
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി നിർമ്മാണം കരാർ അനുസരിച്ച് അടുത്ത ഡിസംബറിൽ തീരില്ലെന്ന് അദാനി . ഓഖിയെ മറയാക്കി കരാർ ലംഘനം വഴിയുള്ള പിഴ ഒഴിവാക്കാനാണ് അദാനി ഗ്രൂപ്പിൻറെ നീക്കം. കൂടുതൽ സമയം ആവശ്യപ്പെട്ടുള്ള അദാനിയുടെ കത്ത് സ്വതന്ത്ര എഞ്ചിനീയർമാർ പരിശോധിക്കുകയാണ്, കത്തിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടു.
ഗൗതം അദാനി പറഞ്ഞ 1000 ദിവസം കൊണ്ട് സ്വപ്ന പദ്ധതി നടക്കില്ലെന്ന് തുറമുഖമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ കരാർ അനുസരിച്ചുള്ള 1400 ദിവസം കൊണ്ടും പണി തീരില്ലെന്നാണ് അദാനി അറിയിച്ചത്. ഓഖി മൂലം ഡ്രെഡ്ജറുകൾ തകർന്നു, ഇതുവരെ നടത്തിയ നിർമ്മാണ പ്രവർത്തനങ്ങളെയും ബാധിച്ചുവെന്ന് കരാറുകാരായ അദാനിയും ഉപകരാർ നേടിയ ഹോവെ കമ്പനിയും കത്തിലൂടെ അറിയിച്ചു.
നഷ്ടപരിഹാരമായി 100 കോടി ഹോവെ അദാനിയോട് ചോദിച്ചു. ഹോവെയുടെ ആവശ്യങ്ങളും കൂടി ചേർത്താണ് പദ്ധതിക്ക് കൂടുതൽ സമയം വേണ്ടിവരുമെന്ന് അദാനി വിഴിഞ്ഞം തുറമുഖ നിർമ്മാണ കമ്പനിയെ അറിയിച്ചത്. അടുത്ത ഡിസംബറിന് ശേഷവും ഏതാണ്ട് 16 മാസം കൂടി വേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്. കത്തിലൊന്നും പാറക്കല്ല് കിട്ടത്തത് പറയുന്നില്ല. പാറക്കല്ല് ക്ഷാമം മൂലം മാസങ്ങളായി നിർമ്മാണം നിലച്ചിരിക്കുന്നു. പ്രൃകൃതിദുരന്തമാണ് കരാർ ലംഘനത്തിന്റെ കാരണമെങ്കിൽ നഷ്ട പരിഹാരം വേണ്ട.
അല്ലാത്ത പക്ഷം കാലാവധി കഴിഞ്ഞ് ഒരോ ദിവസവും 12 ലക്ഷം അദാനി സർക്കാറിന് നഷ്ടപരിഹാരമായി നൽകണം. പാറക്കല്ല് കണ്ടെത്തേണ്ട ബാധ്യത അദാനിക്കാണ്. അത് നടക്കാതെ വന്നപ്പോൾ ഓഖിയെ പഴിച്ച് പദ്ധതി വൈകിപ്പിക്കാനാണ് അദാനി ഗ്രൂപ്പിന്റെ നീക്കം.
എഞ്ചിനീയർമാരുടെ പരിശോധനാറിപ്പോർട്ട് അനുസരിച്ച് വിഴിഞ്ഞം തുറമുഖ കമ്പനി തുടർനിലപാട് തീരുമാനിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam