ഹോർമുസ് കടലിടുക്കിലെ ഇറാന്റെ നീക്കങ്ങളെ ബ്രിട്ടൻ, ഫ്രാൻസ്, ജപ്പാൻ തുടങ്ങിയ ലോകശക്തികൾ ശക്തമായി അപലപിച്ചു. കപ്പൽ ഗതാഗതം സുരക്ഷിതമാക്കാനുള്ള ശ്രമങ്ങളിൽ പങ്കാളികളാകാൻ തയ്യാറാണെന്നും ഇവർ അറിയിച്ചു.  

പാരിസ്: ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സുരക്ഷിതമാക്കാൻ നിർണ്ണായക നീക്കവുമായി ലോകശക്തികൾ. ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, നെതർലൻഡ്‌സ്, ജപ്പാൻ എന്നീ രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിലൂടെ ഇറാന്റെ നീക്കങ്ങളെ ശക്തമായി അപലപിച്ചു. കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കാനുള്ള ഉചിതമായ ശ്രമങ്ങളിൽ പങ്കാളികളാകാൻ തയ്യാറാണെന്ന് ഈ രാജ്യങ്ങൾ അറിയിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമറുടെ ഓഫീസാണ് ഇത് സംബന്ധിച്ച പ്രസ്താവന പുറത്തുവിട്ടത്. കടലിടുക്കിൽ മൈനുകൾ വിന്യസിക്കുന്നതും ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തുന്നതും ഇറാൻ ഉടൻ നിർത്തലാക്കണമെന്ന് രാജ്യങ്ങൾ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര കപ്പൽ ഗതാഗതം തടസ്സപ്പെടുത്തുന്നത് ആഗോള സമാധാനത്തിന് ഭീഷണിയാണെന്ന് ഇവർ ഓർമ്മിപ്പിച്ചു.

യുദ്ധം കാരണം തകിടം മറിഞ്ഞ ആഗോള ഊർജ്ജ വിപണിയെ സുരക്ഷിതമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി. കടലിലൂടെയുള്ള സഞ്ചാര സ്വാതന്ത്ര്യം അന്താരാഷ്ട്ര നിയമത്തിന്റെ അടിസ്ഥാന തത്വമാണെന്നും ഇറാന്റെ നടപടികൾ ലോകമെമ്പാടുമുള്ള സാധാരണക്കാരെ, പ്രത്യേകിച്ച് ദരിദ്രവിഭാഗങ്ങളെയാണ് ബാധിക്കുന്നതെന്നും പ്രസ്താവനയിൽ പറയുന്നു.

ഇറാൻ-ഇസ്രായേൽ യുദ്ധം 20 ദിവസം പിന്നിടുമ്പോൾ ഹോർമുസ് കടലിടുക്ക് ഏതാണ്ട് പൂർണ്ണമായും അടഞ്ഞുകിടക്കുകയാണ്. പത്ത് എണ്ണക്കപ്പലുകൾ ഉൾപ്പെടെ 23 ചരക്ക് കപ്പലുകൾക്ക് നേരെ ഇതുവരെ ആക്രമണമുണ്ടായി. ഹോർമുസ് തുറക്കാൻ നാറ്റോ ഉൾപ്പെടെയുള്ള സഖ്യശക്തികളുടെ സഹായം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇതിനോട് പെട്ടെന്ന് പ്രതികരിച്ചില്ലെങ്കിലും, ചർച്ചകൾക്കും ആസൂത്രണങ്ങൾക്കും തയ്യാറാണെന്ന സൂചനയാണ് ഇപ്പോൾ യൂറോപ്യൻ രാജ്യങ്ങൾ നൽകുന്നത്. ഇസ്രായേൽ-അമേരിക്കൻ ആക്രമണങ്ങൾക്ക് തിരിച്ചടിയായി ഇറാൻ നടത്തുന്ന മിസൈൽ വർഷം ഗൾഫ് മേഖലയിലെ എണ്ണ-വാതക പ്ലാന്റുകൾക്ക് വൻ നാശനഷ്ടമുണ്ടാക്കിയിട്ടുണ്ട്. ഇതാണ് ആഗോള വിപണിയിൽ ഇന്ധനവില കുതിച്ചുയരാൻ കാരണമായത്.