ്യക്തമാക്കി.
അതിര്‍ത്തിയിൽ വ്യോമാക്രമണം ചെറുക്കുന്നതിനിടെ ഫെബ്രുവരി 27നാണ് അഭിനന്ദൻ വർത്തമാൻ പാകിസ്ഥാൻ്റെ പിടിയിലാകുന്നത്. പിന്നീട് മൂന്ന് ദിവസത്തെ ആശങ്കകൾക്ക് വിരാമമിട്ട് അഭിനന്ദൻ ഇന്ത്യയിലെത്തി. വാഗാ അതിര്‍ത്തിയില്‍ വെച്ചാണ് അഭിനന്ദനെ പാകിസ്ഥാന്‍ സൈന്യം ഇന്ത്യയ്ക്ക് കൈമാറിയത്. വ്യോമസേനാ ഉന്നത ഉദ്യോഗസ്ഥര്‍ ചേർന്ന് അഭിനന്ദന്‍ വര്‍ത്തമാനെ ഇന്ത്യയിലേക്ക് സ്വീകരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam